National
ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 28 റണ്‍സിന്റെ തോല്‍വി
231 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ ഔട്ടായി
ഹൈദരാബാദ് | ഇംഗ്ലണ്ടിനെതിരായ ഹൈദരാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നാം ഇന്നിങ്സില്‍ 190 റണ്‍സിന്റെ ലീഡെടുത്ത ശേഷമാണ് ഇന്ത്യയുടെ പരാജയം. രണ്ടാം ഇന്നിങ്സില്‍ ടോം ഹാര്‍ട്ട്ലിയുടെ ബൗളിങില്‍ പിടുത്തം വിട്ട ഇന്ത്യക്ക് കളി കൈവിട്ട് പോവുകയായിരുന്നു. ഇംഗ്ലണ്ടിനായി ഏഴ് വിക്കറ്റാണ് ടോം ഹാര്‍ട്ട്ലി നേടിയത്. ഇന്ത്യയെ വീഴ്ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും ടോം ഹാര്‍ട്ട്ലി തന്നെയാണ്. 28 റണ്‍സിനാണ് ഇംഗ്ലണ്ട് ടെസ്റ്റില്‍ വിജയം കുറിച്ചത്. 231 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 202 റണ്‍സില്‍ ഓള്‍ ഔട്ടായി. 15 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. അതേ ഓവറില്‍ തന്നെ രണ്ട് പന്ത് മാത്രം നേരിട്ട് ഗില്ലും പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ 39 റണ്‍സിന് ഹാര്‍ട്ട്ലി വീഴ്ത്തി. പിന്നാലെ രാഹുലും (22) പട്ടേലും (17) സ്‌കോര്‍ നില 95 ലെത്തിച്ചു. ശ്രേയസ് അയ്യരെ 13 റണ്‍സിന് പുറത്താക്കിയതിന് പിന്നാലെ രവീന്ദ്ര ജഡേജ 2 റണ്‍സ് നേടി റണ്ണൗട്ടാവുകയും ചെയ്തു.
അപകടം തിരിച്ചറിഞ്ഞ ഇന്ത്യയെ എട്ടാം വിക്കറ്റില്‍ ശ്രീകര്‍ ഭരത് – ആര്‍ അശ്വിന്‍ സഖ്യം വീണ്ടും പ്രതീക്ഷയിലെത്തിച്ചു. ഇതിനിടെ വീണ്ടും ഹാര്‍ട്ട്ലി എത്തി 28 റണ്‍സ് നേടിയ ഭരതിന്റെ സ്റ്റമ്പ് തെറിപ്പിച്ചു. തൊട്ടു പിന്നാലെ അശ്വിനെയും പുറത്താക്കി ഇന്ത്യയുടെ അവസാന പ്രതീക്ഷകള്‍ക്ക് ഹാര്‍ട്ട്ലി തിരശ്ശീലയിട്ടു. ഇരുവരും ചേര്‍ന്ന് 57 റണ്‍സാണ് നേടിയത്. അവസാനം 12 റണ്‍സെടുത്ത മുഹമ്മദ് സിറാജിനെയും പുറത്താക്കിയതോടെ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ജസ്പ്രീത് ബുംറ 6 റണ്‍സുമായി പുറത്താവാതെ നിന്നു.
ഒന്നാം ഇന്നിങ്സില്‍ 246 നെതിരെ 436 നേടിയതോടെ ഇഗ്ലണ്ടിനെ അനായാസം വീഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ഒലീ പോപ്പ് സെഞ്ച്വറി നേടിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. 196 നേടി മികച്ച പ്രകടനം പുറത്തെടുത്ത ഒലീ പോപ്പ് ഇരട്ട സെഞ്ച്വറി നേടാതെ പുറത്തായത് ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തി. ബെന്‍ ഡെക്കറ്റ് (47), സ്‌ക് ക്രോളി (31), ബെന്‍ ഫോക്സ് (34), രെഹാന്‍ അഹ്മദ് (28), ടോം ഹാര്‍ട്ട്ലി (34), എന്നിവരും ഒലീ പോപ്പിനൊപ്പം ഇംഗ്ലണ്ടിനായി പോരാടി.