Connect with us

Pathanamthitta

ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ വിജയം അനിവാര്യം: പി ജെ ജോസഫ് എം എല്‍ എ

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ഇന്ത്യയില്‍ അധികാരത്തില്‍ എത്തണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  വരുന്ന പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ വിജയം അനിവാര്യമാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ഇന്ത്യയില്‍ അധികാരത്തില്‍ എത്തണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ഭരണഘടനയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഇന്നത്തെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഇന്ത്യയെ ഒന്നായി കാണുന്നതിനും ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്നതിനും കോണ്‍ഗ്രസിന് മാത്രമെ കഴിയു എന്നും പി ജെ ജോസഫ് പറഞ്ഞു. കേരളത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇടതുപക്ഷ മുന്നണിക്ക് കനത്ത തിരിച്ചടിയായിരിക്കും. േകരളത്തിലെ സമസ്ത ജനങ്ങളെയും ദുരിതത്തിലാഴ്ത്തിയ നിലവിലെ ഇടത് ദുര്‍ഭരണത്തിനുള്ള ജനങ്ങളുടെ വിലയിരുത്തലാകുമെന്നും കേരളത്തിലെ കര്‍ഷക സമൂഹം ഒറ്റക്കെട്ടായി ഈ ദുര്‍ഭരണത്തിനുള്ള തിരിച്ചടി നല്‍കുമെന്നും പി ജെ ജോസഫ് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.വര്‍ഗ്ഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി സി തോമസ്, എക്സിക്യൂട്ടിവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം എല്‍ എ, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം, ഡെപ്യുട്ടി ചെയര്‍മാന്‍ കെ ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, കേരളാ പ്രഫഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അപു ജോണ്‍ ജോസഫ്, പാര്‍ട്ടി വൈസ് ചെയര്‍മാന്‍മാരായ മുന്‍ എം എല്‍ എ ജോസഫ് എം പുതുശ്ശേരി, ഡി കെ ജോണ്‍, ജോണ്‍ കെ മാത്യൂസ്, പാര്‍ട്ടി ട്രഷറാര്‍ ഡോ.എബ്രഹാം കലമണ്ണില്‍ സംസാരിച്ചു. ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളില്‍ നിന്നായി 250 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 

Latest