Connect with us

Sports

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 60 റൺസ് ജയം

സഞ്ജു നിരാശപ്പെടുത്തി

Published

|

Last Updated

ന്യൂയോർക്ക് | ഋഷഭ് പന്തും (32 പന്തിൽ 53) ഹാർദിക് പാണ്ഡ്യയും (23 പന്തിൽ 40 നോട്ടൗട്ട്) ബാറ്റിംഗിൽ തിളങ്ങിയപ്പോൾ ബംഗ്ലാദേശിനെതിരായ ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് 60 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 182 റൺസെടുത്തത്. ബംഗ്ലാദേശ് ബൗളർമാരെ നിർഭയം നേരിട്ട പന്ത് നാല് വീതം സിക്സും ബൗണ്ടറിയും നേടി. നാല് സിക്സും രണ്ട് ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിംഗ്സ്.

സൂര്യകുമാർ യാദവ് (18 പന്തിൽ 31), രോഹിത് ശർമ (19 പന്തിൽ 23) എന്നിവരും തിളങ്ങി. രോഹിതിനൊപ്പം ഓപണിംഗ് റോളിലെത്തിയ മലയാളി താരം സഞ്ജു സാംസണിന് താളം കണ്ടെത്താനായില്ല. ആറ് പന്തിൽ ഒരു റൺസ് മാത്രമെടുത്ത സഞ്ജുവിനെ ശരീഫുൾ ഇസ്്ലാം വിക്കറ്റിന് മുന്നിൽ കുടുക്കി. ശിവം ദുബെ 16 പന്തിൽ 14 റൺസെടുത്ത് മടങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് പത്ത് റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പിന്നീട് അവർക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞില്ല. 40 റൺസെടുത്ത മുഹമ്മദുല്ലയാണ് ടോപ് സ്‌കോറർ. ഇന്ത്യക്കായി അർഷ്്ദീപ് സിംഗ്, ശിവം ദുബെ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് ഒരു വിക്കറ്റ് വീതം ലഭിച്ചു.

ശ്രീലങ്കക്ക് ജയം
മറ്റൊരു സന്നാഹ മത്സരത്തിൽ ശ്രീലങ്ക 41 റൺസിന് അയർലാൻഡിനെ തോൽപ്പിച്ചു. ദസുൻ ശനകയുടെ ആൾറൗണ്ട് പ്രകടനമാണ് (23 റൺസ്, നാല് വിക്കറ്റ്) ശ്രീലങ്കക്ക് ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ എട്ട് വിക്കറ്റിന് 163 റൺസെടുത്തു. അയർലാൻഡ് 122 റൺസിന് പുറത്തായി.
3.2 ഓവറിൽ 23 റൺസ് വഴങ്ങിയാണ് ശനക നാല് വിക്കറ്റെടുത്തത്. മഹീഷ് തീക്ഷന, വനിന്ദു ഹസരംഗ രണ്ട് വിക്കറ്റ് വീതം നേടി. 26 റൺസെടുത്ത കർട്ടിസ് കാംഫറാണ് അയർലാൻഡിന്റെ ടോപ് സ്‌കോറർ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് വേണ്ടി എയ്ഞ്ചലോ മാത്യൂസ് (32), വനിന്ദു ഹസരംഗ (26) എന്നിവരും തിളങ്ങി.

ഇന്നാണ് തുടക്കം
ടി20 ലോകകപ്പിന് ഇന്ന് യു എസ്- കാനഡ മത്സരത്തോടെ തുടക്കമാകും. കാലത്ത് ആറ് മുതൽ ടെക്‌സസിലെ ഗ്രാൻഡ് പ്രയറി സ്റ്റേഡിയത്തിലാണ് മത്സരം. ബംഗ്ലാദേശിനെതിരായ പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് യു എസ്. ഇന്ന് രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസ് പാപുവ ന്യൂ ഗിനിയയെ നേരിടും. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് കളി. നാളെ കാലത്ത് ആറിന് നമീബിയ ഒമാനെ നേരിടും.

---- facebook comment plugin here -----

Latest