Connect with us

From the print

ഇന്ത്യ- ചൈന ധാരണ; നിയന്ത്രണരേഖയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കും

പട്രോളിംഗില്‍ ക്രമീകരണം.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തി. അതിര്‍ത്തിയിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍ എ സി) പട്രോളിംഗ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ചൈനീസ് ഉദ്യോഗസ്ഥരുമായി നയതന്ത്ര, സൈനിക തലങ്ങളില്‍ നടത്തിയ വിപുലമായ ചര്‍ച്ചകളുടെ ഫലമാണ് കരാര്‍. 2020 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പിരിമുറുക്കം പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ സൈനിക മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തതായും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവും ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളടക്കം വാര്‍ത്താസമ്മേളനത്തിനിടെ വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു.

2020 ജൂണില്‍ അക്രമാസക്തമായ ഏറ്റുമുട്ടല്‍ നടന്നുവെന്നും ഇത് ഇരുവശത്തും നാശനഷ്ടങ്ങളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഈ കരാര്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തി തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാനും സൈനിക ഏറ്റുമുട്ടലുകള്‍ തടയാനും ശ്രമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രശ്നം പരിഹരിക്കപ്പെടാത്ത സ്ഥലങ്ങള്‍ നിലവിലുണ്ടെന്നും മിസ്രി പറഞ്ഞു. ഇന്ന് മുതല്‍ ഈ മാസം 24 വരെ നടക്കുന്ന 16ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനിലേക്ക് തിരിക്കുന്നതിന് മുമ്പാണ് അതിര്‍ത്തിപ്രശ്നത്തില്‍ കരാറിലെത്തിയതായി ഇന്ത്യ അറിയിച്ചത്.