Connect with us

National

ബ്രഹ്‌മോസിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

കര, വായു, കപ്പല്‍, മുങ്ങിക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നു വിക്ഷേപിക്കാന്‍ ശേഷിയുള്ളതാണ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ്.

Published

|

Last Updated

ന്യൂഡല്‍ഹി| സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീസയിലെ ബാലസോറിലാണ് പരീക്ഷണം നടത്തിയതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. മിസൈലില്‍ നടത്തിയ ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങള്‍ വിജയകരമായി പുതിയ പരീക്ഷണത്തിലൂടെ പൂര്‍ത്തിയാക്കിയതായും പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി.

കര, വായു, കപ്പല്‍, മുങ്ങിക്കപ്പല്‍ എന്നിവിടങ്ങളില്‍ നിന്നു വിക്ഷേപിക്കാന്‍ ശേഷിയുള്ളതാണ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്‌മോസ്. നേരത്തെ ജനുവരി 11ന് കടലില്‍ നിന്നും വിക്ഷേപണ യോഗ്യമായ ബ്രഹ്‌മോസ് പരീക്ഷിച്ചിരുന്നു. അന്ന് നാവികസേനയുടെ ഐഎന്‍എസ് വിശാഖപട്ടണം യുദ്ധകപ്പലില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ബ്രഹ്‌മോസിന്റെ ഫ്‌ളൈറ്റ് റെയ്ഞ്ച് 290 കിലോമീറ്ററാണ്. 200 മുതല്‍ 300 കിലോഗ്രാം വരെ വഹിച്ചു സഞ്ചരിക്കാന്‍ ബ്രഹ്‌മോസിനു കഴിയും. ബ്രഹ്‌മോസിന്റെ ആദ്യ പതിപ്പ് പരീക്ഷിച്ചത് 2005 ല്‍ ഐഎന്‍എസ് രജപുതില്‍ നിന്നാണ്. 2007ല്‍ കരയില്‍ നിന്നുള്ള ബ്രഹ്‌മോസ് പരീക്ഷിച്ചു. 2015 ല്‍ കടലില്‍ നിന്നുള്ള ബ്രഹ്‌മോസും പരീക്ഷിച്ചു.

ഇന്ത്യയും റഷ്യയും വികസിപ്പിച്ചെടുന്ന ബ്രഹ്‌മോസ് മിസൈല്‍ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍പ്പന നടത്തി ആഗോള വിപണിയിലേക്ക് ഇന്ത്യ കടക്കുന്നു. വിവിധ രാജ്യങ്ങള്‍ ബ്രഹ്‌മോസ് വാങ്ങുവാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. അതേ സമയം ഫിലിപ്പെന്‍സുമായി ഇതില്‍ ധാരണയായി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 3 ബാറ്ററി മിസൈലുകളാണ് ഫിലിപ്പെന്‍സിന് വില്‍ക്കാന്‍ ഒരുങ്ങുന്നത്.

ഫിലിപ്പെന്‍സിന് വില്‍ക്കുന്ന ബ്രഹ്‌മോസിലെ ഒരു ബാറ്ററിയില്‍ 4 മുതല്‍ 6 വരെ മിസൈലുകളാണുള്ളത്. ഏകദേശം 2774 കോടി രൂപയുടെ ഇടപാടാണ് ഇത്. ചൈനീസ് വെല്ലുവിളികള്‍ നേരിടുക എന്നതാണ് ബ്രഹ്‌മോസ് വാങ്ങുന്നതിലൂടെ ഫിലിപ്പെന്‍സ് ലക്ഷ്യമിടുന്നത്. ഫിലിപ്പെന്‍സിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈല്‍ വിന്യസിക്കുക. ആയുധ സംവിധാനം നിര്‍മിക്കുന്ന ബ്രഹ്‌മോസ് എയ്റോസ്പേസ് ടീം നേരത്തെ തന്നെ ഫിലിപ്പെന്‍സ് തലസ്ഥാനമായ മനില സന്ദര്‍ശിച്ചിരുന്നു. ഫിലിപ്പെന്‍സ് സൈന്യത്തിന്റെ ആദ്യത്തെ ലാന്‍ഡ് ബേസ്ഡ് മിസൈല്‍ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്‌മോസുമായി സജ്ജമാക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്‌നാം, ചിലി എന്നീ രാജ്യങ്ങളും ബ്രഹ്‌മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കൂടാതെ ഖത്തര്‍, യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്ന് ബ്രഹ്‌മോസില്‍ താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.