Connect with us

Ongoing News

ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റ് പരമ്പര: സവിശേഷതകള്‍, നേട്ടങ്ങള്‍, റെക്കോര്‍ഡുകള്‍

ആസ്‌ത്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന ടീം ഇന്ത്യക്ക് അഞ്ച് മത്സര പരമ്പരയില്‍ നാല് എണ്ണമെങ്കിലും ജയിച്ചാലേ 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യു ടി സി) ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കൂ.

Published

|

Last Updated

ന്യൂഡല്‍ഹി | ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇന്ത്യക്ക് എല്ലാ മത്സരങ്ങളും നിര്‍ണായകം. അഞ്ച് മത്സര പരമ്പരയില്‍ നാല് എണ്ണമെങ്കിലും ജയിച്ചാലേ 2025ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യു ടി സി) ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ ഇന്ത്യക്ക് സാധിക്കൂ. അല്ലെങ്കില്‍ മറ്റ് ടെസ്റ്റ് പരമ്പരകളിലെ ഫലങ്ങളെ ആശ്രയിച്ചാകും ടീം ഇന്ത്യയുടെ സാധ്യത.

2023ല്‍ ലണ്ടനിലെ ഓവനില്‍ നടന്ന ഡബ്ല്യു ടി സി ഫൈനലില്‍ ഇന്ത്യയെ ആസ്‌ത്രേലിയ പരാജയപ്പെടുത്തിയിരുന്നു. 2018-2019ല്‍ ആസ്‌ത്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി (ബി ജി ടി)പരമ്പര ഇന്ത്യ നേടിയിരുന്നു. 2020-21ലും വിജയം ആവര്‍ത്തിച്ചു. ഇത്തവണ കൂടി നേടാനായാല്‍ അത് ഹാട്രിക് നേട്ടമാകും.

രണ്ട് ചരിത്ര പരമ്പര വിജയത്തിലും ചില സാമ്യതകളുണ്ടായിരുന്നു. 2-1നായിരുന്നു രണ്ടിലെയും ഇന്ത്യന്‍ വിജയം. ബോക്‌സിംഗ് ഡേ ടെസ്റ്റുകളില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലും (എം സി ജി) ന്യൂ ഇയേഴ്‌സ് ഡേ ടെസ്റ്റുകളില്‍ സിഡ്‌നി ക്രിക്കറ്റ മൈതാനത്തു (എസ് സി ജി)മായിരുന്നു ഇന്ത്യന്‍ വിജയങ്ങള്‍.

ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ആസ്‌ത്രേലിയന്‍ പര്യടനം 1947 മുതല്‍ ആരംഭിച്ചതാണ്. എന്നാല്‍, പല മത്സരങ്ങളും ഇന്ത്യക്ക് അനുകൂലമായി ഭവിച്ചില്ല. അതിനാലാണ് 2019ലെയും 2021ലെയും പരമ്പര വിജയങ്ങള്‍ ഇന്ത്യന്‍ താരങ്ങളെയും ആരാധകരെയും സംബന്ധിച്ച് ഏറെ പ്രത്യേകത നിറഞ്ഞതാകുന്നത്.

ഓസീസിനെതിരായ ഗബ്ബ ടെസ്റ്റ് വിജയം രണ്ട് കാര്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു. 1988നു ശേഷം ഈ മൈതാനത്ത് ഇന്ത്യ നേടുന്ന ആദ്യ ജയമായിരുന്നു ഇത്. ഇവിടെ ജയം സ്വന്തമാക്കുന്ന ഏഷ്യയിലെ ആദ്യ ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.

നേരെ തിരിച്ച് ഇന്ത്യയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഒരു പരമ്പര വിജയം മാത്രമാണ് ആസ്‌ത്രേലിയക്ക് നേടാനായത്. 2004ലായിരുന്നു ഇത്. 1969-70 കാലത്തെ പരമ്പരയിലാണ് ഇതിനു മുമ്പ് ഓസീസിന് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കാനായിരുന്നത്.

1986ല്‍ ചെന്നൈയില്‍ നടന്ന ടെസ്റ്റ് മത്സരം ഒരു കാര്യം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരങ്ങളില്‍ സമനിലയില്‍ കലാശിച്ച ആകെ രണ്ടെണ്ണത്തില്‍ ഒന്നായിരുന്നു ഇത്.

ബോര്‍ഡര്‍ ഗവാസ്‌കര്‍ യുഗത്തില്‍ ഇന്ത്യ ആദ്യമായാണ് ആസ്‌ത്രേലിയയില്‍ ഒരു അഞ്ചു മത്സര ടെസ്റ്റ് പരമ്പര കളിക്കാനൊരുങ്ങുന്നത് എന്നതും സവിശേഷതയാണ്. 1991-92 കാലത്താണ് ഇതിനു മുമ്പ് ഓസീസിനെതിരെ അഞ്ചു മത്സര ടെസ്റ്റ് പരമ്പര കളിച്ചത്. 1996 മുതലാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പര എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. ഇരു രാജ്യങ്ങളിലെയും ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗാവസ്‌കറിന്റെയും അലന്‍ ബോര്‍ഡറിന്റെയും പേരിലാണ് പരമ്പര അറിയപ്പെടുന്നത്.

ഇന്ത്യ-ആസ്‌ത്രേലിയ ടെസ്റ്റില്‍ പിറന്ന റെക്കോര്‍ഡുകള്‍:
ആകെ മത്സരങ്ങള്‍: 107
ഇന്ത്യ വിജയിച്ചത്: 45
ആസ്‌ത്രേലിയ വിജയിച്ചത്: 32
സമനില: 29
ടൈ: 1
ഉയര്‍ന്ന റണ്‍ സ്‌കോറര്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (3,630) (ഉയര്‍ന്ന സ്‌കോര്‍: 241)
മികച്ച വ്യക്തിഗത സ്‌കോര്‍: മിഷേല്‍ ക്ലാര്‍ക്ക് (329-2012ല്‍)
കൂടുതല്‍ സെഞ്ച്വറികള്‍: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (11)
ഒരു ഇന്നിംഗ്‌സിലെ മികച്ച ബൗളിംഗ് പ്രകടനം: ജസുഭായ് പട്ടേല്‍: 69/9 (1959)
കൂടുതല്‍ വിക്കറ്റ്: നതാന്‍ ലിയോണ്‍ (121)
നായകനെന്ന നിലയില്‍ കൂടുതല്‍ മത്സരങ്ങള്‍: എം എസ് ധോണി (13 മത്സരങ്ങള്‍) (2018-2013).