Ongoing News
ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വന്‍ തോല്‍വി; ഓസീസ് ജയം ഒമ്പത് വിക്കറ്റിന്
മാക്കെ | ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വന്‍ തോല്‍വി. ഒമ്പത് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൊരുതാവുന്ന ടോട്ടലാണ് പടുത്തുയര്‍ത്തിയത്. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍, ദയനീയമായ ഇന്ത്യന്‍ ബൗളിംഗിനെ ഓസീസ് ബാറ്റിംഗ് നിര അടിച്ചുപരത്തുകയായിരുന്നു. 41 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ആസ്‌ത്രേലിയ ലക്ഷ്യത്തിലെത്തിയത്. ജയത്തോടെ ഏകദിനങ്ങളില്‍ തുടര്‍ച്ചയായ 25 ജയങ്ങള്‍ എന്ന റെക്കോഡും ആസ്‌ത്രേലിയ സ്വന്തമാക്കി.
63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിതാലി രാജാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ഷഫാലി വര്‍മ്മയുടെയും സ്മൃതി മന്ദാനയുടെയും ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 31 റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത ഷഫാലി വര്‍മ (8)യും പിന്നാലെ മന്ദാനയും (16) മടങ്ങി. മൂന്നാം വിക്കറ്റില്‍ മിതാലി രാജും പുതുമുഖ താരം യസ്തിക ഭാട്ടിയയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും മന്ദഗതിയിലായിരുന്നു സ്‌കോറിംഗ് എന്നത് ഇന്ത്യക്ക് തിരിച്ചടിയായി. യസ്തിക (31) ദീപ്തി ശര്‍മ (9), പൂജ വസ്ട്രാക്കര്‍ (17), സ്‌നേഹ് റാണ (2) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. മിതാലി രാജിന്റെ (63) വിക്കറ്റും വീണതോടെ വലിയ സ്‌കോറിലെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷ തകര്‍ന്നു. അവസാന ഓവറുകളില്‍ റിച്ച ഘോഷും (32), ഝുലന്‍ ഗോസ്വാമിയും (20) ചേര്‍ന്നാണ് ഇന്ത്യയെ 200 കടത്തിയത്. ഡാര്‍സി ബ്രൗണ്‍ ആസ്‌ത്രേലിയക്കായി നാല് വിക്കറ്റ് വീഴ്ത്തി. ഡാര്‍സിയാണ് മത്സരത്തിലെ താരം.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് അനായാസമായാണ് വിജയത്തിലേക്ക് ബാറ്റ് വീശിയത്. അലിസ ഹീലി-റേച്ചല്‍ ഹെയിന്‍സ് ഓപ്പണിംഗ് ജോടി 126 റണ്‍സ് നേടിയതോടെ തന്നെ ഇന്ത്യ പരാജയം മണത്തു തുടങ്ങി. ഹീലിയെ (77) പൂനം യാദവാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റില്‍ മെഗ് ലാനിംഗും റേച്ചല്‍ ഹെയിന്‍സും ചേര്‍ന്ന് 101 റണ്‍സ് നേടി ഓസീസിന് വമ്പന്‍ ജയം സമ്മാനിക്കുകയായിരുന്നു. ഹെയിന്‍സ് 93ഉം ലാനിംഗ് 53ഉം റണ്‍സ് നേടി.