Kerala
ഇന്ത്യയെ പ്രകോപിപ്പിക്കാനില്ല, വിഷയം ഗൗരവമായി കണാണം; വിശദീകരണവുമായി ജസ്റ്റിന്‍ ട്രൂഡോ
ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.
ന്യൂഡല്‍ഹി | ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുമായുള്ള ബന്ധം വഷളായതില്‍ വിശദീകരണവുമായി കാനഡ. ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വിഷയം ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു. ഹര്‍ദീപ് സിങ് നിജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു.
ഇതിന് പിറകെ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയിരുന്നു. ആരോപണം നിഷേധിച്ച ഇന്ത്യ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. 5 ദിവസത്തിനകം രാജ്യം വിടണമെന്നാണ് നിര്‍ദേശം നല്‍കുകയും ചെയ്തു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ നടത്തുന്ന ഇടപെടലിന്റേയും അവരുടെ ഇന്ത്യാ വിരുദ്ധ നടപടികളുടേയും ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ജൂണിലാണ് ഹര്‍ദീപ് സിങ് നിജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.