Business
ഗള്‍ഫിലുടനീളം ലുലു ശാഖകളില്‍ ഇന്ത്യ ഉത്സവം; സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടെ തുടക്കം
അബൂദബിയിലെ അല്‍ വഹ്ദ മാളിലാണ് പ്രധാന പരിപാടി. ജി സി സി രാജ്യങ്ങളിലെ ശാഖകളിലെല്ലാം ഒരേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷമുണ്ടാകും.
ദുബൈ | ഗള്‍ഫിലുടനീളം ലുലു ശാഖകളില്‍ ഇന്ത്യ ഉത്സവം ആരംഭിച്ചതായും ഒക്ടോബര്‍ അവസാനം വരെ നീണ്ടു നില്‍ക്കുമെന്നും അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടെയാണ് ഔദ്യോഗിക തുടക്കം. അബൂദബിയിലെ അല്‍ വഹ്ദ മാളിലാണ് പ്രധാന പരിപാടി. ജി സി സി രാജ്യങ്ങളിലെ ശാഖകളിലെല്ലാം ഒരേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷമുണ്ടാകും. ലുലുവിലെ ‘ഇന്ത്യ ഉത്സവ്’ ഇന്ത്യന്‍ അനുഭവങ്ങളെ ജീവസുറ്റതാക്കുന്ന വില്‍പന മേളയായിരിക്കും. ഇന്ത്യന്‍ സംസ്‌കാരം, വാണിജ്യം, പാചകരീതി എല്ലാം പ്രതിഫലിക്കും. ഇന്ത്യയുമായി ജി സി സിക്കുള്ള അടുത്ത വാണിജ്യബന്ധം ഇത് ഉദ്‌ഘോഷിക്കും.
ആഗസ്റ്റ് 11 ന് തന്നെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍, പ്രാദേശിക ഭക്ഷണ പദാര്‍ഥങ്ങള്‍, പ്രശസ്തരുടെ സന്ദര്‍ശനങ്ങള്‍, പലചരക്ക്, ജീവിതശൈലി, ഫാഷന്‍ വസ്ത്രങ്ങള്‍ വരെ എല്ലാ വിഭാഗങ്ങളിലും അതിശയിപ്പിക്കുന്ന പ്രമോഷനുകളും ഓഫറുകളും ലഭ്യമാണ്. ‘ഇന്ത്യ ഉത്സവ്’ ലുലുവില്‍ ഒരു അതുല്യമായ ഉപഭോക്തൃ അനുഭവം സമ്മാനിക്കും. ഇത് ആഗസ്റ്റ് 17 വരെ നീണ്ടു നില്‍ക്കും.
ആഗസ്റ്റ് 17,18 തീയതികളില്‍ ജന്മാഷ്ടമി ആഘോഷമാണ്. ആഗസ്റ്റ് 25 മുതല്‍ 30 വരെ ഗണേശ ചതുര്‍ഥിയാണ്. ആഗസ്റ്റ് 30 ന് ഓണാഘോഷം തുടങ്ങും. സെപ്തംബര്‍ എട്ട് വരെ നീണ്ടു നില്‍ക്കും. ഇത്തവണ ഓണാഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കമാണ് നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ ഉത്പന്നങ്ങള്‍ എത്തും. ഓണസദ്യ ഒരുക്കാന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് എത്തുക.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതിനായി ലുലു എല്ലാ വര്‍ഷവും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്ന് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ സ്വന്തം സോഴ്സിംഗ് ഓഫീസുകളില്‍ നിന്ന് പുതിയ ശ്രേണിയിലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനും ഭക്ഷ്യ വൈവിധ്യത്തിനുമുള്ള ഞങ്ങളുടെ എളിയ ആദരമാണിത്. രണ്ട് വര്‍ഷത്തെ വെല്ലുവിളി നിറഞ്ഞ കാലത്തിനു ശേഷം വാണിജ്യ മേഖല ശക്തമായി തിരിച്ചുവരികയാണെന്നും ഉത്സവ സീസണില്‍ ആവശ്യമായതെല്ലാം മിതമായ നിരക്കില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഖാദി ഉത്പന്നങ്ങള്‍, കശ്മീര്‍ ഉത്പന്നങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക സ്റ്റാളുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാന വിഭവങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാകുന്ന ഇന്ത്യന്‍ ഭക്ഷ്യമേളക്കു പുറമെ സാംസ്‌കാരിക പ്രദര്‍ശനങ്ങളും മത്സരങ്ങളും നടക്കും. സീഫൈവിന്റെ സൗജന്യ സബ്സ്‌ക്രിപ്ഷനുകളും ലഭിക്കും. സീഫൈവ് ചീഫ് ബിസിനസ് ഓഫീസര്‍ അര്‍ച്ചന ആനന്ദ് പങ്കെടുത്തു.