Connect with us

International

ഫലസ്തീനിൽ നിന്ന് അകലുന്ന ഇന്ത്യ

മാറുന്ന പശ്ചിമേഷ്യയിൽ ഇന്ത്യ ഈ സന്തുലിതാവസ്ഥ ഉപേക്ഷിച്ച് ഇസ്‌റാഈലിലേക്ക് ചായുകയാണോ എന്ന ചോദ്യങ്ങൾ സമീപ വർഷങ്ങളിൽ ഉയർന്നുവന്നു

Published

|

Last Updated

ന്യൂഡൽഹി | ചരിത്രപരമായി ഇന്ത്യ ഒരു ഫലസ്തീൻ പക്ഷ രാഷ്ട്രമായിരുന്നെങ്കിലും നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം പരമ്പരാഗത നിലപാടിൽ നിന്നുള്ള വ്യതിചലനത്തിലാണ് ഇന്ത്യയുടെ ഇസ്‌റാഈൽ- ഫലസ്തീൻ വിഷയത്തിലെ സമീപനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇസ്‌റാഈലുമായുള്ള ഇന്ത്യയുടെ ബന്ധം അഭിവൃദ്ധി പ്രാപിച്ചപ്പോഴും ഫലസ്തീനോടുള്ള ചരിത്രപരമായ പ്രതിബദ്ധത നിലനിർത്തിയിരുന്നു. മാറുന്ന പശ്ചിമേഷ്യയിൽ ഇന്ത്യ ഈ സന്തുലിതാവസ്ഥ ഉപേക്ഷിച്ച് ഇസ്‌റാഈലിലേക്ക് ചായുകയാണോ എന്ന ചോദ്യങ്ങൾ സമീപ വർഷങ്ങളിൽ ഉയർന്നുവന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്‌റാഈലിൽ നടന്ന ഹമാസ് പ്രത്യാക്രമണത്തിന് തൊട്ടുപിന്നാലെ ഭീകരാക്രമണ വാർത്തയിൽ താൻ വളരെയധികം ഞെട്ടിപ്പോയിയെന്നും ഇസ്‌റാഈൽ ജനതയോടൊപ്പമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചതോടെ ഇന്ത്യ ഇസ്‌റാഈലിനൊപ്പമായെന്ന് വിലയിരുത്തപ്പെട്ടു. വിമർശം ശക്തമായതോടെ ഫലസ്തീന് സ്വതന്ത്ര രാഷ്ട്രമെന്ന ഇന്ത്യയുടെ നിലപാടിൽ നിന്ന് പിറകോട്ട് പോയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചെങ്കിലും പലപ്പോഴും പ്രത്യക്ഷ പിന്തുണ ഇസ്‌റാഈലിനൊപ്പമായി തുടർന്നു. ജീവകാരുണ്യസഹായമെത്തിക്കാൻ ഗസ്സയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു എൻ പൊതു സഭയുടെ പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിന്നതുൾപ്പെടെയുള്ള നടപടികളിലും കേന്ദ്ര സർക്കാറിന്റെ ഇസ്‌റാഈൽ പക്ഷപാതിത്വം വെളിവായി.

നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതൽ തന്നെ ഇന്ത്യയുടെ ഇസ്‌റാഈൽ ബന്ധം ശക്തി പ്രാപിച്ചിരുന്നു. 2017ൽ ഇസ്‌റാഈൽ സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറി. ഇന്ത്യയും ഇസ്‌റാഈലും തമ്മിലുള്ള സാമ്പത്തിക- സൈനിക കരാറുകൾക്ക് മോദിയുടെ നേതൃത്വത്തിൽ വേഗംകൂട്ടി. ഇന്ത്യയും ഇസ്‌റാഈലും തമ്മിൽ പ്രതിരോധം ഒഴികെയുള്ള ഉഭയകക്ഷി വ്യാപാരം 2022- 2023ൽ 10.1 ബില്യൺ ഡോളറിലെത്തി. ഇസ്‌റാഈലിന്റെ ഏഷ്യയിലെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയും ആഗോളതലത്തിൽ ഏഴാമത്തെ വലിയ വ്യാപാര പങ്കാളിയുമായി ഇന്ത്യ മാറി. റഷ്യക്കും ഫ്രാൻസിനും ശേഷം ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇസ്‌റാഈൽ.