Ongoing News
പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടാം ടി20 ഇന്ന്
കൊല്‍ക്കത്ത | ഏകദിനത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയും ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ന് വൈകിട്ട് ഏഴ് മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം. ആദ്യ അങ്കത്തില്‍ നേടിയ ആറ് വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യയിറങ്ങുമ്പോള്‍, ഇന്ന് ജയിച്ച് പ്രതീക്ഷ നിലനിര്‍ത്താനാകും സന്ദര്‍ശകരുടെ പരിശ്രമം. ഇന്ത്യക്ക് ജയിക്കാനായാല്‍, രോഹിത് ശര്‍മയുടെ നായകത്വത്തില്‍ നേടുന്ന മൂന്നാം പരമ്പര നേട്ടമാകും ഇത്.
വിരാട് കോലിക്ക് വലിയ സ്‌കോര്‍ കണ്ടെത്താനാകാത്തത് മാത്രമാണ് ഇന്ത്യക്ക് ആശങ്ക. 8, 18, 0, 17 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ഇന്നിംഗ്്സുകളില്‍ കോലിയുടെ സംഭാവന. കഴിഞ്ഞ മത്സരത്തിന്റെ എട്ടാമത്തെ ഓവറില്‍ രോഹിതിനെ നഷ്ടമായതോടെ മികച്ച സ്‌കോര്‍ നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കോലിക്ക് അവസരമുണ്ടായിരുന്നു. 13 പന്തില്‍ 17 റണ്‍സ് നേടി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും സിക്സര്‍ നേടാനുള്ള ശ്രമത്തിനിടെ ബൗണ്ടറിക്കരികില്‍ ഫീല്‍ഡര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. കോലിയും പന്തും വേഗത്തില്‍ മടങ്ങിയതോടെ ഒന്ന് പകച്ചെങ്കിലും സൂര്യകുമാര്‍ യാദവും വെങ്കടേഷ് അയ്യരും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ വലത് കൈക്ക് പരുക്കേറ്റ ദീപക് ചാഹര്‍ ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കിയ സ്പിന്നര്‍ രവി ബിഷ്ണോയിയും യുസ്‌വേന്ദ്ര ചാഹലും ഇന്നും കളിക്കും. പരുക്കേറ്റ ആള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസ് നിരയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ഉപ നായകന്‍ നിക്കോളാസ് പുരാന്‍ ഫോമിലേക്കുയര്‍ന്നത് ആശ്വാസമാണെങ്കിലും മറ്റ് ബാറ്റ്സ്മാന്മാര്‍ മികവിലേക്കുയരാത്തതാണ് നായകന്‍ പൊള്ളാര്‍ഡിന്റെ ആശങ്കയിലാക്കുന്നത്.