Kerala
ഇന്ത്യ ഇന്ത്യക്കാരായ എല്ലാ വിഭാഗം ജനങ്ങളുടേതും: ഡോ. ശശി തരൂർ
അന്യമത നിന്ദയും അസഹിഷ്ണുതയും ഭാരതത്തിന്റെ പാരമ്പര്യമോ, പൈതൃകമോ അല്ലെന്നും തരൂർ
തിരുവനന്തപുരം സൈത്തൂര്‍ അക്കാദമി സംഘടിപ്പിച്ച ഇന്‍സൈറ്റ് കോണ്‍-24 ഡോ. ശശിതരൂര്‍ എം പി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം | ഇന്ത്യ ഇന്ത്യക്കാരായ എല്ലാ വിഭാഗം ജനങ്ങളുടേതുമാണെന്ന് ഡോ. ശശി തരൂര്‍ എം പി. ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗങ്ങളില്‍ സ്വാതന്ത്യാനന്തരം രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും അതിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ എല്ലാര്‍വര്‍ക്കുമാകണമെന്നും അദ്ദേഹം പറഞ്ഞു. സൈത്തൂണ്‍ അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്‍സൈറ്റ് കോണ്‍-24 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്യമത നിന്ദയും അസഹിഷ്ണുതയും ഭാരതത്തിന്റെ പാരമ്പര്യമോ, പൈതൃകമോ അല്ല. ഇത് മനസ്സിലാക്കി ഒരുമയോടെ ജീവിക്കുമ്പോഴാണ് രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കുകയെന്നും ഡോ. തരൂർ പറഞ്ഞു.
എം. അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സിദ്ധീഖ് സഖാഫി നേമം ആമുഖ പ്രഭാഷണം നടത്തി. ഡോ. ഉമര്‍ ഫാറൂഖ് സഖാഫി പദ്ധതി അവതരണം നടത്തി. ആലംകോട് ഹാഷിം മുസ്‌ലിയാര്‍, മുഹമ്മദ് സിയാദ് കളിയിക്കാവിള, ജാബിര്‍ ഫാളിലി നടയറ, സനൂജ് വഴിമുക്ക്, മുഹമ്മദ് റാഫി നെടുമങ്ങാട്, എം അബുല്‍ ഹസന്‍, സാബിര്‍ സൈനി എന്നിവര്‍ പ്രസംഗിച്ചു.
വിവിധ രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച അഡ്വ. എ.എ റഷീദ് (സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍), നാസര്‍ നെല്ലോളിക്കണ്ടി (പ്രവാസി വ്യവസായി), എം.കെ നാസര്‍ (തിരുവനന്തപുരം യത്തീംഖാന പ്രസിഡന്റ്), ഷിബു അബൂബക്കര്‍ (വ്യവസായി), എ.എസ് ഉസ്മാന്‍ (ബിസിനസ്), എ.സൈഫുദ്ധീന്‍ ഹാജി (സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം), ഒ.എം.എ റഷീദ് (ടൂറിസം-വ്യവസായം), ഷിബു അബൂസാലി (ആര്‍ക്കിടെക്ട്), ഷാഫി സഅദി (കര്‍ണാടക വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍) എന്നിവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.
നിര്‍ദ്ധന കുടുംബത്തിനായി നിര്‍മ്മിച്ച സാന്ത്വന ഭവനത്തിന്റെ താക്കോല്‍ ചടങ്ങില്‍ ഡോ.ശശി തരൂര്‍ കൈമാറി.