India-Canada crisis
ഇന്ത്യ-കാനഡ പ്രതിസന്ധി; കാനഡയിലേക്ക് കുടിയേറിയവരും ഇന്ത്യന്‍ വിദ്യാര്‍ഥികളും ആശങ്കയില്‍
പ്രശ്‌നം പരിഹരിക്കാന്‍ നയതന്ത്ര നീക്കം ശക്തം
ന്യൂഡല്‍ഹി | കാനഡക്കെതിരെയുള്ള നീക്കം ഇന്ത്യ ശക്തമാക്കിയതോടെ ഇന്ത്യ-കാനഡ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാന്‍ നയതന്ത്ര അണിയറ നീക്കങ്ങളും ശക്തമാണെങ്കിലും കാനഡയിലേക്ക് കുടിയേറിയവരും ഇന്ത്യന്‍ വിദ്യാര്‍ഥികളും ആശങ്കയില്‍ലാണ്.
20 ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ കാനഡയിലുണ്ട്. മലയാളികള്‍ അടക്കം 75,000 പേര്‍ എല്ലാ വര്‍ഷവും കാനഡയിലേക്ക് കുടിയേറുന്നുണ്ട്. കാനഡയില്‍ പഠനത്തിനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം വഷളാകുന്നത് കാനഡയിലേക്ക് കുടിയേറിയവരേയും ഇതിനായി കാത്തിരിക്കുന്നവരേയും ആശങ്കയിലാക്കിയിട്ടുണ്ട്. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ തര്‍ക്കം കാനഡയിലേക്കും തിരിച്ചുമുള്ള സഞ്ചാരത്തേയും ബാധിച്ചേക്കാം.
തര്‍ക്കം മുറുകുന്നതിനിടെ കാനഡയില്‍ കഴിയുന്നവരടക്കം ഖലിസ്ഥാന്‍ ഭീകരര്‍ക്കെതിരായ നടപടികള്‍ എന്‍ ഐ എ വേഗത്തിലാക്കി. വിവിധ കേസുകളില്‍ പ്രതികളായ കാനഡ ബന്ധമുള്ള ഖലിസ്ഥാന്‍ തീവ്രവാദികളുടെയും ഗുണ്ടാ നേതാക്കളുടെയും പട്ടിക ഇന്ത്യ പുറത്തുവിട്ടു. ഭീകരവാദ കേന്ദ്രങ്ങളുമായും ഗുണ്ടാ സംഘങ്ങളുമായും ബന്ധമുള്ള 43 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഇവരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ പൊതുജനങ്ങളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. പഞ്ചാബ് കേന്ദ്രീകരിച്ച് വിവിധ കേസുകളില്‍ പ്രതികളായ അഞ്ചു ഖലിസ്ഥാന്‍ ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പത്തു ലക്ഷം രൂപയാണ് ബബര്‍ കല്‍സ എന്ന സംഘടനയിലെ അംഗങ്ങളായ ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക.
ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ എത്തിയതു മുതല്‍ കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ ദൃശ്യമായിരുന്നു. ന്യൂനപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ട്രൂഡോ തീവ്ര സിഖ് നിലപാടുള്ള ജഗ്മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ആശ്രയിച്ചാണു ഭരണത്തില്‍ തുടരുന്നത്. ജഗ്മീത് സിംഗിനെയും ഇന്ത്യ വിരുദ്ധ സംഘടനകളെയും അധികാരത്തിനു വേണ്ടി ട്രൂഡോ പിന്തുണയ്ക്കുന്നുവെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. ജി20 ഉച്ചകോടിക്കെത്തിയ ജസ്റ്റിന്‍ ട്രൂഡോയോട് ഇക്കാര്യം നരേന്ദ്ര മോദി നേരിട്ട് സൂചിപ്പിച്ചിരുന്നു. ഭീകരവാദത്തെ അനുകൂലിക്കുന്ന ട്രൂഡോയുടെ നിലപാട് പ്രധാന രാജ്യങ്ങളെ ഇന്ത്യ ബോധ്യപ്പെടുത്തും. ട്രൂഡോയുടെ നിലപാട് നിരീക്ഷിച്ച ശേഷമാകും കടുത്ത നടപടികളിലേക്ക് ഇന്ത്യ കടക്കുക.