Ongoing News
ഇന്ത്യ, ദക്ഷിണാഫ്രിക്ക നേര്‍ക്കുനേര്‍; ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് തീപാറും
പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക രണ്ടാമതും. ഇരു ടീമുകളും നേരത്തെ സെമി ഉറപ്പാക്കിയിരുന്നു.
കൊല്‍ക്കത്ത | ലോകകപ്പില്‍ ശക്തരുടെ പോരാട്ടത്തിന് ആവേശ കാത്തിരിപ്പുമായി ക്രിക്കറ്റ് ആരാധകര്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം തീപാറുമെന്നുറപ്പ്. ഉജ്ജ്വല ഫോമിലാണ് ഇരു ടീമുകളുമെന്നതു തന്നെ കാരണം. പോയിന്റ് ടേബിളില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക രണ്ടാമതും. ഇരു ടീമുകളും നേരത്തെ സെമി ഉറപ്പാക്കിയിരുന്നു. എട്ടാം ജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ തുടങ്ങിയവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്നു കളിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കഴിയുന്നു എന്നതു തന്നെ പ്രതീക്ഷാജനകമാണ്. എങ്കിലും പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യക്ക് ക്ഷീണം ചെയ്യും.
മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമെല്ലാം ഉള്‍പ്പെടുന്ന ബോളിങ് സംഘമാണെങ്കില്‍ ഏത് കൊടികുത്തിയ ബാറ്റര്‍മാരുടെയും പേടിസ്വപ്‌നമായി കളം അടക്കി വാഴുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ 55 റണ്‍സിന് എറിഞ്ഞു വീഴ്ത്തുന്നതില്‍ ഈ പേസ് ത്രയം കാഴ്ചവച്ച മികവ് ക്രിക്കറ്റ് ലോകത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റി. കുല്‍ദീപിന്റെയും ജഡേജയുടെയും സ്പിന്‍ ആക്രമണം കൂടിയാകുമ്പോള്‍ നല്ല സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ദക്ഷിണാഫ്രിക്കക്ക് വിയര്‍ക്കേണ്ടി വരും.
ക്വിന്റന്‍ ഡീകോക്, റാസ വാണ്ടര്‍സണ്‍, ഹെന്‍ഡ്രിച്ച് ക്ലാസണ്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവരിലാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് പ്രതീക്ഷ. ഇത്തവണത്തെ ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടിയ ക്വിന്റന്‍ ഡി കോക്കിനെ പുറത്താക്കുക എന്നതാകും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഓള്‍റൗണ്ട് പ്രകടനം നടത്തുന്ന മാര്‍ക്കോ യാന്‍സനും, എയ്ഡന്‍ മാര്‍ക്രവും ഭീഷണിയുയര്‍ത്താന്‍ പോന്നവരാണ്.
ബൗളിങിലാണെങ്കില്‍ കഗീസോ റബാദ, ലുങ്കി ഇങ്കിഡി, ജെറാള്‍ഡ് കോട്സെ, മാര്‍ക്കോ യാന്‍സണ്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കക്ക് കരുത്തു പകരുന്നു. ഇതുവരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ലാത്ത ദക്ഷിണാഫ്രിക്ക ഇത്തവണ പാക്കിസ്ഥാന്‍ ഒഴികെയുള്ള ടീമുകളോടെല്ലാം നേടിയ വിജയങ്ങള്‍ 100 റണ്‍സിന് മുകളിലാണ്. അതേസമയം, താരതമ്യേന കുഞ്ഞന്‍ ടീമായ നെതര്‍ലന്‍ഡ്സിനോട് തോല്‍വി ഏറ്റുവാങ്ങിയതിന്റെ ആഘാതത്തില്‍ നിന്ന് ടീം ഇപ്പോഴും മുക്തരായിട്ടില്ല.