Ongoing News
ഒന്നാം ടി 20യിൽ ഇന്ത്യക്ക് 21 റൺസ് തോൽവി
സുന്ദറിൻ്റെ വെടിക്കെട്ട് പാഴായി
റാഞ്ചി | ന്യൂസിലാൻഡിൻ്റെ ആൾറൗണ്ട് മികവിനെ മറികടക്കാൻ വാഷിംഗ്്ടൺ സുന്ദറിൻ്റെ ഒറ്റയാൾ പോരാട്ടത്തിന് സാധിച്ചില്ല. മുൻനിര ബാറ്റർമാർ ഒന്നൊന്നായി പരാജയപ്പെട്ടപ്പോൾ ന്യൂസിലാൻഡിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യക്ക് 21 റൺസിൻ്റെ തോൽവി. ന്യൂസിലാൻഡ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ജയത്തോടെ ഏകദിന പരമ്പരയിലെ തോൽവിക്ക് മറുപടി നൽകാനും കിവീസിന് കഴിഞ്ഞു. മൂന്ന് മത്സര പരമ്പരയിൽ ന്യൂസിലാൻഡ് 1-0ന് മുന്നിലെത്തി. രണ്ടാമത്തെ മത്സരം നാളെ ലക്‌നോവിൽ നടക്കും. സ്‌കോർ: ന്യൂസിലാൻഡ് 20 ഓവറിൽ ആറിന് 176. ഇന്ത്യ 20 ഓവറിൽ ഒമ്പതിന് 155.
ഇഷാൻ കിഷൻ (നാല്), രാഹുൽ ത്രിപാഠി (പൂജ്യം), ശുഭ്മൻ ഗിൽ (ഏഴ്) എന്നിങ്ങനെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ടത് ഇന്ത്യക്ക് തിരിച്ചടിയായി. 28 പന്തിൽ 50 റൺസുമായി വാഷിംഗ്ടൺ സുന്ദർ അവസാനഘട്ടം വരെ പൊരുതിയെങ്കിലും ജയം അകലെയായിരുന്നു. അഞ്ച് സിക്‌സും മൂന്ന് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു സുന്ദറിൻ്റെ ഇന്നിംഗ്സ്. സൂര്യകുമാർ യാദവ് ആറ് ബൗണ്ടറിയും രണ്ട് സിക്‌സും ഉൾപ്പെടെ 34 പന്തിൽ 47 റൺസെടുത്തു.
3.1 ഓവറിൽ അഞ്ചിന് 15 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ നാലാം വിക്കറ്റിൽ സൂര്യകുമാറും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (20 പന്തിൽ 21) യുമാണ് മുന്നോട്ട് നയിച്ചത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് മികച്ച തുടക്കം ലഭിച്ചു. ഡെവോൺ കോൺവെയും (35 പന്തിൽ 52) ഫിൻ അലനും (23 പന്തിൽ 35) ചേർന്ന് 4.2 ഓവറിൽ 43 റൺസ് നേടി. അലനും മാർക് ചാപ്മാനും (പൂജ്യം) ഇതേ സ്കോറിൽ മടങ്ങിയെങ്കിലും ഡാര്യൽ മിച്ചൽ തകർത്തടിച്ചതോടെ റണ്ണൊഴുകി. 30 പന്തിൽ മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സും ഉൾപ്പെടെ 59 റൺസെടുത്ത മിച്ചലാണ് കിവീസിൻ്റെ ടോപ് സ്‌കോറർ. ഇന്ത്യക്ക് വേണ്ടി വാഷിംഗ്്ടൺ സുന്ദർ രണ്ടും അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.