National
രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവിക സേന കപ്പല്‍ സുഡാനിലെത്തി
സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി | ആഭ്യന്തര യുദ്ധം തുടരുന്ന സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിന് വ്യോമസേനയും നാവികസേനയും സജ്ജമെന്ന് വിദേശകാര്യ മന്ത്രാലയം. രക്ഷാദൗത്യത്തിന്റെ ഭാഗമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എന്‍ എസ് സുമേധ പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയില്‍ ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സുഡാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും സാഹചര്യം മാറുന്നത് അനുസരിച്ചാകും രക്ഷൗദൗത്യം തുടങ്ങുകയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുഡാന്‍ അധികൃതരുമായും ഐക്യരാഷ്ട്രസഭ, സഊദി, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായും വിദേശകാര്യമന്ത്രാലയവും എംബസിയും ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മൂവായിരത്തോളം ഇന്ത്യക്കാര്‍ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.