Connect with us

International

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പാക്കിസ്ഥാനെക്കാൾ പിന്നിൽ; ആറ് പോയിന്റ് താഴ്ന്ന് 107-ാം സ്ഥാനത്തെത്തി

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയുടെ സ്ഥാനം 13 പോയിന്റാണ് കുറഞ്ഞത്. 2019ൽ ഇന്ത്യ പട്ടികയിൽ 94-ാം റാങ്കിലായിരുന്നു.

Published

|

Last Updated

ന്യൂഡൽഹി | ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് തുടർച്ചയായ രണ്ടാം വർഷവും ഇടിഞ്ഞു. 2022 ലെ പട്ടികയിൽ ഇന്ത്യ 107‍-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇന്ത്യ 101-ാം സ്ഥാനത്തായിരുന്നു.അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവ നമ്മളേക്കാൾ മികച്ച നിലയിലാണ്. മൊത്തം 121 രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

പാക്കിസ്ഥാൻ 99, ബംഗ്ലാദേശ് 84, നേപ്പാൾ 81, ശ്രീലങ്ക 64 എന്നിങ്ങനെയാണ് ഇന്ത്യയുടെ അയൽ രാജ്യങ്ങളുടെ റാങ്ക്. 109-ാം റാങ്കോടെ അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇന്ത്യയുടെ സ്ഥാനം 13 പോയിന്റാണ് കുറഞ്ഞത്. 2019ൽ ഇന്ത്യ പട്ടികയിൽ 94-ാം റാങ്കിലായിരുന്നു.

ഈ പട്ടികയിൽ 17 രാജ്യങ്ങൾ ഒന്നിച്ച് ഒന്നാം സ്ഥാനത്തെത്തി. ചൈന, തുർക്കി, കുവൈറ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അവരുടെ ഗ്ലോബൽ ഹംഗർ ഇൻഡക്സ് സ്കോർ 5 ൽ താഴെയാണ്.

ഏത് രാജ്യത്തെയും പട്ടിണിയുടെ അവസ്ഥ വ്യക്തമാക്കുന്ന റാങ്കിംഗാണ് ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI). കൺസേൺ വേൾഡ് വൈഡ്, വേൾഡ് ഹംഗർ ഹെൽഫ് (ജർമ്മനിയിലെ വെൽത്തുങ്കർഹിൽഫ്) എന്ന പേരിലുള്ള യൂറോപ്യൻ എൻജിഒകളാണ് എല്ലാ വർഷവും ഈ പട്ടിക തയ്യാറാക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലെ 4 സ്കെയിലുകൾ കണക്കാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.