Connect with us

Oval test

ഓവല്‍ ടെസ്റ്റില്‍ ആദ്യദിനം അടിപതറി ഇന്ത്യ; ആറ് വിക്കറ്റ് നഷ്ടപ്പെട്ടു

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്.

Published

|

Last Updated

ഓവല്‍ | ഇന്ത്യ- ഇംഗ്ലണ്ട് നാലാം ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് നിരാശ. ആദ്യ ദിനം വൈകുന്നേരം ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 എന്ന സ്‌കോറിലാണ് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്.

ഋഷഭ് പന്തും ശര്‍ദുല്‍ ഠാക്കൂറുമാണ് ക്രീസിലുള്ളത്. ഇംഗ്ലീഷ് ബോളിംഗ് നിരയില്‍ ഒലീ റോബിന്‍സണ്‍, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വീതവും ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോന്നു വീതവും വിക്കറ്റെടുത്തു.

ടോസ് ലഭിച്ച ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓരോ വിജയം നേടിയ ഇരു ടീമുകള്‍ക്കും പരമ്പര സ്വന്തമാക്കാന്‍ നാലാം ടെസ്റ്റ് നിര്‍ണായകമാണ്. ലീഡ്‌സില്‍ നടന്ന കഴിഞ്ഞ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് വിജയം നേടിയിരുന്നു. അതിന് മുമ്പുള്ള ലോര്‍ഡ്‌സ് ടെസ്റ്റ് മഴ കാരണം സമനിലയിലായി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഗംഭീര വിജയം സ്വന്തമാക്കി.

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലവനിലുള്ളത്.