International
ഖലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ് ദല്ലയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ഇന്ത്യ; കാനഡയില്‍ നിന്ന് കൈമാറി കിട്ടാന്‍ ശ്രമം ഊര്‍ജിതമാക്കി
ദല്ലയെ കൈമാറണമെന്ന് കാനഡയോട് അഭ്യര്‍ഥിക്കും. കാനഡ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍.
ന്യൂഡല്‍ഹി | കാനഡയില്‍ അറസ്റ്റിലായ ഖലിസ്ഥാന്‍ ഭീകര പ്രവര്‍ത്തകന്‍ അര്‍ഷ് ദീപ് സിങ് എന്ന അര്‍ഷ് ദല്ലയെ കൈമാറി കിട്ടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഇന്ത്യ. ദല്ലയെ കൈമാറണമെന്ന് കാനഡയോട് അഭ്യര്‍ഥിക്കും. കാനഡ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് അറസ്റ്റ് സ്ഥിരീകരിച്ചു കൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഒക്ടോബര്‍ 28ന് ഒന്‍ടാറിയോവില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ദല്ലയെ അറസ്റ്റ് ചെയ്തത്. വിവരം കാനഡ പോലീസ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ അറിയിക്കുകയായിരുന്നു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ ചീഫായ ദല്ല, കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ പിന്‍ഗാമിയായാണ് അറിയപ്പെടുന്നത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരെ 50 ക്രിമിനല്‍ കേസുകളുണ്ട്. കൊലപാതകം, വധശ്രമം, കൊള്ള, ഭീകരവാദം, ഭീകരവാദത്തിന് സാമ്പത്തിക സഹായം ചെയ്യല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. പഞ്ചാബ് പോലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2023ല്‍ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തു.