Prathivaram
മനുഷ്യത്വം മരവിച്ച ഇന്ത്യ
ഫോട്ടോഗ്രാഫറുടെ ക്രൂരതക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. പോലീസ് നോക്കി നിൽക്കെയാണ് ഇയാൾ ആക്രമണം നടത്തിയതെന്നും പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്നും ആരോപണമുണ്ട്.

പലപ്പോഴും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ അലോസരപ്പെടുത്തുന്നതാണ്. മനുഷ്യനും മനുഷ്യത്വത്തിനും ജീവനും വില കൽപ്പിക്കാത്ത സംഭവങ്ങൾ. ഏറ്റവും ഒടുവിലായി വന്ന ദാരുണമായ വാർത്ത അസമിൽ നിന്നാണ്.
അസമില്‍ പോലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പ്രതിഷേധക്കാരെ ക്രൂരമായി ആക്രമിച്ച ഒരു ഫോട്ടോഗ്രാഫറുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറൽ ആയത്. ധരാംഗ് ജില്ലാ അഡ്മിനിസ്ട്രഷന്‍ ഫോട്ടോഗ്രാഫര്‍ ബിജയ് ഷങ്കര്‍ ബനിയയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പോലീസ് ആക്രമണത്തില്‍ പരുക്കേറ്റ വ്യക്തിയെ ബിജയ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രതിഷേധക്കാരില്‍ ഒരാളെ പോലീസ് വെടിവെക്കുന്നതും പിന്നീട് ലാത്തി ഉപയോഗിച്ച് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ഫോട്ടോഗ്രാഫര്‍ ക്രൂരമായി ഇയാളെ മർദിച്ചതും ഒന്നിലേറെ തവണ ചാടി നെഞ്ചില്‍ ചവിട്ടുകയും ചെയ്തത്. ഓടി വന്ന് നെഞ്ചിലേക്ക് ചാടി ചവിട്ടുന്നതും പിന്നീട് കാലുപയോഗിച്ച് കഴുത്തില്‍ മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ പോലീസ് ഇയാളെ പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ വീണ്ടും ഇയാള്‍ ഓടി വന്ന് പരുക്കേറ്റയാളെ മർദിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഫോട്ടോഗ്രാഫറെ പോലീസ് അറസ്റ്റ് ചെയ്തു.
അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ചായിരുന്നു പോലീസിന്റെ നരനായാട്ട്. പോലീസ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പോലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. 800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
ഫോട്ടോഗ്രാഫറുടെ ക്രൂരതക്കെതിരെ അതിശക്തമായ പ്രതിഷേധങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. പോലീസ് നോക്കി നിൽക്കെയാണ് ഇയാൾ ആക്രമണം നടത്തിയതെന്നും പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് അറസ്റ്റ് ഉണ്ടായതെന്നും ആരോപണമുണ്ട്.
ഇത്തരം സംഭവങ്ങൾ അന്തർദേശീയ സമൂഹത്തിൽ ഇന്ത്യ എന്ന രാജ്യത്തിന്റെ മാനുഷിക മുഖം നഷ്ടപ്പെടാൻ മാത്രമേ സഹായിക്കൂ. തുടർച്ചയായി ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടക്കുന്നത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന് വലിയ പോറലാണ് ഏൽപ്പിക്കുക. വെറുപ്പ് പടർത്തുന്ന ആശയങ്ങളും അതുവഴി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന പാർട്ടികളും ദീർഘ കാലാടിസ്ഥാനത്തിൽ വലിയ അപകടങ്ങൾ തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഏൽപ്പിക്കുന്നത്.