National
ഇന്ത്യ - മ്യാൻമർ അതിർത്തി വഴിയുള്ള സ്വതന്ത്ര സഞ്ചാരം നിരോധിച്ച് ഇന്ത്യ
പാസ്പോർട്ടും വിസയും ഇല്ലാതെ അതിർത്തിയിൽ നിന്ന് ഇരുരാജ്യങ്ങളിലേക്കും 16 കിലോമീറ്റർ ഉള്ളിലേക്ക് വരെ സഞ്ചരിക്കാനുള്ള അനുമതിയാണ് ഇന്ത്യ റദ്ദാക്കിയത്
ന്യൂഡല്‍ഹി | ഇന്ത്യ – മ്യാൻമാർ അതിർത്തിവഴിയുള്ള പരസ്പര സ്വതന്ത്ര സഞ്ചാരം നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാസ്പോർട്ടും വിസയും ഇല്ലാതെ അതിർത്തിയിൽ നിന്ന് ഇരുരാജ്യങ്ങളിലേക്കും 16 കിലോമീറ്റർ ഉള്ളിലേക്ക് വരെ സഞ്ചരിക്കാനുള്ള അനുമതിയാണ് ഇന്ത്യ റദ്ദാക്കിയത്. ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിര്‍ത്തുന്നതിനുമാണ് സ്വതന്ത്ര സഞ്ചാരം നിരോധിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്സ് പോസ്റ്റിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ വിദേശകാര്യമന്ത്രാലയം തുടര്‍നടപടികള്‍ ആരംഭിച്ചതായി സൂചനയുണ്ട്.
മിസോറാം, മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് പരസ്പര സ്വതന്ത്ര സഞ്ചാര അനുമതി ഉണ്ടായിരുന്നത്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് പോളിസിയുടെ ഭാഗമായി 2018ലാണ് ഇത് നടപ്പിലാക്കിയത്.
1,643 കിലോമീറ്റർ നീളമുള്ള ഇന്ത്യ-മ്യാൻമർ അതിർത്തി മുഴുവൻ വേലികെട്ടാൻ ഇന്ത്യ തീരുമാനിച്ചതായി ഷാ പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. അതിർത്തിയിൽ വേലി കെട്ടണമെന്നത് ഇംഫാൽ താഴ്‌വര ആസ്ഥാനമായുള്ള മെയ്തേയ് വിഭാഗത്തിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.