Connect with us

Editorial

ഇന്ത്യ-സഊദി വ്യാപാര കരാര്‍

പ്രമുഖ ഇന്ത്യന്‍ വ്യവസായി എം എ യൂസുഫലി അഭിപ്രായപ്പെട്ടതു പോലെ സഊദി രാജകുമാരന്റെ ഇപ്പോഴത്തെ സന്ദര്‍ശനവും പുതിയ കരാറുകളും ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിനൊപ്പം കേരളത്തില്‍ നിന്നുള്ള നിക്ഷേപകര്‍ക്കടക്കം കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

ജി 20 ഉച്ചകോടിയോടനുബന്ധിച്ച് സഊദി അറേബ്യയുമായി സുപ്രധാനമായ ചില വ്യാപാര, വ്യവസായ കരാറുകളില്‍ ഒപ്പിടുകയുണ്ടായി ഇന്ത്യ. ഊര്‍ജം, ഡിജിറ്റലൈസേഷന്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാണം, നിക്ഷേപങ്ങള്‍, കടല്‍ വെള്ള ശുദ്ധീകരണം, വ്യവസായങ്ങള്‍, സുരക്ഷ, സാമ്പത്തികം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് പുതിയ കരാര്‍. ജി 20 ഉച്ചകോടിക്കു ശേഷം സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഉഭയകക്ഷി വ്യാപാരത്തിലൂടെ 52 ബില്യണ്‍ ഡോളറിലധികം നേട്ടമുണ്ടാക്കാനും 23 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്താനും ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിരുന്നു. പുതിയ കരാര്‍ വ്യാപാര മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരാറനുസരിച്ച് ഇന്ത്യ-സഊദി സൈനിക സഹകരണം വിപുലമാക്കുകയും ഇന്ത്യന്‍ ആയുധ നിര്‍മാണ കമ്പനികള്‍ സഊദിയില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും. വിദ്യാഭ്യാസ മേഖലയില്‍ സര്‍വകലാശാലകള്‍ തമ്മിലുള്ള സഹകരണത്തിനും ധാരണയായതായി വിദേശകാര്യ സെക്രട്ടറി അറിയിച്ചു. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ 2019 ഫെബ്രുവരിയിലെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ സഊദിയുടെ ഭാഗത്ത് നിന്ന് വാഗ്ദാനം ചെയ്ത 100 ബില്യണ്‍ ഡോളര്‍ നിക്ഷേപം കാര്യക്ഷമമാക്കാനും ഒരു ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപവത്കരിക്കാനും ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്. വെസ്റ്റ് കോസ്റ്റ് റിഫൈനറി, സഊദി അരാംകോ, അബൂദബി നാഷനല്‍ ഓയില്‍ കമ്പനി എന്നിവയും ഇന്ത്യന്‍ കമ്പനികളും ചേര്‍ന്നു സ്ഥാപിക്കുന്ന മെഗാ പ്ലാന്റിനാണ് ഇതില്‍ 50 ബില്യണിന്റെ നിക്ഷേപം.

ആഗസ്റ്റ് മധ്യത്തില്‍ ഇന്ത്യന്‍ ഇലക്ട്രോണിക്സ്, ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സഊദി സന്ദര്‍ശനവേളയില്‍ ഡിജിറ്റല്‍ ഇക്കോണമി സഹകരണ കരാറില്‍ ഒപ്പ് വെച്ചിരുന്നു ഇന്ത്യയും സഊദിയും. ഇരു രാജ്യങ്ങളിലും തൊഴില്‍ അവസരവും നിക്ഷേപവും വര്‍ധിക്കാന്‍ സഹായകമായ ഈ കരാറില്‍ സഊദി അറേബ്യയെ പ്രതിനിധാനം ചെയ്ത് സാങ്കേതിക വകുപ്പ് മന്ത്രി അബ്ദുല്ല അല്‍ സ്വാഹയാണ് ഒപ്പ് വെച്ചത്. കാര്‍ഷിക, വ്യാവസായിക സള്‍ഫര്‍ നിര്‍മിക്കുന്ന സഊദി കമ്പനി മേധാവികളും ഇന്ത്യന്‍ കമ്പനിയും തമ്മില്‍ ദമ്മാമില്‍ ആഗസ്റ്റ് അവസാനം നടന്ന ഒരു കൂടിക്കാഴ്ചയില്‍, സഊദിയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ സള്‍ഫര്‍ കയറ്റി അയക്കാനുള്ള കരാറില്‍ ഒപ്പ് വെച്ചിട്ടുണ്ട്.

ഇന്ത്യ-സഊദി വ്യാപാര, സാംസ്‌കാരിക ബന്ധത്തിന് മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുണ്ട്. യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ ഉദയം വരെ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ചുക്കാന്‍ പിടിച്ചിരുന്നത് അറബ് വ്യാപാരികളായിരുന്നു. ഇറാനും റഷ്യയും കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വാങ്ങുന്നത് സഊദിയില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യവുമാണ് സഊദി. ഈ ബന്ധമിപ്പോള്‍ കൂടുതല്‍ ഊഷ്മളമാകുകയാണ്.

ഇടക്കാലത്ത്, 1971ലെ ഇന്ത്യ-പാക് യുദ്ധസമയത്തും കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടും ഇന്ത്യയും സഊദിയും തമ്മിലുള്ള ബന്ധത്തിന് അല്‍പ്പം ഉലച്ചില്‍ തട്ടിയിരുന്നു. ക്രമേണ ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടു വരവെ 2019ല്‍ പാക്കിസ്ഥാനുമായി സഊദി അറേബ്യ 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക കരാറില്‍ ഒപ്പിട്ടത് ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ സൃഷ്ടിക്കുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലൂടെയുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി പാക്കിസ്ഥാനിലെത്തിയപ്പോഴാണ് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അന്നത്തെ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി കരാറില്‍ ഒപ്പ് വെച്ചത്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് ആരോപിക്കപ്പെടുകയും ഇതേ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനവും കരാര്‍ പ്രഖ്യാപനവും. എങ്കിലും ഇന്ത്യയുമായുള്ള ബന്ധത്തില്‍ അത് കാര്യമായ ചലനം സൃഷ്ടിച്ചില്ല.

2016ല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ചൈന, ജപ്പാന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര യാത്രാ കാലത്ത് ഇന്ത്യയെയും സഊദിയെയും തമ്മില്‍ അകറ്റാന്‍ ഇറാന്‍ ഒരു ഗൂഢ ശ്രമം നടത്തിയിരുന്നു. സഊദി രാജകുമാരന്റെ പര്യടനത്തിനെതിരെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റേതെന്ന വ്യാജേന ഒരു പ്രസ്താവന പ്രചരിപ്പിച്ചാണ് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിച്ചത്. സഊദി കിരീടാവകാശിയുടെ പര്യടനത്തിന് ഇന്ത്യ ഒരു പ്രാധാന്യവും കല്‍പ്പിക്കുന്നില്ലെന്നും തന്ത്രപ്രധാനമായ എന്തെങ്കിലും നേട്ടം കൈവരിക്കാന്‍ ഈ പര്യടനത്തിനാകില്ലെന്നും സുഷമാ സ്വരാജ് അഭിപ്രായപ്പെട്ടുവെന്നായിരുന്നു ലബനാനിലെ ഹിസ്ബുല്ല ഇറാന്‍ ചാനലായ അല്‍ ആലം റിപോര്‍ട്ട് ചെയ്തത്. അമേരിക്കയുടെ പിന്തുണയുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ നീക്കങ്ങള്‍ക്കെതിരെ സുഷമാ സ്വരാജ് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയതായും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. സഊദി രാജകുമാരന്റെ പര്യടനവുമായി ബന്ധപ്പെട്ട് ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്റെ ചോദ്യത്തിന് സുഷമാ സ്വരാജിന്റെ പ്രതികരണമെന്ന മട്ടിലാണ് അല്‍ ആലം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വിവരമറിഞ്ഞ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇത് വ്യാജമാണെന്ന് സഊദി എംബസിയെ ബോധ്യപ്പെടുത്തിയതോടെ ഇറാന്‍ നീക്കം പൊളിയുകയായിരുന്നു.

പ്രമുഖ ഇന്ത്യന്‍ വ്യവസായി എം എ യൂസുഫലി അഭിപ്രായപ്പെട്ടതു പോലെ സഊദി രാജകുമാരന്റെ ഇപ്പോഴത്തെ സന്ദര്‍ശനവും പുതിയ കരാറുകളും ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിനൊപ്പം കേരളത്തില്‍ നിന്നുള്ള നിക്ഷേപകര്‍ക്കടക്കം കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

---- facebook comment plugin here -----

Latest