Kerala
വിനിമയം സാധ്യമാകാതെ ഇന്ത്യാ പോസ്റ്റ് പെയ്മന്റ് ബേങ്ക് ഉപഭോക്താക്കള്‍
പരിഷ്‌കാരങ്ങള്‍ ദുരിതമായി; അന്വേഷണത്തിനുള്ള ഫോണ്‍ നമ്പറും പ്രവര്‍ത്തനരഹിതം
കോട്ടക്കല്‍ | ഇന്ത്യാ പോസ്റ്റ് പെയ്മന്റ് ബേങ്കില്‍ അംഗത്വമുള്ള ഉപഭോക്താക്കള്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ആവശ്യത്തിന് പണം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ്. സെര്‍വര്‍ പണിമുടക്കുന്നതാണ് ഉപഭോക്താക്കളെ വലക്കുന്നത്. പലപ്പോഴും പണം നല്‍കാനായി സംവിധാനം ഉപയോഗിക്കുമ്പോള്‍ സെര്‍വര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ഒന്നും നടത്താനാകാതെ ബുദ്ധിമുട്ടുകയാണ്.
ഇതുസംമ്പന്ധിച്ച് അന്വേഷണത്തിനുള്ള ഫോണ്‍ നമ്പറും പ്രവര്‍ത്തനരഹിതമായതോടെ ഇരട്ടി ദുരിതമാണിപ്പോള്‍. ഗ്രാമീണ തൊഴിലുറപ്പ് അംഗങ്ങള്‍, കര്‍ഷകര്‍, പി എം കിസാന്‍ പദ്ധതിയില്‍ അംഗമായവര്‍ എന്നിവരെല്ലാം ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതി ന്റെ ഭാഗമായാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബേങ്കിംഗ് പദ്ധതി നടപ്പാക്കിയത്. ഇതര ബേങ്കുകളേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിച്ചതോടെ തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും ഇതിലേക്ക് മാറിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും അവശ്യസമയത്ത് പണം ലഭ്യമാകുന്നില്ലെന്നാണ് പരാതി.
2018ല്‍ ആരംഭിച്ച പദ്ധതിക്ക് കീഴില്‍ ഏകദേശം നാല് കോടി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. വിവിധങ്ങളായ വാതില്‍പ്പടി സേവനങ്ങള്‍ ഇന്ത്യാ പോസ്റ്റ് ഇതുവഴി നടപ്പാക്കുന്നുണ്ട്. പണം നിക്ഷേപിക്കാനും ആവശ്യാനുസരണം പിന്‍വലിക്കാനും അവസരമുണ്ട്. അതേസമയം, തുടക്കത്തില്‍ പറഞ്ഞിരുന്ന എല്ലാ ആനുകൂല്യങ്ങളും ഇപ്പോള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നതും ഉപഭോക്താക്കളെ വെട്ടിലാക്കിയിട്ടുണ്ട്. എസ് എം എസിന് വരെ ചാര്‍ജ് ഈടാക്കുന്നതാണ് പുതിയ പരിഷ്‌കാരം.
തുടക്കസമയത്ത് പണം നിക്ഷേപിക്കുന്നതിനും സ്വീകരിക്കുന്നതിനും പരിധി കണക്കാക്കിയിരുന്നില്ല. അത്കൊണ്ട് തന്നെ നൂറ് രൂപ വെച്ച് അക്കൗണ്ട് തുടങ്ങിയവരുടെ നിക്ഷേപം ഇപ്പോള്‍ വട്ടപൂജ്യമാണ്. പലപ്പോഴായി വിവിധ പേരുകളില്‍ അവ പിടിച്ചെടുത്തതാണ് ഇതിന് കാരണം.
കഴിഞ്ഞ ജനുവരിയിലാണ് പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് പുതിയ ഉത്തരവുണ്ടായത്. മറ്റെല്ലാ ബേങ്കുകളെയും പോലെ തന്നെ ഇന്ത്യാ പോസ്റ്റ് ബേങ്കിംഗ് സേവനങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചു. അഞ്ച് തവണയില്‍ കൂടുതലായി 10,000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുമ്പോള്‍ ഉപഭോക്താക്കള്‍ അധിക ചാര്‍ജ് നല്‍കേണ്ടിവരുന്നു. നാല് തവണയില്‍ കൂടുതല്‍ പണം പിന്‍വലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താല്‍ ഉപഭോക്താക്കളില്‍നിന്ന് ഇടപാട് മൂല്യത്തിന്റെ 0.5 ശതമാനം ചാര്‍ജ് ഈടാക്കുന്നുണ്ട്.
സംസ്ഥാനത്ത് 14 ജില്ലകളിലും ഓരോ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമേ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വാതില്‍പ്പടി സേവനങ്ങള്‍ നേരത്തെ സൗജന്യമായി ലഭിച്ചിരുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ഇത് ഏറെ ആശ്വാസം ലഭിച്ചിരുന്നതാണ്. ഇപ്പോള്‍ നിക്ഷേപവും പിന്‍വലിക്കലും എല്ലാം ദുരിതമായ അവസ്ഥയിലാണ് ഉപഭോക്താക്കള്‍.