Connect with us

From the print

കരുത്തുകൂട്ടാന്‍ ഇന്ത്യ; റാഫേല്‍ കരാര്‍ ഒപ്പുവെച്ചു

63,000 കോടിയുടെ കരാര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | സമുദ്ര മേഖലയില്‍ പ്രതിരോധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യ ഒപ്പുവെച്ചു. നാവികസേനക്കായി മറീന്‍ (റാഫേല്‍ എം) വിഭാഗത്തിലുള്ള 26 യുദ്ധവിമാനം വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

22 സിംഗിള്‍ സീറ്റര്‍ ജെറ്റുകളും നാല് ഇരട്ട സീറ്റ് ട്രെയിനര്‍ വിമാനങ്ങളും വാങ്ങുന്നതിനാണ് കരാര്‍. 2031 ഓടെ വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറും. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, പരിശീലനം, ലോജിസ്റ്റിക് പിന്തുണ, തദ്ദേശീയമായി ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കം കരാറിന്റെ ഭാഗമാണ്.

റഷ്യയില്‍ നിന്ന് വാങ്ങിയ ഐ എന്‍ എസ് വിക്രമാദിത്യ, തദ്ദേശീയമായി നിര്‍മിച്ച ഐ എന്‍ എസ് വിക്രാന്ത് എന്നിവയില്‍ റാഫേല്‍ എം വിമാനങ്ങള്‍ വിന്യസിക്കാനാണ് തീരുമാനം. നിലവിലുള്ള മിഗ്- 29 കെ യുദ്ധവിമാനങ്ങള്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) വികസിപ്പിച്ചെടുക്കുന്ന തദ്ദേശീയമായി നിര്‍മിച്ച അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും വൈകാതെ നാവികസേനയുടെ ഭാഗമാകും. ഇതോടെ ഇന്ത്യയുടെ നാവികശക്തി വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ സമുദ്രത്തിലെ ഭീഷണികള്‍ നേരിടാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍, നാവികസേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍, ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തോറെ മാതോ എന്നിവര്‍ പങ്കെടുത്തു. കരാര്‍ ഒപ്പുവെക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നു.
വ്യോമസേനയുടെ കൈവശം നിലവില്‍ 36 റാഫേല്‍ യുദ്ധവിമാനങ്ങളാണുള്ളത്. 2016ല്‍ ഒപ്പുവെച്ച അറുപതിനായിരം കോടി രൂപയുടെ കരാര്‍ പ്രകാരമാണ് ഇവ ലഭിച്ചത്.

 

Latest