Connect with us

National

ഇന്ത്യ 5ജിക്കായി കാത്തിരിപ്പില്‍; എല്‍ജി ദക്ഷിണ കൊറിയയില്‍ 6ജി പ്രദര്‍ശിപ്പിച്ചു

2021ലെ കൊറിയ സയന്‍സ് ആന്റ് ടെക്നോളജി എക്സിബിഷനില്‍ വച്ചാണ് 6ജി വയര്‍ലെസ് സാങ്കേതികവിദ്യയുടെ ട്രാന്‍സ്മിഷന്‍, റിസപ്ഷന്‍ കഴിവുകളുടെ ഒരു ഡെമോ എല്‍ജി പ്രദര്‍ശിപ്പിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| വിവിധ ലോക രാജ്യങ്ങളില്‍ കുറച്ച് വര്‍ഷങ്ങളായി 5ജി നെറ്റ് വര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഇപ്പോഴും 5ജിക്കായുള്ള കാത്തിരിപ്പിലാണ്. ഈ സാഹചര്യത്തില്‍ എല്‍ജി ദക്ഷിണ കൊറിയയില്‍ 6ജി നെറ്റ് വര്‍ക്ക് പ്രദര്‍ശിപ്പിച്ചെന്നാണ് വാര്‍ത്തകള്‍. ഭാവി നെറ്റ് വര്‍ക്കിന്റെ സാധ്യതകള്‍ വ്യക്തമാക്കുന്നതായിരുന്നു എല്‍ജി നടത്തിയ ഈ പ്രദര്‍ശനം. 4ജിയില്‍ നിന്ന് 5ജിയിലേക്ക് എത്താന്‍ ഇന്ത്യ കാത്തിരിക്കുന്ന സമയത്താണ് എല്‍ജിയുടെ ഈ പ്രദര്‍ശനം.

2021ലെ കൊറിയ സയന്‍സ് ആന്റ് ടെക്നോളജി എക്സിബിഷനില്‍ വച്ചാണ് 6ജി വയര്‍ലെസ് സാങ്കേതികവിദ്യയുടെ ട്രാന്‍സ്മിഷന്‍, റിസപ്ഷന്‍ കഴിവുകളുടെ ഒരു ഡെമോ എല്‍ജി പ്രദര്‍ശിപ്പിച്ചത്. 6ജി സാങ്കേതികവിദ്യയുടെ സാധ്യമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ജര്‍മ്മനിയിലെ ഫ്രോണ്‍ഹോഫര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിച്ച പവര്‍ ആംപ്ലിഫയറാണ് കമ്പനി ഉപയോഗിച്ചത്. 6ജി സാങ്കേതികവിദ്യയുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ 2025 ഓടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം 6ജിയുടെ വാണിജ്യവല്‍ക്കരണം 2029-ല്‍ ആരംഭിക്കും.

ഇന്ത്യയില്‍ 5ജി സ്പെക്ട്രം അലോക്കേഷന്‍ പ്രതീക്ഷിച്ചതുപോലെ നടന്നാല്‍ 2022 അവസാനത്തോടെ തിരഞ്ഞെടുത്ത ഇന്ത്യയിലെ നഗരങ്ങളിലെങ്കിലും 5ജി നെറ്റ്വര്‍ക്കുകള്‍ ലഭിക്കാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 6ജി ഇന്ത്യയില്‍ എപ്പോള്‍ എത്തുമെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരമില്ല. കാരണം ഈ സാങ്കേതികവിദ്യ ഇനിയും വികസിക്കാനുണ്ട്. നിലവില്‍ ടെലിക്കോം കമ്പനികള്‍ 5ജി നെറ്റ് വര്‍ക്ക് പരീക്ഷിച്ച് വരികയാണ്. ഇത് വൈകാതെ വാണിജ്യവത്കരിക്കുമെന്ന് പ്രതീക്ഷിക്കാം.

നിലവില്‍ ജിയോ, എയര്‍ടെല്‍ എന്നീ മുന്‍നിര ടെലിക്കോം കമ്പനികള്‍ 5ജി നെറ്റ് വര്‍ക്ക് പരീക്ഷിക്കുന്നുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ നിന്നും എയര്‍ടെല്ലിന് 1ജിബിപിഎസ് വേഗത വരെ ലഭിച്ചിട്ടുണ്ട്. 5ജി നെറ്റ് വര്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും എത്തിയാല്‍ സിനിമകള്‍ പോലും സെക്കന്റുകള്‍ കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

 

---- facebook comment plugin here -----

Latest