Travelogue
ഇന്ത്യാ ടു ഇന്തോനേഷ്യ
ഇന്ത്യ ഇന്തോനേഷ്യ പേരിൽ തന്നെയുണ്ടല്ലോ ഒരു സാമ്യം. അതുപോലെ തന്നെ ഇരു രാജ്യങ്ങളുടെയും ചരിത്ര വർത്തമാനങ്ങളിലും ഭൂപ്രകൃതിയിലും ഒട്ടേറെ സമാനതകളുണ്ട്.
വർഷങ്ങൾക്ക് മുമ്പുള്ള ഒരു മദീനാ സന്ദർശനം. അതിനിടയിലാണ് ഒരു സന്തോഷ വാർത്ത തേടിയെത്തുന്നത്. ആഗോള പ്രശസ്ത പണ്ഡിതൻ ഹബീബ് സൈൻ സുമൈത്വ് തങ്ങളെ കാണാൻ അവസരമുണ്ടെന്ന്. ബാഅലവി ആധ്യാത്മിക സരണിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ വഴികാട്ടികളിൽ ഒരാളാണ് എൺപത്തിയെട്ട് വയസ്സുള്ള അദ്ദേഹം. പതിറ്റാണ്ടുകളായി പ്രവാചക നഗരിയിലാണ് ഹബീബ് സൈൻ തങ്ങളുടെ താമസം. അൽ മൻഹജുസ്സവീ, തഖ്‌രീറാത്തു സദീദ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. ലോകത്തെമ്പാടുമുള്ള സുന്നീ പണ്ഡിതന്മാർ ആ വിശുദ്ധ ഭൂമിയിലെത്തുമ്പോൾ അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങുക പതിവാണ്.
അത്യപൂർവ അവസരമാണ് മുന്നിൽ. അതിവേഗം ഹബീബ് സൈൻ തങ്ങളുടെ പർണശാലയിലേക്ക് പുറപ്പെട്ടു. ആത്മീയ ചൈതന്യം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. പാരമ്പര്യ യമനീ മാതൃകയിലുള്ള സംവിധാനങ്ങൾ. മനസ്സിൽ ആനന്ദപ്പൂക്കൾ വിരിഞ്ഞു. മറക്കാനാകാത്ത അനുഭൂതികളുടേതാണ് ഓരോ നിമിഷവും. ഒടുവിൽ കാത്തു കാത്തിരുന്ന ആ കൂടിക്കാഴ്ച കഴിഞ്ഞ് മടങ്ങുമ്പോൾ എന്തെന്നില്ലാത്ത ആന്തരിക ഉണർവ് കൈവന്ന പ്രതീതി. ഒട്ടനേകം സാംസ്കാരിക വിനിമയങ്ങൾക്കാണ് ആ സഞ്ചാരവും ഹബീബ് സൈനുമായുള്ള തുടർ കൂടിക്കാഴ്ചകളും കാരണമായത്. വിടർന്ന കണ്ണുകളും കവിളുകളുമുള്ള മനുഷ്യരെ തെല്ല് പ്രാധാന്യത്തോടെ നിരീക്ഷിച്ചു തുടങ്ങിയത് അന്ന് മുതലാണ്. അവരുടെ നാടായ ഇന്തോനേഷ്യയെ കുറിച്ച് കൂടുതൽ അടുത്തറിയാനായതും അന്ന് മുതൽ തന്നെ.
ഹളറമൗതിലെ തരീമിലാണ് ഹബീബ് സൈനിന്റെ കുടുംബ വേരുകൾ ചെന്നെത്തുന്നത്. മമ്പുറം തങ്ങളുടെ നാട് എന്ന നിലയിൽ തരീമുമായി മലയാളികൾക്ക് വലിയ ആത്മബന്ധമുണ്ട്. കേരളത്തിലെ മിക്ക തിരുനബി(സ) സന്താന പരമ്പരകളും കടൽ കടന്നെത്തിയത് ഇവിടെ നിന്നാണ്. അങ്ങനെയൊരു പശ്ചാത്തലം പരിഗണിച്ച് ഹബീബ് സൈൻ തങ്ങൾ യമനിയാണ് എന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് ഇന്തോനേഷ്യയാണ് അദ്ദേഹത്തിന്റെ ജന്മനാടെന്ന് മനസ്സിലായത്. അന്ന് മുതൽ മനസ്സിൽ മൊട്ടിടുകയും ക്രമേണ വിടർന്ന് വലുതാവുകയും ചെയ്ത ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു എന്റെ ഇന്തോനേഷ്യൻ യാത്ര.
പാരമ്പര്യ ഇസ്‌ലാമിന് നല്ല വേരോട്ടമുള്ള നാടാണ് ഇന്തോനേഷ്യ. തങ്ങന്മാരുടെയും പണ്ഡിതന്മാരുടെയും നിർദേശങ്ങൾ അനുസരിച്ച് ജീവിതം നയിക്കുന്ന ജനത. കേരളത്തിലേത് പോലെ ശാഫിഈ കർമശാസ്ത്ര രീതികളാണ് അവർ പിന്തുടരുന്നത്. ചരിത്ര സ്മാരകങ്ങളും വിശുദ്ധരുടെ അന്ത്യവിശ്രമകേന്ദ്രങ്ങളും ഏറെയുള്ള നാട്. ആത്മീയ മജ്്ലിസുകൾ അവർക്കൊരു ഹരമാണ്. നിത്യജീവിതത്തിന്റെ ഭാഗമാണ്.
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ കേരളത്തേക്കാൾ ഒരുപടി മുന്നിലാണ് ഇന്തോനേഷ്യ.ഇന്ത്യ ഇന്തോനേഷ്യ പേരിൽ തന്നെയുണ്ടല്ലോ ഒരു സാമ്യം. അതുപോലെ തന്നെ ഇരു രാജ്യങ്ങളുടെയും ചരിത്ര വർത്തമാനങ്ങളിലും ഭൂപ്രകൃതിയിലും ഒട്ടേറെ സമാനതകളുണ്ട്. അറബിക്കടലിലെ ഒരു ഉപദ്വീപാണ് ഇന്ത്യയെങ്കിൽ ഇന്തോനേഷ്യ പസഫിക് മഹാ സമുദ്രത്തിലെ ദ്വീപ സമൂഹമാണ്. പതിനേഴായിരത്തിലധികം വരുന്ന ദ്വീപുകളുടെ കൂട്ടം!
ജനസംഖ്യയുടെ കാര്യത്തിലും ഇരു രാജ്യങ്ങൾക്കുമിടയിൽ ചെറിയ ഇഴയടുപ്പമുണ്ട്. ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ നാലാം സ്ഥാനത്തും.
ഇന്ത്യയുമായി പുരാതന കാലം മുതൽ വാണിജ്യ ബന്ധമുണ്ട് ഇന്തോനേഷ്യക്ക്. നമ്മുടെ രാജ്യത്തു നിന്നും വന്ന സൂഫികളും കച്ചവടക്കാരുമാണ് ഇവിടെ ഇസ്‌ലാം പ്രചരിപ്പിച്ചത്. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളിൽ ഒമ്പത് വിശുദ്ധർ അഥവാ ഔലിയാ സോംഗോയിലൂടെയാണ് രാജ്യം ഈ ചരിത്ര മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചത്. പിന്നീടത് യമനീ സാദാത്തീങ്ങളിലൂടെ വളർന്ന് പന്തലിച്ചു. ഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളാണ് സന്ദർശന ലിസ്റ്റിൽ പ്രധാനമായും ഉള്ളത്. കൂട്ടത്തിൽ തായ്്ലാൻഡുമുണ്ട്. ഇരു രാജ്യങ്ങളുടെയും പൈതൃക കേന്ദ്രങ്ങളും പ്രകൃതി സൗന്ദര്യങ്ങളും ആസ്വദിച്ചങ്ങനെ സഞ്ചരിക്കണം.
ടൂറിസത്തിന് ഏറെ പേരു കേട്ട രാജ്യങ്ങളാണ് രണ്ടും. ഇവിടേക്ക് പോകുന്ന മലയാളികളുടെ എണ്ണം ഒട്ടും കുറവല്ല. എന്നാൽ പൊതുവെ സന്ദർശകർ തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനുകളിൽ നിന്ന് അൽപ്പം മാറിയാണ് ഈ യാത്ര. അധികമാരും സഞ്ചരിക്കാത്ത ഇടങ്ങൾ തേടിയുള്ള പ്രയാണമെന്ന് പറയാം.