Connect with us

National

ഷാങ്ഹായ് ഉച്ചകോടിക്ക് പാക് വിദേശകാര്യ മന്ത്രിയെയും ചീഫ് ജസ്റ്റിസിനെയും ക്ഷണിച്ച് ഇന്ത്യ

ഒരു മാസം മുമ്പ്, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിന്റെ മുറിവ് നിലനിൽക്കുന്നതിനിടയിലാണ് ഇന്ത്യ അദ്ദേഹത്തെ ഷാങ്ഹായ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷൻ (എസ്സിഒ) യോഗത്തിലേക്ക് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോക്കും ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയലിനും ക്ഷണം. പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് വഴിയാണ് ഇരുവർക്കും ക്ഷണക്കത്ത് നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തിലാണ് പാക്കിസ്ഥാനിൽ നിന്നുള്ള പ്രതിനിധികളെ ഇന്ത്യൻ എസ് സി ഒ യോഗത്തിലേക്ക് ക്ഷണിച്ചത്. അടുത്ത മെയിൽ ഗോവയിലാണ് ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷന്റെ യോഗം ചേരുന്നത്.

ഒരു മാസം മുമ്പ്, യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ രോഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഇതിന്റെ മുറിവ് നിലനിൽക്കുന്നതിനിടയിലാണ് ഇന്ത്യ അദ്ദേഹത്തെ ഷാങ്ഹായ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ബിലാവൽ ഭൂട്ടോ ക്ഷണം സ്വീകരിച്ചാൽ 12 വർഷത്തിനിടെ ആദ്യമായി ഇന്ത്യ സന്ദർശിക്കുന്ന പാക് വിദേശകാര്യ മന്ത്രിയായി അദ്ദേഹം മാറും. 2011ൽ ഹിന റബ്ബാനി ഖൈർ ആണ് ഇന്ത്യ സന്ദർശിച്ച അവസാന പാക് വിദേശകാര്യ മന്ത്രി.

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ പ്രസ്താവന വന്ന് ദിവസങ്ങൾക്കുള്ളിലാണ് ഇന്ത്യയുടെ ക്ഷണമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞയാഴ്ച ദുബായ് ആസ്ഥാനമായ അല്‍ അറബിയ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചർച്ചക്ക് സന്നദ്ധത അറിയിച്ചത്. തങ്ങള്‍ക്ക് ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ അതെല്ലാം ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചത്. തങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍, ഇന്ത്യയുമായി സമാധാനത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഷഹബാസിന്റെ പ്രസ്താവന.

ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളും എസ്‌ സി ഒയിൽ അംഗങ്ങളാണ്. മറ്റ് മധ്യേഷ്യൻ രാജ്യങ്ങൾക്കൊപ്പം ചൈനയുടെയും റഷ്യയുടെയും വിദേശകാര്യ മന്ത്രിമാർക്കും ഇന്ത്യ ക്ഷണക്കത്ത് നൽകിയിട്ടുണ്ട്. സംഘടനയിലെ ഏറ്റവും പുതിയ അംഗമാണ് ഇറാൻ, ഇന്ത്യയുടെ പ്രസിഡൻസിക്ക് കീഴിൽ, ഗ്രൂപ്പിംഗിന്റെ മീറ്റിംഗിൽ ആദ്യമായി മുഴുവൻ അംഗമായി പങ്കെടുക്കും.

ഉസ്ബെക്കിസ്ഥാനിലെ സമർക്കന്ദിലാണ് ഏറ്റവും ഒടുവിൽ ഷാങ്ഹായ് ഉച്ചകോടി ചേർന്നത്.

---- facebook comment plugin here -----

Latest