Malappuram
നിലമ്പൂര്‍ തേക്കില്‍ നിര്‍മിച്ച ബുള്ളറ്റിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്
നിലമ്പൂര്‍ | നിലമ്പൂര്‍ തേക്കില്‍ നിര്‍മിച്ച ബുള്ളറ്റിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്. കരുളായി സ്വദേശിയായ കണ്ടാലപ്പറ്റ ജിതിന്‍ 2017 മുതല്‍ 2019 ഡിസംബര്‍ വരെയുള്ള രണ്ടര വര്‍ഷം കൊണ്ട് തേക്കില്‍തീര്‍ത്ത റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനാണ് അംഗീകാരം തേടിയെത്തിയത്.
രണ്ട് മാസം മുമ്പാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിനായി ജിതിന്‍ മെയില്‍ ചെയ്തത്. ജൂറി ആവശ്യപ്പെട്ട വീഡിയോകളും ചിത്രങ്ങളും അയച്ച് കൊടുത്തിരുന്നു. 20 ദിവസം മുമ്പാണ് റെക്കോര്‍ഡിന് തിരഞ്ഞെടുത്തുള്ള സന്ദേശം ലഭിച്ചത്. കഴിഞ്ഞദിവസം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ സാക്ഷ്യപത്രവും മെഡലും ഉള്‍പ്പെടെയുള്ളവ ജിതിന് ലഭിച്ചു.
ചെറുപ്പം മുതലെ ബുള്ളറ്റിനോട് വലിയ കന്പമാണ്. അങ്ങനെയാണ് നിലമ്പൂര്‍ തേക്കില്‍ ഒരു ബുള്ളറ്റ് നിര്‍മിക്കാമെന്ന ആശയം ഉയര്‍ന്നത്. ഇലക്ട്രീഷ്യനായ ജിതിന്‍ മമ്പാടുള്ള മരത്തില്‍ കൊത്തുപണി ചെയ്യുന്ന ജോലി ഒരു വര്‍ഷം ചെയ്തുള്ള അറിവ് വെച്ച് നിര്‍മാണം തുടങ്ങി.
ആദ്യം നിര്‍മാണത്തിനായി വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് തേക്കുമരങ്ങള്‍ വെട്ടി പരുവപ്പെടുത്തി. എന്നാല്‍ മരം തികയാതെ വന്നതോടെ വണ്ണം കൂടിയ മരക്കഷ്ണങ്ങള്‍ വിലകൊടുത്തും വാങ്ങി. ജോലി കഴിഞ്ഞെത്തുന്ന സമയങ്ങളിലും ഒഴിവ് സമയങ്ങളിലുമായിരുന്നു തേക്ക് ബുള്ളറ്റിന്റെ നിര്‍മാണം.
മരത്തിന്റെ ചെലവ് കൂടാതെ മരമില്ല്, പോളിഷിംഗ്, ഫിറ്റിംഗ് സാധനങ്ങള്‍ എന്നിവക്കായി 80,000 രൂപയാണ് ചെലവ് വന്നത്. നിര്‍മാണം പൂര്‍ത്തീകരിച്ച ജിതിന് വന്‍ ഓഫുകളുമായി പലയാളുകളുമെത്തിയെങ്കിലും ബുള്ളറ്റ് നല്‍കാന്‍ ജിതിന്‍ തയ്യാറായിരുന്നില്ല. രാധാകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകനാണ് ജിതിന്‍. ശിബിദയാണ് ഭാര്യ.