National
പത്താന്‍കോട്ട് ആക്രമണത്തിന്റെ സൂത്രധാരന്‍ അലി കാശിഫ് ജാനിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു
കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ച മൂന്നാമത്തെ പാക് ഭീകരനാണ് അലി കാഷിഫ് ജാന്‍.

ന്യൂഡല്‍ഹി | 2016ല്‍ പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് സ്‌റ്റേഷനുനേരെ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ പാക്കിസ്ഥാന്‍ സ്വദേശിയായ അലി കാശിഫ് ജാനിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ നിയമപ്രകാരമാണ് നടപടി. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീകരനായി പ്രഖ്യാപിച്ച മൂന്നാമത്തെ പാക് ഭീകരനാണ് അലി കാഷിഫ് ജാന്‍.
2016 ജനുവരിയില്‍ പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അലി കാഷിഫ് ജാന്‍ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തില്‍ പറഞ്ഞു. ഈ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലും ജാന്‍ പ്രതിയാണ്. ഈ കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന്റെ ലോഞ്ചിംഗ് പാഡില്‍ നിന്ന് ജാന്‍ ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഇയാള്‍ തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതായും മന്ത്രാലയം പറഞ്ഞു.