Connect with us

latha mangeshkar

വാനമ്പാടിക്ക് വിട നൽകി രാജ്യം

ഭൗതികദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു.

Published

|

Last Updated

മുംബൈ |  പ്രായം തളര്‍ത്താത്ത മധുരശബ്ദത്തിനുടമയും ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്ന ലതാ മങ്കേഷ്‌കര്‍ക്ക് രാജ്യം പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട നൽകി. മുംബൈ ശിവാജി പാർക്കിലായിരുന്നു അന്ത്യകർമങ്ങൾ.  വൈകിട്ട് ആറിന് ശേഷം ആരംഭിച്ച അന്ത്യകർമങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി, മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉപമുഖ്യമന്ത്രി അജിത് പവാർ, കേന്ദ്രമന്ത്രിമാർ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള സിനിമാ, സാംസ്കാരിക, കായിക മേഖലകളിലെ പ്രമുഖർ, പൊതുജനങ്ങൾ അടക്കമുള്ളവർ സാക്ഷികളായി. ഭൗതികദേഹത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. പ്രഭുകുഞ്ചിലെ വസതിയിൽ നിന്ന് വിലാപയാത്രയായാണ് ഭൗതിക ദേഹം ശിവാജി പാർക്കിലെത്തിച്ചത്. തെരുവോരങ്ങളിൽ ജനസഞ്ചയം അവരെ യാത്രയാക്കാനെത്തിയിരുന്നു.

മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാല്‍ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് 1.10ഓടെ ലതയുടെ മൃതദേഹം പ്രഭുകുഞ്ചിലെ വീട്ടിലെത്തിച്ചു. ഇവിടെ നിരവധി പേർ അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

മലയാളമടക്കം മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.

1929 സെപ്റ്റംബര്‍ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതയുടെ ജനനം. സംഗീത സംവിധായകന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികര്‍, ഗായിക ഉഷാ മങ്കേഷ്‌കര്‍, ഗായിക ആഷാ ഭോസ്ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങള്‍.

 

Latest