Connect with us

National

തിരിച്ചടിച്ച് ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി

ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡയുടെ നടപടിക്കെതിരെയാണ് ഇന്ത്യയുടെ തിരിച്ചടി.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ കാനഡക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ. മുന്നറിയിപ്പിന് പിന്നാലെ കാനഡയുടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ആക്ടിങ് ഹൈക്കമ്മീഷണര്‍ സ്റ്റുവാര്‍ട്ട് റോസ് വീലര്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാട്രിക് ഹെബെര്‍ട്ട് എന്നിവര്‍ക്കു പുറമെ, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിന്‍ ജോളി, ഇയാന്‍ റോസ്, ആദം ജെയിംസ്, പൗല ഓര്‍ജൂല എന്നിവരും ഇന്ത്യ വിടണം.

കനേഡിയന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ 20ന് അര്‍ധരാത്രിക്കകം രാജ്യം വിടാനാണ് നിര്‍ദേശം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ്മ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

നിലവിലെ കനേഡിയന്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് പ്രതികരിച്ച ഇന്ത്യ, തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് അവരെ തിരിച്ചുവിളിക്കുന്നതെന്ന് വ്യക്തമാക്കി.

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കെതിരെ കാനഡ നടപടികള്‍ സ്വീകരിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറായ സഞ്ജയ് വര്‍മ്മ അന്വേഷണ പരിധിയിലാണെന്ന് കാനഡ അറിയിച്ചിരുന്നു. വിഷയത്തില്‍ കാനഡക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതിനു പിന്നാലെയാണ് ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത്.

തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കാനഡ ഉറപ്പാക്കുമെന്ന് കരുതുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ട്രൂഡോ സര്‍ക്കാരിന്റെ നടപടികള്‍ അവരുടെ സുരക്ഷയെ അപകടത്തിലാക്കിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന നിജ്ജാറിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് നേരത്തെയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി.

 

Latest