Uae
യു എ ഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കും
ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്‌കാരിക പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള കേന്ദ്രമായാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്.

അബൂദബി|യു എ ഇയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനായി ഡൽഹിയിൽ ഉന്നതതല പ്രതിനിധി സംഘം യോഗം ചേർന്നു. യുഎഇയിൽ ഇന്ത്യ ഹൗസ് സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച യോഗത്തിന്റെ പ്രധാന വിഷയമായി ഉയർന്നു. നൂറ ബിൻത് മുഹമ്മദ് അൽ കഅബി, ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ഡയറക്ടർ ജനറൽ കെ നന്ദിനി സിംഗ്്ല എന്നിവർ ചർച്ച നയിച്ചു.
യു എ ഇ പ്രതിനിധി സംഘത്തിൽ സാംസ്‌കാരിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുബാറക് അൽ നഖ്്വി, കായിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി ഗാനേം അൽ ഹാജിരി, ഇന്ത്യയിലെ യു എ ഇ അംബാസഡർ അബ്ദുൽ നാസർ അൽ ശാലി, സാമ്പത്തിക മന്ത്രാലയത്തിന്റെ അസിസ്റ്റന്റ്അണ്ടർസെക്രട്ടറി അബ്ദുർറഹ്‌മാൻ അൽ മെയ്നി എന്നിവർ ഉണ്ടായിരുന്നു.
ഇന്ത്യയുടെ സമ്പന്നമായ കലാ സാംസ്‌കാരിക പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിനുള്ള കേന്ദ്രമായാണ് ഇന്ത്യ ഹൗസ് വിഭാവനം ചെയ്തിരിക്കുന്നത്. കല, വിദ്യാഭ്യാസം, സൃഷ്ടിപരമായ വ്യവസായങ്ങൾ, പൈതൃക സംരക്ഷണം, യുവാക്കളുടെ ഇടപെടൽ, മറ്റ് മേഖലകൾ എന്നിവയിൽ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും യോഗം വഴികൾ അന്വേഷിച്ചു. ക്രിയേറ്റീവ് സ്റ്റാർട്ടപ്പുകൾ, ബിസിനസ്-ടു-ബിസിനസ് സഹകരണങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനുള്ള വഴികൾ, മുൻഗണനാ മേഖലകളിലെ സഹകരണം മേൽനോട്ടം വഹിക്കുന്നതിനായി തീമാറ്റിക് സബ് കമ്മിറ്റികളുടെ രൂപീകരണം എന്നിവ ഇരുപക്ഷവും പരിശോധിച്ചു.