National
ബുച്ചയിലെ ക്രൂര കൊലപാതകങ്ങളില്‍ അന്വേഷണം വേണമെന്ന് യു എന്‍ രക്ഷാസമതിയില്‍ ഇന്ത്യ
വരും ദിവസങ്ങളില്‍ യുക്രൈന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചു.
ന്യൂഡല്‍ഹി | യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ട കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു എന്‍ രക്ഷാസമിതിയില്‍ ഇന്ത്യ. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിലെ ഇന്ത്യന്‍ പ്രതിനിധി ടിഎസ് തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ക്രൂരകൊലപാതക ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നവയാണ് . ഈ നരനായാട്ടിനെ ശ്ക്തമായി അപലപിക്കുന്നതായും തിരുമൂര്‍ത്തി വ്യ്ക്തമാക്കി.
.യുക്രൈനിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് ഒരു അവസാനമുണ്ടാകണമെന്നും വരും ദിവസങ്ങളില്‍ യുക്രൈന് കൂടുതല്‍ മെഡിക്കല്‍ സഹായങ്ങള്‍ നല്‍കുമെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം ബുച്ചയിലെ സാധാരണക്കാരായ ജനങ്ങള്‍ ടാങ്കുകള്‍ക്ക് ഇടയില്‍പ്പെട്ട് ചതഞ്ഞരയുകയാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. സ്ത്രീകള്‍ ബലാത്സംഗത്തിനിരയാകുന്നു, കുട്ടികളുടെ മുമ്പില്‍ വെച്ച് കൊല്ലപ്പെടുന്നു.അക്ഷരാര്‍ത്ഥത്തില്‍ യുഎന്‍ നിയമങ്ങളുടെ ലംഘനമാണ് യുക്രൈനില്‍ നടക്കുന്നത്. ബുച്ചയിലെ കൂട്ടക്കൊല ഇതില്‍ ഒരു ഉദാഹരണം മാത്രമാണെന്ന് സെലന്‍സ്‌കി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
ബുച്ചയിലെ സാധാരണ ജനങ്ങളെ റഷ്യന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിരുന്നു. കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയില്‍ കൊല്ലപ്പെട്ട മൃതദേഹങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു .