National
സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കും; പാക്കിസ്ഥാനെതിരായ നടപടികളില്‍ ഉറച്ച് ഇന്ത്യ
പാക്കിസ്ഥാന് വെള്ളം നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്ന് കേന്ദ്രം.

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ നടപടികളില്‍ ഉറച്ച് ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
പാക്കിസ്ഥാന് വെള്ളം നല്‍കാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കിയെന്ന് കേന്ദ്രം അറിയിച്ചു. ഹ്രസ്വകാല, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മൂന്ന് പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് കേന്ദ്ര ജല്‍ശക്തി മന്ത്രി സി ആര്‍ പാട്ടീല്‍ വ്യക്തമാക്കി.
ഭീകരര്‍ക്കായി വീടുകളിലടക്കം തിരച്ചില്‍
ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി വീടുകളിലടക്കം വ്യാപക തിരച്ചില്‍. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരുടെയടക്കം വീടുകളിലാണ് സൈന്യവും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നത്. കശ്മീരിലും പഞ്ചാബിലും എന്‍ ഐ എയും പരിശോധന നടത്തുന്നുണ്ട്. ആയുധ കടത്തടക്കം സംശയിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന.