india buys pegasus spy software
ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യ പെഗാസസ് വാങ്ങി: ന്യൂയോര്‍ക്ക് ടൈംസ്
2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചപ്പോള്‍ കരാര്‍ ഒപ്പുവെച്ചു
ന്യൂഡല്‍ഹി | ഇന്ത്യ ഇസ്‌റാഈലില്‍ നിന്ന് പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ വാങ്ങിയതായി ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചപ്പോഴായായിരുന്നു കരാര്‍ ഉറപ്പിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 2017ല്‍ ഇന്ത്യയും ഇസ്‌റാഈലുമായി പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. ആയുധങ്ങള്‍ വാങ്ങാനുള്ള ഈ കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
ഇസ്‌റാഈലില്‍ ആദ്യമായി സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്രമോദി. വലിയ സ്വീകരണമായിരുന്നു അദ്ദേഹത്തിന് ഇസ്‌റാഈല്‍ ഒരുക്കിയിരുന്നത്. ഇതിനിടെയാണ് ഇത്തരം ഒരു പ്രതിരോധ കരാറിലെത്തിയത്.
പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയ നിരവധി പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണുമണ്ട്. പാര്‍ലിമെന്റില്‍ വലിയ പ്രതിപക്ഷ ബഹളത്തിന് ഇത് ഇടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇന്ത്യ ഇസ്‌റാഈലില്‍ നിന്ന് പെഗാസസ് വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാര സോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.