Ongoing News
ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; അമ്പെയ്ത്തിൽ സ്വർണം
35 കിലോമീറ്റർ റേസ് വാക്ക് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം
ഹാങ്ചൗ | ഏഷ്യൻ ഗെയിംസിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യൻ താരങ്ങൾ മെഡൽ കൊയത്ത് തുടരുന്നു. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ ഇന്ത്യ ഇന്ന് സ്വർണം നേടി. ജ്യോതി വെണ്ണം, ഓജസ് ഡിയോട്ടാലെ എന്നിവരടങ്ങിയ ടീമിനാണ് മെഡൽ നേട്ടം. 159-158 എന്ന സ്‌കോറിന് കൊറിയൻ ജോഡിയെ പരാജയപ്പെടുത്തിയാണ് ജ്യോതി-ഓജസ് ഡിയോട്ടാലെ സഖ്യം സ്വർണം നേടിയത്.
35 കിലോമീറ്റർ റേസ് വാക്ക് മിക്സഡ് ടീം ഇനത്തിലും ഇന്ത്യക്ക് ഇന്ന് മെഡലുണ്ട്. മഞ്ജു റാണിയുടെയും രാം ബാബുവിന്റെയും മികവിൽ ഈ ഇനത്തിൽ ഇന്ത്യ വെങ്കലം സ്വന്തമാക്കി.
ഇന്ന് നടക്കുന്ന ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഇറങ്ങുന്നുണ്ട്. പാകിസ്ഥാൻ ഗുസ്തി താരം അർഷാദ് നദീം ഏഷ്യൻ ഗെയിംസിൽ നിന്ന് പുറത്തായതിനാൽ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര മെഡൽ നേടുമെന്ന് ഉറപ്പാണ്.
ഇന്ന് രണ്ട് മെഡലുകൾ കൂടി നേടിയതോടെ ഏഷ്യൻ ഗെയിംസിൽ ഇതുവരെ നേടിയ മെഡലുകളുടെ എണ്ണത്തിൽ ഇന്ത്യ പുതിയ റെക്കോർഡിട്ടു. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആകെ 70 മെഡലുകളാണ് നേടിയിരുന്നത്. ഇന്നത്തെ മെഡൽ നേട്ടത്തോടെ ഇന്ത്യ ഇത് മറികടന്നു. 16 സ്വർണം ഉൾപ്പെടെ 72 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്.
2018ൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകളാണ് ജക്കാർത്തയിൽ നേടിയത്. 1951ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 15 സ്വർണം നേടിയിരുന്നു.