Connect with us

pak politics

പാക്കിസ്ഥാനിൽ മുഴങ്ങുന്ന ഇന്ത്യ

കൃത്യമായ അജൻഡ സൃഷ്ടിക്കുകയും അതിന് പിറകേ വരാൻ പ്രതിപക്ഷത്തെ നിർബന്ധിതമാക്കുകയും ചെയ്യുന്നുണ്ട് ഇംറാൻ ഖാൻ. പ്രതിപക്ഷത്തെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പറയുന്നത് കേട്ടില്ലേ? ഇംറാന് ഇന്ത്യയെ അത്രക്ക് പ്രിയമാണെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്ക് പോകട്ടേയെന്ന്. ഇത് ഇംറാൻ കുഴിച്ച കുഴിയാണ്.

Published

|

Last Updated

പാക്കിസ്ഥാനെ നോക്കി കളിക്കളത്തിന്റെ പദാവലികൾ ഇനി പ്രയോഗിക്കുന്നതിൽ അർഥമില്ല. കുത്തിയേറിനും ബോൾ ടാമ്പറിംഗിനും ഫീൽഡറില്ലാത്ത ഇടത്തേക്ക് വെട്ടിത്തിരിയുന്ന ഷോട്ടുകൾക്കും ഇനി സമയമുണ്ടെന്ന് തോന്നുന്നില്ല. അത്തരം നെറികെട്ട കളികളൊക്കെ കളിച്ചു കളഞ്ഞിരിക്കുന്നു. ഇനി ദീർഘവും പ്രത്യക്ഷവുമായ ഏറ്റുമുട്ടലിന്റെ ദിനങ്ങളാണ്. തെരുവിലും തിരഞ്ഞെടുപ്പ് ഗോദയിലും അതിന്റെ എല്ലാ വന്യതകളോടെയും ആ പോരാട്ടം അരങ്ങേറും. ഏച്ചു കെട്ടിയ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവായി ശഹബാസ് ശരീഫ് വന്നാലും ആ പോരാട്ടം നിലക്കില്ല. സൈന്യം കർട്ടന് പിറകിൽ നിന്ന് ചരടു വലിക്കാനാണ് തീരുമാനിക്കുന്നതെങ്കിൽ പാക്കിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരിന് സാക്ഷ്യം വഹിക്കും. അത് ആ ജനതയെ കൂടുതൽ രാഷ്ട്രീയവത്കരിക്കുകയും സിവിലിയൻ പ്രാമാണിത്തം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യും. സൈന്യം ഇറങ്ങിക്കളിക്കാനാണ് പോകുന്നതെങ്കിൽ പാക്കിസ്ഥാൻ അതിവേഗം പിന്നോട്ട് നടക്കും. അത് നിർഭ്യാഗ്യകരമായ പതനമായിരിക്കും. ആദ്യത്തെ സാധ്യത തന്നെയാണ് തിളങ്ങി നിൽക്കുന്നത്.

തലകുനിച്ചല്ല ഇംറാൻ മടങ്ങുന്നത്. കൃത്യമായ അജൻഡ സൃഷ്ടിക്കുകയും അതിന് പിറകേ വരാൻ പ്രതിപക്ഷത്തെ നിർബന്ധിതമാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പ്രതിപക്ഷത്തെ ഏറ്റവും തലയെടുപ്പുള്ള നേതാവ് പറയുന്നത് കേട്ടില്ലേ? ഇംറാന് ഇന്ത്യയെ അത്രക്ക് പ്രിയമാണെങ്കിൽ അദ്ദേഹം ഇന്ത്യയിലേക്ക് പോകട്ടേയെന്ന്. ഇത് ഇംറാൻ കുഴിച്ച കുഴിയാണ്. ദേശീയ അസംബ്ലിയിൽ പ്രതിപക്ഷ സഖ്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ തള്ളിയ ഡെപ്യൂട്ടി സ്പീക്കറുടെ നടപടിയും പാർലിമെന്റ് മരവിപ്പിച്ച പ്രസിഡന്റിന്റെ തീരുമാനവും സുപ്രീം കോടതി റദ്ദാക്കിയ ശേഷം ഇംറാൻ നടത്തിയ അഭിസംബോധന വൈകാരികത കുത്തിനിറച്ചതായിരുന്നു. അതിൽ അദ്ദേഹം ഊന്നിയത് ഒറ്റ പോയിന്റിലാണ്. ഇവിടെ നടക്കുന്ന സർവ പ്രശ്‌നങ്ങളിലും വിദേശ കരങ്ങളുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് പറയാനെങ്കിലും സുപ്രീം കോടതി തയ്യാറായോ? ഞാൻ റഷ്യ സന്ദർശിച്ചു. ചൈനയുമായി നല്ല ബന്ധം സ്ഥാപിച്ചു. അതിൽ ആർക്കാണ് പ്രശ്‌നമുള്ളത്? അവരുടെ ചരട് വലിക്കനുസരിച്ചാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. ഇന്ത്യയിൽ ഇത് നടക്കുമോ? അവർ സ്വതന്ത്രമായ വിദേശ നയം സ്വീകരിച്ചു. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു. അവിടെ വല്ല പ്രശ്‌നവുമുണ്ടായോ?- ഇംറാന്റെ ഈ ചോദ്യം ഇന്ത്യാ പ്രകീർത്തനമാണെന്ന് നവീസ് ശരീഫിന്റെ മകളും പി എം എൽ (എൻ) നേതാവുമായ മറിയം നവാസ് ശരീഫ് വ്യാഖ്യാനിക്കുന്നു.

ഇന്ത്യയിലെ ചില മാധ്യമങ്ങളും അത് ആവർത്തിക്കുന്നു. സത്യത്തിൽ അദ്ദേഹം പാക്കിസ്ഥാൻ ബോധം ജ്വലിപ്പിക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ കാര്യം പുറത്തുള്ളവർ തീരുമാനിക്കുന്നു അതിൽ നിങ്ങൾക്ക് പരാതിയില്ലേ എന്നാണ് ചോദ്യം. ഇക്കാര്യത്തിൽ നാം എന്തിന് ഇന്ത്യയുടെ പിറകിൽ നിൽക്കണം? അമേരിക്കൻ ഇടപെടലിന്റെ ദുരന്തം എല്ലാ അർഥത്തിലും അനുഭവിച്ച ഒരു ജനതയെ ആഴത്തിൽ സ്വാധീനിക്കാവുന്ന ശക്തമായ രാഷ്ട്രീയ ആശയം തന്നെയാണ് അത്. വംശീയത കഴിഞ്ഞാൽ ഏറ്റവും പ്രഹര ശേഷിയുള്ള രാഷ്ട്രീയ ആയുധം ദേശീയതയാണല്ലോ. ഈ ആയുധമെടുത്ത് പ്രയോഗിച്ചാൽ ഒരാൾക്കും അതിനെ അഡ്രസ്സ് ചെയ്യാതിരിക്കാനാകില്ല. ദേശ രാഷ്ട്രങ്ങളുടെ നിർമിതിയിൽ തന്നെ ഈ അപര വിദ്വേഷമുണ്ട്. പരമാധികാരമെന്ന സങ്കൽപ്പത്തിന്റെ അടിത്തറ ഇടപെടലുകൾക്കെതിരായ കടുത്ത വിസമ്മതമാണ്. അതുകൊണ്ട് ഇംറാൻ ഖാൻ അമേരിക്കൻ വിരുദ്ധത കത്തിക്കുമ്പോൾ മറിയം ശരീഫിന് ചെയ്യാൻ സാധിക്കുന്നത് ഇന്ത്യാവിരുദ്ധത പടർത്തുക മാത്രമാണ്. ശരീഫ് ഇന്ത്യയിൽ പോകട്ടേയെന്ന് ആക്രോശിക്കാനേ അവർക്ക് സാധിക്കൂ. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവിശ്വാസ പ്രമേയത്തിന്റെ ആധാരമായ വിഷയങ്ങളിൽ പ്രതിപക്ഷം അകന്നു പോയിരിക്കുന്നു. വിലക്കയറ്റം, വിദേശനാണ്യ പ്രതിസന്ധി, ഇന്ധന ക്ഷാമം. മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നങ്ങളെല്ലാം താഴോട്ട് പോകുകയാണ്. 2018ൽ ഈ പ്രശ്‌നങ്ങളെല്ലാം പൊതു ജനമധ്യത്തിൽ നിരന്തരം അലക്കിയാണ് ഇംറാൻ അധികാരം പിടിച്ചത്. ഇന്ന് അതേ ഇംറാൻ പുതിയ അജൻഡയൊരുക്കി ഈ വിഷയങ്ങളെയെല്ലാം താഴേക്ക് ചവിട്ടിത്താഴ്ത്തിയിരിക്കുന്നു, തത്കാലത്തേക്കെങ്കിലും. ഈ വാമന പ്രയോഗം തുടരാൻ സാധിച്ചാൽ ഇംറാനെ കാത്തിരിക്കുന്നത് ഗംഭീര തിരഞ്ഞെടുപ്പ് വിജയമായിരിക്കും.

ഇതു തന്നെയാണ് ഇന്ത്യയിൽ നരേന്ദ്ര മോദി ചെയ്യുന്നത്. അദ്ദേഹം ഇപ്പോഴും ക്രൗഡ് പുള്ളറാണ്. നോട്ടുനിരോധനത്തിനും തയ്യാറെടുപ്പില്ലാത്ത ജി എസ് ടി സംവിധാനത്തിനും ഒട്ടനവധി വർഗീയ നിയമനിർമാണങ്ങൾക്കും കടുത്ത ഇന്ധന വിലക്കയറ്റത്തിനും കൊവിഡ് കാലത്തെ അന്തമില്ലാത്ത കെടുകാര്യസ്ഥതക്കുമൊന്നും മോദിയുടെ നേതൃശേഷിയെ ഇടിക്കാനായിട്ടില്ലെങ്കിൽ അതിന്റെ അർഥമെന്താണ്? ചൗകി ദാർ ചോർ ഹെ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യം എത്ര അർഥവത്തായ ഒന്നായിരുന്നു. ഒറ്റ ബാലാകോട്ട് കൊണ്ട് എല്ലാം മറച്ചില്ലേ? അതിർത്തിയാണ് വിഷയമെങ്കിൽ, ചൈനയിൽ നിന്നേറ്റ അപമാനം എത്ര വലുതായിരുന്നു. മോദിയെ ആരെങ്കിലും അതിന്റെ പേരിൽ വിചാരണ ചെയ്‌തോ? അതാണ് മിടുക്ക്. ദേശീയത അഥവാ ഭൂരിപക്ഷ ദേശീയതയാണ് അദ്ദേഹത്തിന്റെ ആയുധം. ഇതേ ആയുധം പ്രയോഗിക്കാൻ ഇംറാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു. വെറുതെയല്ല അദ്ദേഹം ഇന്ത്യയെ റഫർ ചെയ്യന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ റഫറൻസ് നരേന്ദ്ര മോദിയാണ്.

ഒരു കാര്യം കൂടി ശ്രദ്ധിക്കുക. ഇംറാന്റെ എതിരാളികളെല്ലാം രാഷ്ട്രീയ ലെഗസിയിലാണ് നിലനിൽക്കുന്നത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയുടെ കരുത്ത് ഭൂട്ടോ രക്തമാണ്. ബേനസീർ ഭൂട്ടോയുടെ മകൻ എന്ന ഒറ്റ പ്രതിച്ഛായയാണ് അദ്ദേഹത്തിന്റെ മൂലധനം. ശഹബാസ് ശരീഫാകട്ടേ നവാസ് ശരീഫിന്റെ സഹോദരനാണ്. മറിയം ശരീഫ് മകളും. ഇംറാന് ഇത്തരത്തിലുള്ള പാരമ്പര്യമല്ല ഉള്ളത്. അദ്ദേഹം ക്രിക്കറ്ററായിരുന്നു. ക്രിക്കറ്റർ മാത്രമായിരുന്നു. 1992ൽ മെൽബണിൽ പാക്കിസ്ഥാൻ ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ ക്യാപ്റ്റൻ ഇംറാനായിരുന്നു. പിന്നെയൊരിക്കലും പാക്കിസ്ഥാൻ കിരീട നേട്ടത്തിലെത്തിയില്ല. വിദേശത്ത് വിദ്യാഭ്യാസം. ആധുനിക കാഴ്ചപ്പാട്. ജനങ്ങൾക്കിടയിൽ ഇറങ്ങാനുള്ള കൗതുകം. ചെറിയ ചെറിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവേശം. 1996 ഏപ്രിൽ 25ന് പുതിയ പാർട്ടി രൂപവത്കരിച്ചു. പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ്. 2013ലെ തിരഞ്ഞെടുപ്പിൽ നാലിടങ്ങളിൽ മത്സരിച്ച ഇംറാൻ ഖാൻ മൂന്നിടത്ത് ജയിച്ചെങ്കിലും ലാഹോറിൽ തോറ്റത് അദ്ദേഹത്തിന് എക്കാലത്തേക്കും വലിയ മാനസിക ആഘാതമായി. അന്നും അമേരിക്കൻവിരുദ്ധ മുദ്രാവാക്യങ്ങളാണ് ഇംറാൻ ഉയർത്തിയിരുന്നത്. യുവാക്കൾ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേൾക്കാൻ തടിച്ചു കൂടി. പ്രാദേശിക, ഗോത്ര സമവാക്യങ്ങൾക്കപ്പുറത്ത് തികഞ്ഞ രാഷ്ട്രീയം ചർച്ചക്കിട്ടു എന്നതാണ് ഖാന്റെ പ്രാധാന്യം. ആ തിരഞ്ഞെടുപ്പിൽ 34 സീറ്റുമായി അദ്ദേഹം സാന്നിധ്യമറിയിച്ചു. പലയിടത്തും ഇൻസാഫ് പിടിച്ച വോട്ടുകളാണ് പി പി പിയെ തകർത്തത്. ആ അർഥത്തിൽ നവാസ് ശരീഫിന്റെ പി എം എല്ലിനെ വിജയിപ്പിച്ചത് ഇംറാനാണെന്ന് പറയാം.
2018 ആയപ്പോഴേക്കും സ്ഥിതി മാറി. വെറും ദേശീയതക്ക് അപ്പറം മത ദേശീയതയിലേക്ക് കൂടി ഇംറാൻ ചുവടുമാറി. മദീനയിലെ ഭരണം വരുമെന്ന് പ്രഖ്യാപിച്ചു. തീവ്രമതവികാരമുള്ള പാർട്ടികളെ പിന്തുണച്ചവരെ കൂടി ഇംറാൻ ലക്ഷ്യമിട്ടു. മെല്ലെ അതിജീവനം. അഴിമതിവിരുദ്ധ കാമ്പയിനിലൂടെ ജനങ്ങളുടെ മനം കവർന്നു. പത്ത് വർഷത്തെ, ഇടവേളയില്ലാത്ത സിവിലിയൻ ഭരണം പാക് ജനതയിലുണ്ടാക്കിയ രാഷ്ടട്രീയ അവബേധത്തിന്റെ ഗുണം ഇംറാന് ലഭിക്കുകയായിരുന്നു.
രാജ്യത്താകെയുള്ള ഇടത്തരക്കാർ ഇംറാനിൽ പ്രതീക്ഷയർപ്പിച്ച് തുടങ്ങിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാക് പോളിറ്റിയിൽ പ്രബല വിഭാഗങ്ങൾ അതിസമ്പന്നരും അതിദരിദ്രരുമാണ്. ഇടത്തരക്കാർ എന്ന വിഭാഗം രണ്ട് ദശകമായി പ്രബലമായി വരുന്നേയുള്ളൂ. വിദ്യാസമ്പന്നരും ക്രിക്കറ്റ് പ്രേമികളും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായ ഇക്കൂട്ടർ അഴിമതി പോലുള്ള വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇംറാന്റെ റാലികളെ ജനനിബിഡമാക്കിയത് ഇവരാണ്. യു പി പിടിച്ചാൽ ഇന്ത്യ പിടിച്ചു എന്ന് പറയുന്നത് പോലെയാണ് പാക്കിസ്ഥാനിൽ പഞ്ചാബ് പ്രവിശ്യ. പഞ്ചാബിലെ മറ്റൊരു പ്രബല സമൂഹം സൈനിക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. മിക്ക കുടുംബങ്ങളിലും സൈനിക ഉദ്യോഗസ്ഥരുണ്ട്. മക്കളെയും മക്കളുടെ മക്കളെയും അവർ സൈന്യത്തിലയക്കുന്നു. സൈനിക അപ്രമാദിത്വത്തിനെതിരെ നവാസ് നടത്തിയ നീക്കങ്ങൾ സ്വാഭാവികമായും ഇത്തരക്കാരെ അതൃപ്തരാക്കി. 2018ലെ തിരഞ്ഞെടുപ്പിൽ ഈ രണ്ട് കൂട്ടരെയും ഇംറാൻ കൈയിലെടുത്തു. സൈന്യം അടക്കമുള്ള എസ്റ്റാബ്ലിഷ്‌മെന്റുകൾക്കായി പുലരുവോളം വാദിക്കുന്നയാളായിരുന്നു അന്ന് ഇംറാൻ ഖാൻ. അതേസമയം, സ്വാതന്ത്ര്യത്തിനായി പോരാടുന്നവരാണ് താലിബാനികളെന്ന് തുറന്നടിച്ചു. അങ്ങനെ താലിബാൻ ഖാനെന്ന കുറ്റപ്പേര് സമ്പാദിച്ചു. ഉട്ടോപ്യൻ വാഗ്ദാനങ്ങൾ വാരിക്കോരിയൊഴിച്ചു. പ്രധാനമന്ത്രി കുപ്പായമിട്ടതോടെ കുറേ കാര്യങ്ങൾ ഇംറാൻ പഠിച്ചു.

സാമ്പത്തിക പ്രശ്‌നങ്ങൾ മറികടക്കാൻ എളുപ്പമല്ലെന്ന് അറിഞ്ഞു. സൈനിക നേതൃത്വവുമായി ഇടഞ്ഞു. ഐ എം എഫിനെ ആദ്യം തള്ളിപ്പറഞ്ഞു, പിന്നെ അവരുടെ കാലു പിടിച്ചു. ചൈനയെ വിശ്വസ്ത സുഹൃത്താക്കി. ചൈനക്കും ഒരു പരിധിക്കപ്പുറം സഹായിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു.
ഈ തിരിച്ചറിവുകളുള്ള ഇംറാനെ അമേരിക്കക്ക് വേണ്ട. സൈന്യത്തിനും വേണ്ട. രണ്ട് കൂട്ടർക്കും വേണ്ടത് തീർപ്പുകൾക്ക് ശേഷിയില്ലാത്ത സിവിലിയൻ സർക്കാറുകളെയാണ്. ഇന്ന് ഇന്നിംഗ്‌സ് പൂർത്തിക്കാതെ ക്രീസ് വിടുന്ന ഇംറാൻ പണ്ടത്തേക്കാൾ ശക്തനായേക്കാം. നിലപാടുകളിൽ സ്ഥിരതയില്ലെന്ന വിമർശമുണ്ടെങ്കിലും പാക്കിസ്ഥാനിൽ ഇന്ന് ലഭ്യമായ ഏറ്റവും നല്ല ക്രൗഡ് പുള്ളർ ഈ ഓൾറൗണ്ടർ തന്നെയാണ്. പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രിയായി ശഹബാസ് വരുമോ? അയാൾ ഇത്തിരി സമയം കൊണ്ട് ഒത്തിരി പരിഹാരങ്ങൾ കൊണ്ടുവരുമോ? തെരുവ് അശാന്തമാകുമോ? സൈന്യം ഇറങ്ങുമോ? ഇംറാന് നാടുവിടേണ്ടി വരുമോ? ഉത്തരങ്ങൾക്ക് കാത്തിരിക്കുകയേ വഴിയുള്ളൂ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest