From the print
മാലദ്വീപില്‍ നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിക്കും
സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് പ്രതിരോധസേന.

ന്യൂഡല്‍ഹി | മാലദ്വീപിലെ സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് പ്രതിരോധസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.
മാലദ്വീപ് നാഷനല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ കണക്ക് പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും ദ്വീപ് രാഷ്ട്രത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് സര്‍ക്കാറിലെ മൂന്ന് ഉപമന്ത്രിമാര്‍ സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, മാലദ്വീപ് പ്രസിഡന്റ്മുഹമ്മദ് മുഇസ്സു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് മാര്‍ച്ച് 15വരെ സമയം നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യാവിരുദ്ധ ക്യാമ്പയിനിലൂടെ കഴിഞ്ഞ വര്‍ഷമാണ് മുഇസ്സു അധികാരത്തിലെത്തിയത്. അന്ന് മുതല്‍ അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ചൈനീസ് അനുകൂല നിലപാട് ശക്തമാക്കി. പത്ത് വര്‍ഷം മുമ്പ് മാലദ്വീപിന് ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യ ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലദ്വീപ് സേനയെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.