Connect with us

National

ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ മുന്നണി

ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി |മൂന്നാം മോദി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിപക്ഷമാകാന്‍ തീരുമാനിച്ച് ഇന്ത്യ സഖ്യം. ഡല്‍ഹിയില്‍ ചേര്‍ന്ന സഖ്യ കക്ഷികളുടെ യോഗത്തിലാണ് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വേണ്ടെന്നു തീരുമാനമായത്.

ഭരണഘടന സംരക്ഷണത്തിനൊപ്പം നില്‍ക്കാന്‍ താല്‍പര്യമുള്ള കക്ഷികള്‍ക്ക് സഖ്യത്തിലേക്ക് വരാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയത്തിനും നിലപാടിനുമുള്ള മറുപടിയാണ് ജനം നല്‍കിയത്. ജനഹിതമറിഞ്ഞ് മുന്നേറും. ഭരണഘടന സംരക്ഷണത്തിനായി പോരാടുമെന്നും സഖ്യത്തിന്റെ യോഗത്തിന് ശേഷം ഖാര്‍ഗേ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തിന് ഭാവിയില്‍ സാധ്യത തെളിഞ്ഞാല്‍ ഒന്നിച്ച് നില്‍ക്കാനും തീരുമാനിച്ചു.16 സീറ്റുള്ള ടിഡിപിയേയും, 12 സീറ്റുള്ള ജെഡിയുവിനെയും ഒപ്പം നിര്‍ത്താനായിരുന്നു നീക്കം. നിതീഷ് കുമാറിന് ഉപപ്രധാനമന്ത്രി പദവും, ചന്ദ്രബാബു നായിഡുവിനെ ഒപ്പം നിര്‍ത്താന്‍ ആന്ധ്രക്ക് പ്രത്യക പാക്കേജും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇരുവരും എന്‍ ഡി എക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതോടെ നീക്കം പാളുകയായിരുന്നു.

അതേസമയം ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ സര്‍ക്കാറുണ്ടാകുമെന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗം സഖ്യകക്ഷി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു.

യോഗത്തില്‍ പങ്കെടുത്ത ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ സര്‍ക്കാര്‍ രൂപീകരണത്തിന് പിന്തുണ അറിയിച്ചു. പിന്തുണക്കത്ത് പാര്‍ട്ടികള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ മാസം ഏഴിന് എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാന്‍ യോഗത്തില്‍ തീരുമാനമായി.ഏഴിന് ഡല്‍ഹിയിലെത്താന്‍ എംപിമാരോട് ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Latest