Ongoing News
കൈയെത്തും ദൂരെ ഇന്ത്യക്ക് നഷ്ടമായത് ആറ് മെഡലുകള്‍; ഒളിംപിക്‌സിന് ഇന്ന് സമാപനം
ടോക്കിയോയിലെ മെഡല്‍ നേട്ടം പാരീസില്‍ മറികടക്കാന്‍ രാജ്യത്തിനു കഴിഞ്ഞില്ല. പങ്കെടുത്ത 16 ഇനങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് മെഡല്‍ നേടാനായത്.
പാരിസ് | പാരിസ് ഒളിംപിക്‌സിന് ഇന്ന് സമാപനം. അവസാന ദിനത്തില്‍ 14 ഇനത്തിലാണ് മത്സരം നടക്കുക. ഇന്ന് രാത്രിയാണ് സമാപന ചടങ്ങുകള്‍ നടക്കുക.
ഇത്തവണ ഒളിംപിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. ടോക്കിയോയിലെ മെഡല്‍ നേട്ടം പാരീസില്‍ മറികടക്കാന്‍ രാജ്യത്തിനു കഴിഞ്ഞില്ല. പങ്കെടുത്ത 16 ഇനങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് മെഡല്‍ നേടാനായത്.
ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി ആറ് മെഡലുകളാണ് ഇതുവരെ ഇന്ത്യ നേടിയത്. ഏഴ് ആയിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ സമ്പാദ്യം. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിവയാണ് നേടിയത്. പാരീസ് ഒളിംപിക്‌സില്‍ സ്വര്‍ണം ലഭിച്ചില്ലെന്നതും തിരിച്ചടിയായി.
ആറ് ഇനങ്ങളില്‍ കൈയെത്തും ദൂരത്ത് വെങ്കല മെഡല്‍ നഷ്ടമായതും നിരാശയായി. ഇത്തരം മെഡല്‍ നഷ്ടങ്ങള്‍ മുമ്പും സംഭവിച്ചിട്ടുണ്ടെങ്കിലും ഇത്രയും ഇനത്തില്‍ നേരിയ വ്യത്യാസത്തില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് ഇതാദ്യമാണ്.
ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിലാണ് സ്‌കീറ്റ് ഷൂട്ടിംഗിലെ ചരിത്ര മെഡലെന്ന സ്വപ്നം തകര്‍ന്നത്. വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് ഒരു കിലോഗ്രാമിന്റെ കുറവില്‍ മെഡല്‍ നഷ്ടമായി.
ഷൂട്ടിങ് റേഞ്ചിലും പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. പുരുഷന്മാരുടെ 100 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ 1.4 പോയിന്റിന്റെ വ്യത്യാസത്തിലാണ് അര്‍ജുന്‍ ബബൂത്തയ്ക്ക് വെങ്കല മെഡല്‍ നഷ്ടമായത്. അവസാന നിമിഷംവരെ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയ അര്‍ജുന് ഫൈനലിലെ 19-ാം ഊഴത്തില്‍ ഷോട്ട് പിഴയ്ക്കുകയായിരുന്നു. ഇതോടെ അര്‍ജുനെ മറികടന്ന് ക്രൊയേഷ്യയുടെ മിരാന്‍ മാരിസിച് മൂന്നാമതെത്തി.
അമ്പെയ്ത്തിലെ മിക്‌സ്ഡ് ടീം വെങ്കല്‍ മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര-അങ്കിത ഭഗത് സഖ്യം യു എസിന്റെ കെയ്‌സി കോഫോള്‍ഡ്-ബ്രാഡി എല്ലിസന്‍ ജോഡിയോട് പൊരുതിത്തോറ്റു. ഒളിംപിക്‌സ് സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ ആര്‍ച്ചറി താരങ്ങളെന്ന ചരിത്ര നേട്ടമാണ് ഇതോടെ ധീരജിനും അങ്കിതക്കും നഷ്ടമായത്.
ഷൂട്ടിംഗില്‍ രണ്ട് വെങ്കല മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മനു ഭാക്കറിന് പക്ഷെ, മൂന്നാം മെഡല്‍ കൈയകലെ നഷ്ടമായി. 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ മനുവും ഹംഗറിയുടെ വെറോനിക്ക മേയറും 28 പോയിന്റുമായി തുല്യനിലയിലായിരുന്നു. എന്നാല്‍, മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള ഷൂട്ട് ഓഫിലെ ചെറിയൊരു പിഴവ് മനുവിനെ മൂന്നാം മെഡലില്‍ നിന്ന് അകറ്റുകയായിരുന്നു.
ബാഡ്മിന്റണില്‍ പി വി സിന്ധുവും സാത്വിക്-ചിരാഗ് ഡബിള്‍സ് സഖ്യവും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷയായത് ലക്ഷ്യ സെന്നാണ്. എന്നാല്‍, ലക്ഷ്യയും മെഡലിനരികെയെത്തി വീണു. സെമിഫൈനലില്‍ നിലവിലെ ഒളിംപിക്‌സ് ചാമ്പ്യന്‍ വിക്ടര്‍ അക്‌സല്‍സനോട് പരാജയപ്പെട്ട ലക്ഷ്യ വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജിയയോട് അടിയറവു പറഞ്ഞു. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ലക്ഷ്യയുടെ കീഴടങ്ങള്‍.
ഷൂട്ടിങ് മിക്‌സ്ഡ് സ്‌കീറ്റ് ഇനത്തില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് വെങ്കലം നഷ്ടമായത് . വെങ്കല മെഡല്‍ മത്സരത്തില്‍ 44 പോയിന്റുകളുമായി ചൈനീസ് സഖ്യമാണ് വെങ്കലത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ മഹേശ്വരി ചൗഹാന്‍ അനന്ദ് ജീത് സിങ് നാരുക സഖ്യം 43 പോയിന്റേ നേടാനായുള്ളൂ. ഇതോടെ സ്‌കീറ്റ് ഷൂട്ടിംഗിലെ ആദ്യ ഒളിംപിക് മെഡലെന്ന നേട്ടം ഇന്ത്യക്ക് കൈയില്‍ നിന്ന് വഴുതി.
വെയ്റ്റ്ലിഫ്റ്റിംഗില്‍ രണ്ടാം ഒളിംപിക്‌സ് മെഡലെന്ന മീരാബായ് ചാനുവിന്റെ സ്വപ്നവും യാഥാര്‍ഥ്യമായില്ല. 49 കിലോഗ്രാം വിഭാഗത്തില്‍ ചാനു 199 കിലോഗ്രാം ഭാരമുയര്‍ത്തിയപ്പോള്‍ 200 കിലോഗ്രാം ഉയര്‍ത്താന്‍ കഴിഞ്ഞ തായ്ലന്‍ഡ് താരം വെങ്കലത്തിന് അര്‍ഹയായി. അവസാന ഊഴത്തില്‍ 114 കിലോഗ്രാം ഉയര്‍ത്താനുള്ള ചാനുവിന്റെ ശ്രമം പരാജയപ്പെട്ടു.
വനിതാ ഗുസ്തി 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി സ്വര്‍ണ പ്രതീക്ഷയുയര്‍ത്തിയ വിനേഷ് ഫോഗട്ട് ഭാരപരിശോധനയില്‍ പരാജയപ്പെട്ട് പട്ടികയിലെ ഏറ്റവും അവസാന സ്ഥാനത്തേക്കു പതിച്ചതും കടുത്ത വേദനയായി. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന വിനേഷിന്റെ അപ്പീല്‍ കായിക കോടതിയുടെ പരിഗണനയിലാണ്.