Connect with us

Articles

ശതകോടീശ്വരന്മാരുടെ ഇന്ത്യ; ക്രിമിനലുകളുടെയും

കഴിഞ്ഞ ദിവസം രാജ്യസഭയിലെ ശതകോടീശ്വരന്മാരെ സംബന്ധിച്ചുള്ള പുതിയ ഒരു രേഖയും പുറത്തുവന്നിരിക്കുന്നു. രാജ്യസഭയിലെ 12 ശതമാനം എം പിമാര്‍ ശതകോടീശ്വരന്മാരാണെന്ന അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യസഭയിലെ 225 സിറ്റിംഗ് എം പിമാരില്‍ 75 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഈ റിപോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ഇന്ത്യന്‍ ജനാധിപത്യം കോടീശ്വരന്മാരുടെ കൈകളില്‍ അമര്‍ന്നിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. പാര്‍ലിമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളില്‍ നല്ലൊരു ശതമാനം ഈ ഗണത്തില്‍പ്പെട്ടവരാണ്. പാര്‍ലിമെന്റ്-അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ മണിപവറും മസില്‍പവറും പ്രധാനമായ റോളുകള്‍ നിര്‍വഹിക്കുകയും അത് ജനാധ്യപത്യത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയുമാണ്. ജനപ്രതിനിധി സഭയിലേക്ക് മെറിറ്റടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്നു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റ് പരിശോധിച്ചാല്‍ വലിയ സമ്പന്നര്‍ക്ക് മുന്‍ഗണന നല്‍കിയതെങ്ങനെയെന്ന് വ്യക്തമാകും.

ജനാധിപത്യത്തില്‍ സിദ്ധാന്തങ്ങളുടെ സ്വാധീനത്തേക്കാള്‍ ഏറെയായി സമ്പത്തിന്റെ സ്വാധീനത്തിന് ശക്തികൂടിയിട്ടുള്ളതായി സി ഡി ബേണ്‍സിനെപ്പോലുള്ള നിഷ്പക്ഷ ചിന്തകന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സമൂഹത്തില്‍ സാമ്പത്തിക സമത്വം നിലവിലുണ്ടായിരിക്കുക ആവശ്യമാണ്. സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ നിലനില്‍ക്കവെ ജനാധിപത്യ തത്ത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുക അസാധ്യമാണ്.

നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇപ്പോള്‍ വലിയ പ്രതിസന്ധിയില്‍ ചെന്നുപെട്ടിരിക്കുകയാണ്. സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ചെലവുള്ള തിരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കലും മത്സരിക്കലുമെല്ലാം അപ്രാപ്യമായിരിക്കുകയാണ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വലിയ ചെലവേറിയ ഒന്നാണ്. അതിനാല്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഫണ്ടിന് വേണ്ടി വഴിവിട്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. കണക്കില്‍ പെടാത്ത പണം തിരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ശതകോടീശ്വരന്മാര്‍ ഈ മേഖലയില്‍ വിളയാടുകയും ചെയ്യുന്നു. കുറ്റവാളികളും ചട്ടമ്പികളും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും മന്ത്രിമാരാകുന്നതും ഇന്ത്യയില്‍ സാധാരണമാണ്. 1996ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികളില്‍ 10 ശതമാനം പേര്‍ ക്രിമിനലുകളായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന വി ജി കൃഷ്ണമൂര്‍ത്തി കണ്ടെത്തുകയുണ്ടായി. ഇപ്പോഴത്തെ ക്രിമിനല്‍ ജനപ്രതിനിധികളുടെ എണ്ണമെടുക്കാതിരിക്കുന്നതാണ് നല്ലത്.

ധനശക്തിയുടെ സ്വാധീനം തിരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയേ മതിയാകൂ. ഈ ധനശക്തിയെ തടയുന്നതിന് തിരഞ്ഞെടുപ്പ് ചെലവുകള്‍ സ്റ്റേറ്റ് തന്നെ ഏറ്റെടുക്കണം. ഇതിനു വേണ്ടി ഒരു തിരഞ്ഞെടുപ്പ് ഫണ്ട് രാജ്യം സ്വരൂപിക്കണമെന്ന് തിരഞ്ഞെടുപ്പ് പരിഷ്‌കരണത്തിന് വേണ്ടിയുള്ള നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നതാണ്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം ശക്തമായി തടയണമെന്നും രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ പ്രവേശിക്കുന്നത് ഏത് വിധേനയും ഒഴിവാക്കണമെന്നും നേരത്തേ തന്നെ നിര്‍ദേശമുണ്ടായിരുന്നതാണ്. സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവടക്കം സംസ്ഥാനം വഹിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നതാണ്. നിര്‍ഭാഗ്യവശാല്‍ നാളിതുവരെ ഇതൊന്നും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.

ലോക്സഭയിലെയും വിവിധ നിയമ സഭകളിലെയും അംഗങ്ങളില്‍ നല്ലൊരു ശതമാനം ശതകോടീശ്വരന്മാരാണെന്ന് നേരത്തേ തന്നെ റിപോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളതാണ്. കഴിഞ്ഞ ദിവസം രാജ്യസഭയിലെ ശതകോടീശ്വരന്മാരെ സംബന്ധിച്ചുള്ള പുതിയ ഒരു രേഖയും പുറത്തുവന്നിരിക്കുന്നു. രാജ്യസഭയിലെ 12 ശതമാനം എം പിമാര്‍ ശതകോടീശ്വരന്മാരാണെന്ന അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. 223 എം പിമാരുടെ വിവരം പരിശോധിച്ചതില്‍ 27 പേര്‍ ശതകോടീശ്വരന്മാരാണ്. ആന്ധ്രയില്‍ നിന്നുള്ള 11 എം പിമാരില്‍ അഞ്ച് പേര്‍ (45 ശതമാനം) ശതകോടീശ്വരന്മാരുടെ പട്ടികയിലുണ്ട്. തെലങ്കാനയിലെ ഏഴില്‍ മൂന്ന് എം പിമാരും ശതകോടീശ്വരന്മാരാണ്. തെലങ്കാനയില്‍ നിന്നുള്ള ഏഴ് രാജ്യസഭാ അംഗങ്ങളുടെ ആകെ സ്വത്ത് 5,596 കോടി രൂപയാണ്. ആന്ധ്രയിലെ 11 എം പിമാരുടെ ആകെ സ്വത്ത് 3,823 കോടി രൂപയാണ്. യു പിയില്‍ നിന്നുള്ള 30 രാജ്യസഭാ അംഗങ്ങള്‍ക്കായി 1,941 കോടി രൂപയുടെ സ്വത്തുണ്ട്. തെലങ്കാനയില്‍ നിന്നുള്ള ടി ആര്‍ എസ്. എം പി ബണ്ടി പാര്‍ഥസാരഥിയാണ് ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം. ബണ്ടിയുടെ ആകെ സ്വത്ത് 5,300 കോടി രൂപയാണ്. 2,577 കോടി സ്വത്തുള്ള ആന്ധ്രയില്‍ നിന്നുള്ള വൈ എസ് ആര്‍ സി പി അംഗം അയോധ്യാ രാമീറെഡ്ഡിയാണ് സ്വത്തില്‍ രണ്ടാമന്‍. 1,001 കോടി രൂപയുടെ സ്വത്തുമായി ജയാബച്ചന്‍ മൂന്നാമതുണ്ട്. കേരളത്തില്‍ നിന്നുള്ള സമ്പന്നന്‍ പി വി അബ്ദുല്‍ വഹാബാണ്. 242 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

രാജ്യസഭയിലെ 225 സിറ്റിംഗ് എം പിമാരില്‍ 75 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഈ റിപോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാല് പേരുടെ കേസ് സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യമാണെന്നും അസ്സോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. രാജ്യസഭയില്‍ 33 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളുള്ളവരാണ്. നാല് എം പിമാര്‍ക്കെതിരെ കൊലക്കുറ്റം നിലവിലുണ്ട്. ബി ജെ പിയില്‍ നിന്നുള്ള 85 രാജ്യസഭാ എം പിമാരില്‍ 23 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്.

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള എം പിമാരുള്ളത് മഹാരാഷ്ട്രയില്‍ നിന്നാണ്. പിന്നാലെ ബിഹാറും ഉത്തര്‍ പ്രദേശും വരുന്നു. മഹാരാഷ്ട്രയില്‍ നിന്നുള്ള 19ല്‍ 12 എം പിമാര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. ബിഹാറിലെ 16ല്‍ 10 പേര്‍, ഉത്തര്‍ പ്രദേശിലെ 30ല്‍ ഏഴ് പേര്‍, തമിഴ്നാട്ടിലെ 18ല്‍ ആറ് പേര്‍, ബംഗാളിലെ 16ല്‍ അഞ്ച് പേര്‍ എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുള്ള എം പിമാരുടെ എണ്ണം.

മണിപവറും മസില്‍ പവറും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അസ്തിവാരം തോണ്ടുകയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രാജ്യസഭയിലെ ശതകോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും എണ്ണം ഈ സഭയുടെ മാത്രം പ്രത്യേകതയല്ല; ഏതാണ്ട് ഈ നിലയില്‍ തന്നെയാണ് ലോക്സഭയിലെ സ്ഥിതിവിവരക്കണക്കുകളും. വിവിധ സംസ്ഥാന നിയമസഭകളിലെ റിപോര്‍ട്ടുകള്‍ സ്വരൂപിച്ചാല്‍ ശതകോടീശ്വരന്മാരുടെയും ക്രിമിനലുകളുടെയും കാര്യത്തില്‍ രാജ്യസഭയിലെ സ്ഥിതി തന്നെയാണ് അവിടെയുമുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും.

ഇന്ത്യന്‍ ജനാധിപത്യം അക്ഷരാര്‍ഥത്തില്‍ ശതകോടീശ്വരന്മാരുടെ കൈകളില്‍ അമര്‍ന്നിരിക്കുകയാണെന്ന് തന്നെയാണ് മേല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളില്‍ അധികവും വന്‍കുത്തക വ്യവസായികളുടെയും ശതകോടീശ്വരന്മാരുടെയും അനുസരണയുള്ള കളിത്തോഴരായി മാറിയ ചിത്രമാണ് രാജ്യത്ത് തെളിഞ്ഞ് വരുന്നത്. രാജ്യത്തെ വന്‍കിട കുത്തകകളും ശതകോടീശ്വരന്മാരും ഭരണത്തിലുള്ള പാര്‍ട്ടികളെ മാത്രമല്ല, പ്രതിപക്ഷത്തുള്ള പാര്‍ട്ടികളെയും സ്വാധീനിക്കുകയും വിലക്കെടുക്കുകയും ചെയ്യുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ വമ്പന്മാര്‍ക്ക് മാത്രം മുന്‍തൂക്കം ലഭിക്കുകയും ചെയ്യുന്നു.
തിരഞ്ഞെടുപ്പുകളിലെ പണസ്വാധീനം കുറക്കാന്‍ സ്ഥാനാര്‍ഥികളുടേതടക്കമുള്ള തിരഞ്ഞെടുപ്പ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നുള്ള, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തേ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ തിരഞ്ഞെടുപ്പിലെ പണസ്വാധീനം കുറക്കാന്‍ കഴിയും. നിര്‍ഭാഗ്യവശാല്‍ ആരും ഇതിന് തയ്യാറാകുന്നില്ല. അതിന്റെ അനന്തര ഫലമായി നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ വെറും പ്രഹസനമായി മാറുന്നു.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest