Connect with us

indian evacuation in ukraine

ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ ബന്ദികളാക്കിയെന്ന റഷ്യന്‍ ആരോപണം നിഷേധിച്ച് ഇന്ത്യ

ഒരു വിദ്യാര്‍ഥിയെയും പിടിച്ചുവെച്ചതായുള്ള റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | ഖാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കിയിരിക്കുയാണെന്ന റഷ്യന്‍ ആരോപണം നിഷേധിച്ച് ഇന്ത്യ. ഒരു വിദ്യാര്‍ഥിയെയും പിടിച്ചുവെച്ചതായുള്ള റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

ഖാര്‍കീവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥികളെ എത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ ക്രമീകരിക്കാന്‍ യുക്രൈന്‍ അധികൃതരോട് തങ്ങള്‍ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഖാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി വെച്ചിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ആരോപിച്ചത്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവില്‍ റഷ്യന്‍ ആക്രമണം ശക്തമായ പശ്ചാത്തലത്തിലാണിത്. യുക്രൈന്‍ വിട്ട് ബെല്‍ഗൊറോദിലേക്ക് പോകാനിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വലിയൊരു സംഘത്തെ യുക്രൈന്‍ അധികൃതര്‍ ബലംപ്രയോഗിച്ച് പിടിച്ചുവെച്ചിരിക്കുന്നതായാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് റഷ്യന്‍ സൈനിക വക്താവ് പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് എല്ലാ നടപടികളും സ്വീകരിക്കാന്‍ റഷ്യന്‍ സേന സജ്ജമാണെന്നും തങ്ങളുടെ സൈനിക വിമാനങ്ങളിലോ ഇന്ത്യന്‍ വിമാനങ്ങളിലോ റഷ്യന്‍ പ്രദേശത്ത് നിന്ന് നാട്ടിലേക്ക് അയക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സൈനിക വക്താവ് അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു.

ഇതിന് ശേഷം, ഖാര്‍കീവില്‍ കുടുങ്ങിക്കിടന്ന ഇന്ത്യൻ പെണ്‍കുട്ടികളെ റഷ്യന്‍ സഹായത്തോടെ ട്രെയിനില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുണ്ട്. 20 മണിക്കൂര്‍ യാത്രയാണ് അതിര്‍ത്തിയിലേക്കുള്ളത്. റെയില്‍വേ സ്‌റ്റേഷനില്‍ കുടുങ്ങിക്കിടക്കുന്ന ആണ്‍കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറിനകം ഖാർകീവ് വിടണമെന്നാണ് ഇന്ത്യക്കാർക്ക് എംബസി നൽകിയ മുന്നറിയിപ്പ്.

---- facebook comment plugin here -----

Latest