International
സിംബാബ്വെക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ
വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുത്ത സഞ്ജു ബാറ്റിംഗിനിറങ്ങി 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായി
ഹരാരെ | സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ഉജ്ജ്വല ജയം. സിംബാബ്വെ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിക്കറ്റിന് പിന്നില്‍ മൂന്ന് ക്യാച്ചുകളെടുത്ത സഞ്ജു ബാറ്റിംഗിനിറങ്ങി 38 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന് ടോപ് സ്‌കോററായി.
ഇന്ത്യയുടെ സ്‌കോര്‍ 161ല്‍ നില്‍ക്കെ, സിംബാബ്‌വെ ബൗളര്‍ ഇന്നസെന്റ് കയയുടെ പന്ത് സിക്‌സറടിച്ചാണ് സഞ്ജു ടീമിനെ വിജയതീരത്തെത്തിച്ചത്. ശാര്‍ദുല്‍ ഠാകുറിന്റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. 21 പന്തില്‍ 33 റണ്‍സുമായി ശിഖര്‍ ധവാനും 34 പന്തില്‍ 33 റണ്‍സുമായി സുഭ്മാന്‍ ഗില്ലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 38.1 ഓവറില്‍ 161 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു. സിംബാബ്‌വെ ബാറ്റിങ് നിരയില്‍ നാലുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 42 പന്തില്‍ 42 റണ്‍സെടുത്ത മധ്യനിര താരം സീന്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. 47 പന്തില്‍ 39 റണ്‍സുമായി റിയാന്‍ ബുള്‍ പുറത്താകാതെ നിന്നു. ഇന്നസെന്റ് കയ, സിക്കന്ദര്‍ റാസ എന്നിവര്‍ 16 റണ്‍സ് വീതം നേടി. ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.