Connect with us

articles

ഒറ്റത്തിരഞ്ഞെടുപ്പിനെ ഇന്ത്യ സൂക്ഷിക്കണം

പണത്തിന്റെയും സമയത്തിന്റെയും ലാഭ വര്‍ത്തമാനവും ഏക് ഭാരത് ഘോഷവും ഒറ്റത്തിരഞ്ഞെടുപ്പിനുള്ള മേമ്പൊടി മാത്രമാണ്. അതിനപ്പുറം ഏകീകൃത തിരഞ്ഞെടുപ്പിന് പിന്നില്‍ ചില കാര്യമായ അജന്‍ഡകള്‍ ഭരണകൂടത്തിനുണ്ടെന്ന് തന്നെ വേണം മനസ്സിലാക്കാന്‍. ആ അജന്‍ഡകള്‍ നമ്മുടെ ജനാധിപത്യത്തെയും ഫെഡറലിസത്തെയും മാറ്റിനിര്‍ത്തി കൊണ്ടുള്ളതാകാന്‍ മാത്രമേ തരമുള്ളൂ.

Published

|

Last Updated

2014ന് ശേഷം നിര്‍ണായകമായ പല നിയമനിര്‍മാണങ്ങള്‍ക്കും നിയമ ഭേദഗതികള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുന്നാക്ക സാമ്പത്തിക സംവരണ ഭരണഘടനാ ഭേദഗതി, പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീര്‍ പുനഃസംഘടനാ നിയമം തുടങ്ങിയവ അതില്‍ പെട്ടതാണ്. ഒരുപക്ഷേ, ഇന്ത്യയെന്ന ജനാധിപത്യ റിപബ്ലിക്കിനെ ദീര്‍ഘകാലത്തേക്ക് സ്വാധീനിക്കാന്‍ പോകുന്ന നിയമനിര്‍മാണ നീക്കമാണ് രാജ്യത്താകമാനം ഏകീകൃത പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന 129ാം ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍.

ഒറ്റത്തിരഞ്ഞെടുപ്പിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന രണ്ട് ബില്ലുകളിലൊന്ന് ഭരണഘടനാ ഭേദഗതി ആവശ്യമായതാണെന്നിരിക്കെ നടപ്പു സാഹചര്യത്തില്‍ രാജ്യം ഭരിക്കുന്നവര്‍ മാത്രം വിചാരിച്ചാല്‍ ബില്ല് കര തൊടില്ല. പാര്‍ലിമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ് 82എ എന്ന പേരില്‍ കൊണ്ടുവരുന്ന ഭരണഘടനാ ഭേദഗതി പാസ്സാകാന്‍. അതിനാല്‍ ഭരണകൂടം സമവായത്തിന് ശ്രമിക്കുന്നു. പ്രതിപക്ഷ സഹകരണം ആഗ്രഹിക്കുന്നു. പ്രതിപക്ഷം ഇതിനകം തന്നെ ബില്ലിനെതിരെ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കെ ബില്ലിന്‍മേല്‍ സംയുക്ത പാര്‍ലിമെന്ററി സമിതിയുടെ പരിശോധന സമ്മതിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഒട്ടും വൈമനസ്യമുണ്ടാകാനിടയില്ല.

എന്നാല്‍ പോയ പത്ത് വര്‍ഷങ്ങളിലെ ചിത്രം ഇതായിരുന്നില്ല. എല്ലാം ഏകപക്ഷീയമായിരുന്നു. പാര്‍ലിമെന്റിനെ നോക്കുകുത്തിയാക്കി ചുട്ടെടുക്കുകയായിരുന്നു ബില്ലുകള്‍. പാര്‍ലിമെന്റിലെ ജനാധിപത്യ ശബ്ദം പ്രതിപക്ഷത്തിന്റേതാണെങ്കില്‍ അതിനെ ഗൗനിച്ചതേയില്ല ഭരണകൂടം. ഭരിക്കുന്നവരുടെ വാക്കിലും വിനിമയങ്ങളിലും അത് പ്രകടവുമായിരുന്നു. 2019ലെ രണ്ടാം വരവിന്റെ ആദ്യത്തില്‍ ലോക്‌സഭയില്‍ എന്‍ ഐ എ നിയമ ഭേദഗതി അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അവസാനിപ്പിച്ചത് ഭീകരവാദത്തെ പിന്തുണക്കുന്നവരെ ഒന്ന് കാണട്ടെ എന്നാക്രോശിച്ചു കൊണ്ടായിരുന്നു. അതില്‍ ഉലഞ്ഞുപോയ പ്രതിപക്ഷം പൗരാവകാശ നിഷേധിയായ പ്രസ്തുത നിയമ ഭേദഗതിയെ പ്രതിരോധിക്കാന്‍ പാടുപെട്ടത് നാം കണ്ടതാണ്.

ഇന്നിപ്പോള്‍ പ്രതിപക്ഷത്തെ വിറപ്പിക്കാനുള്ള വ്യക്തമായ മേധാവിത്വമില്ല ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാറിന്. ഏകാധിപത്യ പ്രവണതക്ക് അവധി കൊടുത്ത് പ്രതിപക്ഷത്തെ എങ്ങനെയെങ്കിലും പ്രീണിപ്പിച്ച് ഒറ്റത്തിരഞ്ഞെടുപ്പെന്ന തുരുപ്പുചീട്ട് സാധ്യമാക്കണമെന്ന് താത്പര്യപ്പെടുന്നു കേന്ദ്ര സര്‍ക്കാര്‍. പണത്തിന്റെയും സമയത്തിന്റെയും ലാഭ വര്‍ത്തമാനവും ഏക് ഭാരത് ഘോഷവും ഒറ്റത്തിരഞ്ഞെടുപ്പിനുള്ള മേമ്പൊടി മാത്രമാണ്. അതിനപ്പുറം ഏകീകൃത തിരഞ്ഞെടുപ്പിന് പിന്നില്‍ ചില കാര്യമായ അജന്‍ഡകള്‍ ഭരണകൂടത്തിനുണ്ടെന്ന് തന്നെ വേണം മനസ്സിലാക്കാന്‍. ആ അജന്‍ഡകള്‍ നമ്മുടെ ജനാധിപത്യത്തെയും ഫെഡറലിസത്തെയും മാറ്റിനിര്‍ത്തി കൊണ്ടുള്ളതാകാന്‍ മാത്രമേ തരമുള്ളൂ.

രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത് ആന്ധ്രാപ്രദേശ്, ഒഡിഷ, സിക്കിം സംസ്ഥാനങ്ങളിലാണ്. ലോക്‌സഭയിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമനിര്‍മാണമാണല്ലോ നടത്തുന്നത്. അതിനായി 82എ എന്ന പേരില്‍ പുതിയ ഉള്ളടക്കം കൊണ്ടുവരാനുള്ള ഭരണഘടനാ ഭേദഗതിയാണ് ഒരുങ്ങുന്നത്. ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്തലാണ് കൂട്ടിച്ചേര്‍ക്കുന്ന പുതിയ ഉപവകുപ്പിന്റെ ലക്ഷ്യം. പാര്‍ലിമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും കാലാവധികളില്‍ മാറ്റം വരുത്തുന്നതിന് യഥാക്രമം 83, 172 അനുഛേദങ്ങള്‍ ഭേദഗതി വരുത്താനും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. കൂടാതെ സംസ്ഥാന നിയമസഭകളുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് പാര്‍ലിമെന്റിനുള്ള അധികാരം ബലപ്പെടുത്താനുള്ള ഭേദഗതിയുമുണ്ട്.

സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം കേന്ദ്ര ഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുകളും നടത്തുന്നതിനായി കൊണ്ടുവരുന്ന യൂനിയന്‍ ടെറിട്ടറീസ് ലോ (അമെന്‍ഡ്‌മെന്റ്) ബില്ല് 2024 പാസ്സാകാന്‍ പാര്‍ലിമെന്റില്‍ കേവല ഭൂരിപക്ഷം മതിയാകും. അതേസമയം ഗവണ്‍മെന്റ് ഓഫ് യൂനിയന്‍ ടെറിട്ടറീസ് ആക്ട് 1963, ഗവണ്‍മെന്റ് ഓഫ് നാഷനല്‍ കാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി ആക്ട് 1991, ജമ്മു ആന്‍ഡ് കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ആക്ട് 2019 എന്നീ നിയമങ്ങള്‍ അതിനായി ഭേദഗതി ചെയ്യേണ്ടതുമുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമുള്ള ആദ്യ പാര്‍ലിമെന്റ്സിറ്റിംഗ് തീയതിയില്‍ രാഷ്ട്രപതിയുടെ പൊതു വിജ്ഞാപനത്തിലൂടെ 82എ എന്ന പുതിയ ഭരണഘടനാ ഭേദഗതി പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. ലോക്‌സഭയിലേക്കും എല്ലാ സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ളതാണല്ലോ പ്രസ്തുത ഭരണഘടനാ ഭേദഗതി. രാഷ്ട്രപതിയുടെ പൊതു വിജ്ഞാപന തീയതിയെ പൂര്‍വനിശ്ചിത തീയതിയായി കണ്ട് അതിന് ശേഷവും ലോക്‌സഭയുടെ കാലാവധി കഴിയുന്നതിനും മുമ്പായി പൊതുതിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന എല്ലാ സംസ്ഥാന നിയമസഭകളുടെയും കാലാവധി ലോക്‌സഭയുടെ കാലാവധി കഴിയുന്നതോടെ അവസാനിക്കും. ലോക്‌സഭയുടെ കാലാവധി കഴിയുന്നതിന്റെ മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഏകീകൃത തിരഞ്ഞെടുപ്പ് മാന്‍ഡേറ്റ്.

പ്രസ്താവിത ബില്ലിന്റെ 82എ(5) വകുപ്പ് പ്രകാരം ഏതെങ്കിലും സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ലോക്‌സഭാ പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്താന്‍ കഴിയില്ലെന്ന അഭിപ്രായം തിരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ടാകുന്ന പക്ഷം മറ്റൊരു തീയതിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവിനായി കമ്മീഷന്‍ രാഷ്ട്രപതിക്ക് ശിപാര്‍ശ അയക്കണം. അങ്ങനെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്ന സാഹചര്യത്തിലും ലോക്‌സഭക്കൊപ്പം പ്രസ്തുത നിയമസഭയുടെയും കാലാവധി തീരുന്നതാണ്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് ലോക്‌സഭ പിരിച്ചുവിട്ടാല്‍ ശേഷിക്കുന്ന കാലാവധിക്ക് വേണ്ടി ഇടക്കാല തിരഞ്ഞെടുപ്പ് നടത്തും. അങ്ങനെ നിലവില്‍ വരുന്ന പുതിയ ലോക്‌സഭ മുന്‍ സഭയുടെ തുടര്‍ച്ചയായിരിക്കില്ല. ഇതേപ്രകാരം സംസ്ഥാന നിയമസഭകളിലേക്കും ഇടക്കാല തിരഞ്ഞെടുപ്പിനുള്ള വകുപ്പുകള്‍ ഉണ്ടാകുന്ന വിധമാണ് ഒറ്റത്തിരഞ്ഞെടുപ്പിനുള്ള നിയമനിര്‍മാണ ക്രമീകരണങ്ങള്‍.

രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കാതലായ മാറ്റങ്ങളാണ് ഏകീകൃത തിരഞ്ഞെടുപ്പിന്റെ പിന്നിലുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബാധകമാകുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഏകീകൃതമല്ലാത്ത തിരഞ്ഞെടുപ്പ് പൊതുപണവും സമയവും കവരുന്നു എന്നൊക്കെ പറയുമ്പോഴും രാജ്യത്തിന്റെ ജനാധിപത്യ, ഫെഡറല്‍ മൂല്യങ്ങളെ കൈയൊഴിഞ്ഞ ഏകശിലാത്മക രാഷ്ട്ര നിര്‍മിതിയിലേക്കുള്ള ചുവടുവെപ്പാകരുത് ഒറ്റത്തിരഞ്ഞെടുപ്പെന്ന ജാഗ്രതയാണ് പ്രതിപക്ഷത്തിനും രാജ്യത്തെ ജനാധിപത്യ പൗരന്‍മാര്‍ക്കുമുണ്ടാകേണ്ടത്. ഓരോ പൊതുതിരഞ്ഞെടുപ്പിനുമൊടുവില്‍ ക്രമക്കേടുകളെക്കുറിച്ചുള്ള കഴമ്പുള്ള ആക്ഷേപങ്ങളാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നതെന്നത് കാണാതിരുന്നു കൂടാ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലുള്ള പൗരവിശ്വാസം കുറയുന്നതിന് നിദാനമാകുന്ന സന്ദര്‍ഭങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഒറ്റത്തിരഞ്ഞെടുപ്പിനെ ഒന്നിരുത്തി വായിക്കേണ്ടതുണ്ട് രാജ്യം.

Latest