Connect with us

Editorial

ഇന്ത്യ- കാനഡ നയതന്ത്ര യുദ്ധം

ഇന്ത്യയുടെ പ്രതികരണം അമിതമാണെന്ന് ആർക്കും പറയാനാകില്ല. സ്വന്തം പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യുകയും തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്പോൾ ശക്തമായ മറുപടി കൊടുത്തേ തീരൂ. എന്നാൽ ഉഭയകക്ഷി തർക്കങ്ങളെ കൂടുതൽ സംയമനത്തോടെ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ഇന്ത്യക്കുണ്ട്.

Published

|

Last Updated

ഇന്ത്യ- കാനഡ ബന്ധം ഏറ്റവും മോശമായ നിലയിലേക്ക് അധഃപതിച്ചിരിക്കുന്നു. നയതന്ത്ര യുദ്ധമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വാക്കുകളും നടപടികളുമാണ് ഇരുപക്ഷവും പുറത്തെടുക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഖാലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ സർക്കാർ ആവർത്തിച്ച് ആരോപിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമക്ക് നിജ്ജാർ വധവുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണം വരെ കാനഡ മുന്നോട്ട് വെച്ചു. ഇതിന് പിറകേ ജസ്റ്റിൻ ട്രൂഡോയെ നേരിട്ട് കടന്നാക്രമിക്കുന്ന പ്രസ്താവനയുമായി ഇന്ത്യ രംഗത്ത് വരികയും ചെയ്തു. “സങ്കുചിതമായ വോട്ടുബേങ്ക് രാഷ്ട്രീയമാണ് ട്രൂഡോ സർക്കാർ കളിക്കുന്നത്. അബദ്ധജടിലമായ ആരോപണങ്ങളെ ഇന്ത്യ ശക്തിയായി തള്ളിക്കളയുന്നു. കഴിഞ്ഞ വർഷം സെപ്തംബർ 23ന് ട്രൂഡോ ചില ആരോപണങ്ങൾ ഉയർത്തിയിരുന്നുവെങ്കിലും പലതവണ അപേക്ഷിച്ചിട്ടും അതിനെ സാധൂകരിക്കുന്ന തെളിവിന്റെ ഒരംശം പോലും കൈമാറിയിട്ടില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം തീവ്രവാദികളും വിഘടനവാദികളുമായവർ അദ്ദേഹത്തിന്റെ മന്ത്രിസഭയിലുണ്ട്’- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയുടെ രത്‌നച്ചുരുക്കമിതാണ്. ഇതിന് പിറകേ ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയും തിരിച്ചുവിളിച്ചും ബന്ധവിച്ഛേദനത്തിന്റെ അടയാളങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. ഇന്ത്യക്കെതിരെ ഉപരോധത്തിലേക്ക് കാനഡ നീങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ വാർത്ത. സാമ്പത്തിക, വ്യവസായ താത്പര്യങ്ങളിൽ ഈ ബന്ധവിച്ഛേദനം എത്ര ആഴത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്നത് മാത്രമാണ് ഇനി കാണാനുള്ളത്.

നിജ്ജാർ ആരോപണങ്ങൾ ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ ഒരു ഘടകം മാത്രമാണ്. ഖാലിസ്ഥാൻ തീവ്രവാദത്തോട് കാനഡ പുലർത്തുന്ന സമീപനമാണ് അടിസ്ഥാന പ്രശ്‌നം. ഈ വിഷയത്തെച്ചൊല്ലി ഒരു ദശകമായി ഇരുരാജ്യങ്ങളും അകന്നുകൊണ്ടേയിരിക്കുകയാണ്. 2015 മുതൽ പ്രധാനമന്ത്രി കസേരയിൽ തുടരുന്ന, ഒരു ഊഴം കൂടി ഭരണത്തിൽ തുടരാൻ കിണഞ്ഞുശ്രമിക്കുന്ന ട്രൂഡോ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് കരുക്കൾ നീക്കുന്നത്. എട്ട് ലക്ഷം വരുന്ന സിഖ് ജനത കാനഡയിലെ പ്രബല ന്യൂനപക്ഷമാണ്. ട്രൂഡോയുടെ പ്രധാന വോട്ടുബേങ്കാണ് അവർ. 1985ൽ 300ലധികം പേരുടെ മരണത്തിനിടയാക്കിയ കനിഷ്‌ക വിമാന അട്ടിമറിയിൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ പങ്ക് തെളിഞ്ഞിട്ടും ഈ ആശയം പേറുന്ന ഗ്രൂപ്പുകളുമായി ബന്ധം ഉപേക്ഷിക്കാൻ കാനഡയിലെ ലിബറൽ പാർട്ടി നേതൃത്വം തയ്യാറായിട്ടില്ല. ജഗ്മീത് സിംഗ് അടക്കമുള്ളവരുമായി ജസ്റ്റിൻ ട്രൂഡോ രാഷ്ട്രീയ പങ്കാളിത്തം തുടരുകയാണ്. ഇന്ത്യയിൽ പ്രത്യേക സിഖ് രാജ്യത്തിനായുള്ള സായുധ നീക്കങ്ങളെ ദുർബലമാക്കാൻ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് നടന്ന അതിശക്തമായ നടപടികളിലൂടെ സാധിച്ചിട്ടുണ്ട്. അതിന് ഇന്ദിരയുടെ ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നതിന്റെ ചരിത്രവും മുന്നിലുണ്ട്. ഇപ്പോൾ ഖാലിസ്ഥാൻവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതും അതിന് ഫണ്ട് ചെയ്യുന്നതും കനേഡിയൻ മണ്ണിൽ നിന്നാണ്. കഴിഞ്ഞ വർഷം, ഇന്ദിരാ വധം പുനരാവിഷ്‌കരിക്കുന്ന ഫ്‌ളോട്ടുമായി കനേഡിയൻ നഗരമായ ബ്രാംപ്ടണിൽ ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ ഘോഷയാത്ര നടത്തിയിരുന്നു. ഖാലിസ്ഥാൻ അനുകൂല, ഇന്ത്യാവിരുദ്ധ മുദ്രാവാക്യം ഉയർന്ന വേദിയിൽ ട്രൂഡോ ഉണ്ടായിട്ടും വിലക്കിയില്ല. അദ്ദേഹം 2018ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ, ഖാലിസ്ഥാൻവാദികൾക്ക് ഫണ്ട് നൽകുന്ന വ്യവസായി അദ്ദേഹത്തോടൊപ്പം വിരുന്നിൽ പങ്കെടുത്തുവെന്ന ചരിത്രവുമുണ്ട്.
ഇന്ത്യയിൽ കൊലപാതകം അടക്കമുള്ള കുറ്റങ്ങളിൽ പ്രതിയാണ് നിജ്ജാർ.

ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് 2016ൽ നിജ്ജാറിനെ കനേഡിയൻ പോലീസ് ചോദ്യം ചെയ്യുകയും ബേങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു. വിമാനയാത്രക്ക് അനുമതിയില്ലാത്തവരുടെ ലിസ്റ്റിൽ നിജ്ജാറിനെ കാനഡ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നിട്ടും നിജ്ജാറിന്റെ ഒന്നാം ചരമവാർഷികത്തിൽ കനേഡിയൻ പാർലിമെന്റ്ഒരുമിനുട്ട് മൗനം ആചരിച്ച് ഉപചാരമർപ്പിക്കുകയുണ്ടായി. ഇന്ത്യൻ എംബസിക്കും കോൺസുലാർ സർവീസിനും നേരെ നിരവധി തവണ ഭീഷണിയുണ്ടായി. കഴിഞ്ഞ ജൂണിൽ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ നിലനിൽപ്പിന് സിഖ് പിന്തുണ അനിവാര്യമായതിനാൽ ട്രൂഡോ ഭരണകൂടത്തിന് ഇതൊന്നും തള്ളിപ്പറയാൻ സാധിക്കുന്നില്ല. ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിട്ടും ഫലപ്രദമായ നടപടികളിലേക്ക് കാനഡ നീങ്ങുന്നില്ല. അതുകൊണ്ട് ഇന്ത്യയുടെ പ്രതികരണം അമിതമാണെന്ന് ആർക്കും പറയാനാകില്ല. സ്വന്തം പരമാധികാരവും അന്തസ്സും ചോദ്യം ചെയ്യുകയും തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്പോൾ ശക്തമായ മറുപടി കൊടുത്തേ തീരൂ. ഖാലിസ്ഥാൻവാദികളെ പാലൂട്ടി വളർത്തുന്നത് തങ്ങൾക്ക് തന്നെ ഭീഷണിയാണെന്ന് കാനഡ മനസ്സിലാക്കണം. ഇന്ത്യയിലെ സിഖ് നേതൃത്വം കനേഡിയൻ ഖാലിസ്ഥാൻ ഗ്രൂപ്പുകളെ തള്ളിപ്പറയാൻ തയ്യാറാകുകയും വേണം.

ഉഭയകക്ഷി തർക്കങ്ങളെ കൂടുതൽ സംയമനത്തോടെ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യക്കുണ്ട്. സ്വന്തം വാണിജ്യ, സാമ്പത്തിക താത്പര്യങ്ങൾക്ക് പരുക്കേൽക്കാതെ നോക്കുകയും വേണം. പരസ്പരാശ്രിത ലോകത്ത് ബന്ധവിച്ഛേദനത്തിന്റെ വഴിയല്ല തിരഞ്ഞെടുക്കേണ്ടത്.
വിദ്യാഭ്യാസം, തൊഴിൽ, സംരംഭകത്വം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യക്കാരുടെ ഇഷ്ട കേന്ദ്രമായി മാറിക്കഴിഞ്ഞ കാനഡയിലെ സാധ്യതകളെ പുതിയ പ്രതിസന്ധി ബാധിക്കാതെ നോക്കണമല്ലോ. നാല് ലക്ഷം വിദ്യാർഥികളെയെങ്കിലും പ്രതിസന്ധി നേരിട്ട് ബാധിക്കുമെന്നാണ് റിപോർട്ട്. ഉയർന്ന നിലവാരമുള്ള സംരംഭകരെ ആകർഷിക്കുന്ന കാനഡയുടെ സ്റ്റാർട്ട്- അപ്പ് വിസ പ്രോഗ്രാം ഇന്ത്യൻ യുവാക്കളുടെ പ്രതീക്ഷകളിലൊന്നാണ്. ഇന്ത്യയിലും കാനഡയിലും നിക്ഷേപം നടത്തിയവരുടെയും തൊഴിൽ തേടിയവരുടെയും പഠിക്കാൻ പോയവരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും തയ്യാറാകണം. അതിദേശീയത കത്തിച്ച് നിർത്തുന്നത് ആർക്കും ഗുണം ചെയ്യില്ല. പക്വത ബലഹീനതയല്ല.

Latest