National
യുക്രൈനില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഇന്ത്യയും ചൈനയും
വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ മൂന്ന് മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടെയാണ് വിഷയം ഉയര്‍ന്നത്.

ന്യൂഡല്‍ഹി | യുക്രൈന്‍ പ്രതിസന്ധിയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന കാര്യത്തില്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി. സംഘര്‍ഷം കുറയ്ക്കുന്നതിന് യുദ്ധം ചെയ്യുന്ന രാജ്യങ്ങള്‍ നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത ഇരു രാജ്യങ്ങളും പങ്കുവെച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ മൂന്ന് മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടെയാണ് വിഷയം ഉയര്‍ന്നത്.
യുക്രൈനിലെ സാഹചര്യം, അനുബന്ധ സംഭവവികാസങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചൈനയുടെ കാഴ്ചപ്പാട് വാങ് യിയും ഇന്ത്യയുടെ കാഴ്ചപ്പാട് താനും അവതരിപ്പിച്ചതായി ജയശങ്കര്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്രത്തിനും സംഭാഷണത്തിനും മുന്‍ഗണന നല്‍കണമെന്നതാണ് ഇരു രാജ്യങ്ങളുടെയും പൊതുനിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് തുടക്കം മുതല്‍ തന്നെ ഉറച്ചതും സ്ഥിരതയുള്ളതുമാണെന്ന് ജയശങ്കര്‍ ഇന്നലെ പാര്‍ലിമെന്റില്‍ വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയിലൂടെ സംഘര്‍ഷത്തിന് പരിഹാരം തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. റഷ്യന്‍ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു.
ചൈനയ്ക്കും റഷ്യയുമായി അടുത്ത ബന്ധമുണ്ട്. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന് യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് റഷ്യയെ സഹായിക്കാനുള്ള സന്നദ്ധത ചൈന സൂചിപ്പിക്കുന്നു.