Ongoing News
ഇന്ത്യ-ആസ്‌ത്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ്; ടിക്കറ്റ് വില്‍പനയില്‍ അഭൂതപൂര്‍വമായ കുതിപ്പ്
2018-19ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യ ദിവസത്തെ ടിക്കറ്റ് വില്‍പ്പന മൂന്നിരട്ടിയാണെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍.
മെല്‍ബണ്‍ | മെല്‍ബണില്‍ ഈ വര്‍ഷം നടക്കുന്ന ഇന്ത്യ-ആസ്‌ത്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ ടിക്കറ്റ് വില്‍പനയില്‍ റെക്കോര്‍ഡ് കുതിപ്പ്. വന്‍തോതിലാണ് ആരാധകര്‍ ടിക്കറ്റ് വാങ്ങുന്നതെന്ന് ക്രിക്കറ്റ് ആസ്‌ത്രേലിയ വെളിപ്പെടുത്തി. 2018-19ഉമായി താരതമ്യപ്പെടുത്തുമ്പോള്‍ ആദ്യ ദിവസത്തെ ടിക്കറ്റ് വില്‍പ്പന മൂന്നിരട്ടിയാണെന്ന് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. കൊവിഡ്-19 നിയന്ത്രണങ്ങളെ തുടര്‍ന്ന് ഒരുലക്ഷത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ 30,000 പേരെ മാത്രമാണ് 2020-21ല്‍ അനുവദിച്ചിരുന്നത്. രണ്ട് മുതല്‍ നാല് വരെ ദിവസത്തെ ടിക്കറ്റ് വില്‍പ്പന ഇന്ത്യയുടെ 2018-19 ടൂറിനെക്കാള്‍ അഞ്ചര ഇരട്ടിയാണെന്നും ക്രിക്കറ്റ് ആസ്‌ത്രേലിയ വെളിപ്പെടുത്തി.
‘ അഞ്ച് ടെസ്റ്റിനുമുള്ള ടിക്കറ്റുകള്‍ അതിവേഗത്തിലാണ് വിറ്റഴിക്കപ്പെടുന്നത്. മത്സരങ്ങളെല്ലാം വീക്ഷിക്കുന്നതിന് ആരാധകര്‍ക്ക് ഞങ്ങള്‍ പ്രചോദനം പകരുകയാണ്.’- ക്രിക്കറ്റ് ആസ്‌ത്രേലിയയുടെ ഇവന്റ്‌സ് ആന്‍ഡ് ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ജോയെല്‍ മോറിസണ്‍ പറഞ്ഞു.
നവംബര്‍ 22നാണ് ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ അങ്കം ആരംഭിക്കുക. പെര്‍ത്തിലാണ് മത്സരം. അഡലെയ്ഡ്, ബ്രിസ്‌ബെയ്ന്‍, മെല്‍ബണ്‍, സിഡ്‌നി എന്നിവിടങ്ങളിലാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.