Connect with us

National

നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ വേഗത്തില്‍ പിന്‍വലിക്കാന്‍ ഇന്ത്യ-ചൈന ധാരണ

പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് യി ജിന്‍പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ. ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്.

Published

|

Last Updated

ന്യൂഡല്‍ഹി | നിയന്ത്രണ രേഖയില്‍ നിന്ന് ത്വരിതഗതിയിലുള്ള സൈനിക പിന്മാറ്റത്തിന് ഇന്ത്യ-ചൈന ധാരണ. കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ വേഗത്തില്‍ പിന്‍വലിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് യി ജിന്‍പിങും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ധാരണ. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും തമ്മില്‍ കണ്ടത്.

നിയന്ത്രണ രേഖയില്‍ നിന്ന് സൈനികരെ വേഗത്തില്‍ പിന്‍വലിക്കാന്‍ ബന്ധപ്പെട്ട മേധാവികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.

സംഘര്‍ഷം നിലനില്‍ക്കുന്ന കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ 2020 ജൂണില്‍ ഇരു സൈന്യങ്ങളും മുഖാമുഖം വരികയും സ്ഥിതി രൂക്ഷമാവുകയും ചെയ്തിരുന്നു.

നിയന്ത്രണ രേഖയില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന പ്രശ്‌നങ്ങളില്‍ ഇന്ത്യയുടെ ആശങ്ക പ്രധാന മന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയില്‍ പ്രകടിപ്പിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ബ്രിക്‌സിലെ മറ്റ് നേതാക്കന്മാരുമായും പ്രധാന മന്ത്രി ചര്‍ച്ച നടത്തിയതായും വിനയ് ക്വാത്ര അറിയിച്ചു.

‘അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി നിയന്ത്രണ രേഖാ ചട്ടങ്ങളെ മാനിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാധാരണ നിലയിലാക്കുന്നതിന് അനിവാര്യമാണെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സൈനിക പിന്മാറ്റത്തിനുള്ള നിര്‍ദേശം മേധാവികള്‍ക്ക് നല്‍കാന്‍ നേതാക്കള്‍ തമ്മില്‍ ധാരണയിലെത്തുകയായിരുന്നു.’- ക്വാത്ര പറഞ്ഞു.

ഇന്ത്യ-ചൈന 19ാം വട്ട സൈനിക കമാന്‍ഡര്‍ തല ചര്‍ച്ച ഇക്കഴിഞ്ഞ 13, 14 തീയ്യതികളില്‍ ചുഷുല്‍-മോള്‍ഡോ അതിര്‍ത്തിയില്‍ നടന്നതായും നിയന്ത്രണ രേഖയിലെ വടക്കന്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ക്രിയാത്മകവും സൃഷ്ടിപരവുമായ ചര്‍ച്ചകളാണ് കൂടിക്കാഴ്ചയിലുണ്ടായതെന്നും വിദേശ മന്ത്രാലയം വെളിപ്പെടുത്തി.

 

Latest