t20
ഒടുവില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ
ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു.
വിശാഖപട്ടണം | തുടര്‍തോല്‍വികള്‍ക്ക് ശേഷം ടി20യില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തുവിട്ട് ഇന്ത്യ. 180 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബോളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു. 48 റൺസിനാണ് ഇന്ത്യൻ വിജയം. നാല് വിക്കറ്റ് കൊയ്ത ഹർഷൽ പട്ടേലും മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലുമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.
ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനാണ് ഇന്ത്യക്ക് സാധിച്ചത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷണാഫ്രിക്കയുടെ ഇന്നിംഗ്സ് 19.1 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 131 റൺസിൽ ഒതുങ്ങി. ഓപണിംഗ് ബാറ്റര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഇഷാന്‍ കിശനും അര്‍ധ സെഞ്ചുറി നേടിയെങ്കിലും മധ്യനിര മങ്ങി. ഗെയ്ക്വാദ് 57ഉം ഇശാന്‍ 54ഉം റണ്‍സെടുത്തു. അഞ്ചാമനായി ഇറങ്ങിയ ഹര്‍ദിക് പാണ്ഡ്യയുടെ അവസാന ഓവറുകളിലെ തകര്‍പ്പനടിയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഹര്‍ദിക് 31 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയുടെ ഡ്വെയ്ന്‍ പ്രിട്ടോറിയസ് രണ്ട് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മേല്‍ തുടക്കത്തില്‍ തന്നെ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് സാധിച്ചു. ക്യാപ്റ്റന്‍ ടെംബ ബവുമ എട്ട് റണ്‍സിന് ആദ്യം പുറത്തായി. ഹീന്റിച്ച് ക്ലാസ്സെന്‍ (29), റീസ ഹെന്‍ഡ്രിക്‌സ് (23), ഡ്വെയ്ന്‍ പ്രിട്ടോറിയസ് (20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അക്‌സര്‍ പട്ടേല്‍, ഭുവനേശ്വർ കുമാർ എന്നിവർ ഒന്ന് വീതം വിക്കറ്റെടുത്തു.