articles
കപില്‍ സിബലിലൂടെ ഇന്ത്യ ജയിക്കുകയായിരുന്നു
ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ജുഡീഷ്യറി പരാജയപ്പെടുമ്പോള്‍ ആദ്യം ശബ്ദമുയര്‍ത്തേണ്ടതും തിരുത്തല്‍ ശക്തിയാകേണ്ടതും ബാറാണ്, അതായത് അഭിഭാഷക സമൂഹം. ബാറല്ല ബഞ്ചാണ് നീതിപീഠം എന്ന് നമുക്കെല്ലാം അറിയുമെങ്കിലും സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തിനായി പലതും ചെയ്യാനാകും കപില്‍ സിബലിനെന്ന് പ്രതീക്ഷിക്കാം.
കപില്‍ സിബല്‍ മുമ്പും സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റായിട്ടുണ്ടെങ്കിലും ഒരിടവേളക്ക് ശേഷം വീണ്ടും ആ പദവിയില്‍ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതിന് സവിശേഷ പ്രാധാന്യമുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു നേതാവിന് വേണ്ടി ദാഹിച്ചിരുന്നു പരമോന്നത നീതിപീഠത്തിലെ അഭിഭാഷക സമൂഹം പോയ വര്‍ഷങ്ങളില്‍ എന്നതിനാലാണ് സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്റെ തലപ്പത്ത് കപില്‍ സിബല്‍ ഒരിക്കല്‍ കൂടി എത്തുന്നത് ഒരു ചെറിയ കാര്യമല്ലാതാകുന്നത്. അദ്ദേഹത്തെ പോലൊരാള്‍ തന്നെ ആ പദവിയില്‍ വേണമെന്ന അഭിഭാഷക സമൂഹത്തിന്റെ തീര്‍ച്ച കൂടിയാണ് അദ്ദേഹം നേടിയ വലിയ ഭൂരിപക്ഷം.
വലിയ ഒരു ഇടവേളക്ക് ശേഷം ഇപ്പോള്‍ എന്തുകൊണ്ട് കപില്‍ സിബല്‍ എന്ന ചോദ്യത്തിന് ലളിതമായി ഉത്തരം ലഭിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ബാര്‍ അസ്സോസിയേഷന്റെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് അദീഷ് സി അഗര്‍വാലയോട് തുറന്ന കോടതിയില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി. “അഗര്‍വാല, ഒരു മുതിര്‍ന്ന അഭിഭാഷകന്‍ എന്നതിനപ്പുറം സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്റെ പ്രസിഡന്റാണ് നിങ്ങള്‍. സ്വമേധയാ നടപടി സ്വീകരിക്കാനുള്ള അധികാരം ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിങ്ങള്‍ എനിക്കൊരു കത്തെഴുതി. അതിനുള്ള ഒരവകാശവും നിങ്ങള്‍ക്കില്ല. അതൊക്കെ പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണ്. നാം അത് അനുവദിക്കില്ല. സൂക്ഷിക്കുക, അല്ലാത്തപക്ഷം കേള്‍ക്കാന്‍ ഇമ്പമില്ലാത്ത ചില കാര്യങ്ങള്‍ എനിക്ക് പറയേണ്ടി വരും’ എന്നായിരുന്നു മുഖ്യ ന്യായാധിപന്റെ നിശിത വിമര്‍ശം. രാജ്യത്തെ ഉന്നത ന്യായാസനത്തിലെ അഭിഭാഷക അസ്സോസിയേഷന്റെ അധ്യക്ഷനാണെന്ന് പോലും ഓര്‍ക്കാതെ ഭരണകൂട ദാസ്യപ്പണി നയമായി പ്രഖ്യാപിച്ച് സ്വയം തരംതാഴ്ന്ന ഒരു മുതിര്‍ന്ന അഭിഭാഷകന് നേരിടേണ്ടി വന്ന അപമാനമാണ് ചീഫ് ജസ്റ്റിസിന്റെ മേല്‍ചൊന്ന വാക്കുകള്‍. മുക്കാല്‍ നൂറ്റാണ്ടിനോടടുക്കുന്ന സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ബാര്‍ അസ്സോസിയേഷന്റെ ഒരു പ്രസിഡന്റിനും പരമോന്നത കോടതിയില്‍ നിന്ന് ഇത്രയേറെ കര്‍ക്കശ ശാസന നേരിടേണ്ടി വന്നിട്ടുണ്ടാകില്ല.
ഭരണകൂടത്തിന്റെയും അതിന്റെ പ്രത്യയശാസ്ത്ര വാഹകരുടെയും ഇംഗിതത്തിനൊത്ത് നീങ്ങിയ സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ് അദീഷ് അഗര്‍വാലയുടെ നടപടികളില്‍ പലതും ഏകപക്ഷീയമായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രവര്‍ത്തിച്ചതെല്ലാം ഭരണകൂട താത്പര്യം സംരക്ഷിക്കാനായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അഗര്‍വാല കത്തെഴുതിയത് ഞെട്ടിക്കുന്നതായിരുന്നു. നീതിന്യായ സംവിധാനത്തെയോ അഭിഭാഷക സമൂഹത്തെയോ ഏതെങ്കിലും തരത്തില്‍ ബാധിക്കാത്ത കര്‍ഷക സമരം അദ്ദേഹത്തിന് ഒരു വ്യവഹാര പ്രശ്‌നമായി മാറിയത് എങ്ങനെയാണ്.
ഡല്‍ഹി കേന്ദ്രീകരിച്ച് അരങ്ങേറിയ കര്‍ഷക സമരത്തെ അഭിമുഖീകരിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭരണഘടനാപരമായ സൂക്ഷ്മ നിലപാടില്‍ സമരത്തെ പിന്തുണക്കുന്ന സമീപനമായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. അതെന്തായാലും, സുപ്രീം കോടതി ബാര്‍ അസ്സോസിയേഷനിലെ മറ്റു ഭാരവാഹികളോട് ചര്‍ച്ച ചെയ്യാതെ ബാറിനെ മറയാക്കി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത് നീതീകരിക്കാനാകാത്തതാണ്.
സുപ്രീം കോടതിയില്‍ നിന്ന് സമീപകാലത്ത് കേന്ദ്ര സര്‍ക്കാറിനേറ്റ ഒരു വലിയ തിരിച്ചടിയായിരുന്നല്ലോ ഇലക്ടറല്‍ ബോണ്ട് വിധി. ആ വിധി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റിനും ദഹിച്ചില്ലെന്ന് വേണം മനസ്സിലാക്കാന്‍. വിധിയില്‍ അസ്വസ്ഥനായ അദീഷ് അഗര്‍വാല രാഷ്ട്രപതിക്ക് കത്തെഴുതി കാത്തിരിക്കുകയായിരുന്നു. ഇലക്ടറല്‍ ബോണ്ട് വിധി പുനഃപരിശോധിക്കണം എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നത് സംഭാവന നല്‍കുന്ന കോര്‍പറേറ്റുകളെ ബാധിക്കുമെന്ന വിഷമമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. രാഷ്ട്രപതിക്കെഴുതിയ കത്തിന് പുറമെ ഇലക്ടറല്‍ ബോണ്ട് വിധി സുപ്രീം കോടതി സ്വമേധയാ പുനഃപരിശോധന നടത്താനുള്ള ഇടപെടലുകള്‍ക്കും ശ്രമിച്ചത്രെ സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റ്.
ഇലക്ടറല്‍ ബോണ്ടില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി പ്രകടിപ്പിച്ച അദീഷ് അഗര്‍വാല സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്റെ തലപ്പത്ത് തുടരുന്നത് ഭരണഘടനാ മൂല്യങ്ങളുടെ ഗളഛേദത്തിന് വഴിയൊരുക്കുമെന്ന് കണ്ട അഭിഭാഷക സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് തിരഞ്ഞെടുപ്പില്‍ കപില്‍ സിബലിന് ലഭിച്ച വലിയ ഭൂരിപക്ഷം.
ഇത്തവണ സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പ് നടന്നത് അഭിഭാഷകരില്‍ ആഴത്തിലുള്ള ധ്രുവീകരണം സൃഷ്ടിക്കപ്പെട്ട ഒരു വേളയിലാണെന്നോര്‍ക്കണം. മതനിരപേക്ഷ ചേരിയെ പരാജയപ്പെടുത്തുക എന്ന് മറയില്ലാതെ പ്രചാരണം നടത്താന്‍ രംഗത്തിറങ്ങിയിരുന്നു ഒരു വിഭാഗം. സംഘ്പരിവാര്‍ പിന്തുണച്ചിരുന്ന രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയായിരുന്നു കാടിളക്കിയുള്ള ആ പ്രചാരണം. രാജ്യം നിര്‍ണായകമായ ഒരു പൊതുതിരഞ്ഞെടുപ്പിലൂടെ കടന്നു പോകുമ്പോള്‍ കപില്‍ സിബലിലൂടെ മതനിരപേക്ഷ ഇന്ത്യ ജയിക്കുകയായിരുന്നു ഒടുവില്‍.
രാജ്യത്തെ പ്രഗത്ഭ നിയമജ്ഞരില്‍ ഒരാളായ കപില്‍ സിബലിന് വ്യക്തിപരമായി ഇരട്ടി വിജയം നല്‍കുന്നതുമായിരുന്നു അത്. കേന്ദ്ര സര്‍ക്കാറിന്റെ സകല കള്ളങ്ങളും പൊളിച്ചടക്കി ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്ക് സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച് ഒരു നാള്‍ പിന്നിട്ടപ്പോഴാണ് ബാര്‍ അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പിലെ വിജയം. പ്രബീര്‍ പുരകായസ്തക്ക് വേണ്ടി ഹാജരായത് കപില്‍ സിബലായിരുന്നു.
രാജ്യത്തിന്റെ ഭരണഘടനയെ അസ്ഥിരപ്പെടുത്തുന്ന ഇടപെടലുകള്‍ക്ക് ഭരണകൂടം തന്നെ കാര്‍മികത്വം വഹിക്കുന്നതാണല്ലോ നാം കാണുന്നത്. ഭരണഘടനാസ്തിത്വമുള്ള സ്ഥാപനങ്ങളില്‍ പല്ലും നഖവും ബാക്കിയുള്ളത് ഏതിനാണെന്നാലോചിച്ചാല്‍ മുമ്പില്‍ കാണുന്നത് ശൂന്യത മാത്രം. നടപ്പു കാലത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കിയാല്‍ മാത്രം മതി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്റ്റാറ്റസ് അറിയാന്‍. ഭരണഘടന മാറ്റിയെഴുതാന്‍ വേണ്ട ഭൂരിപക്ഷം (അങ്ങനെയൊരു ഭൂരിപക്ഷമുണ്ടോ എന്നത് വേറെക്കാര്യം) തരൂ എന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ബി ജെ പി കേന്ദ്രങ്ങള്‍ പറഞ്ഞിരുന്നത്.
ഭരണഘടനക്ക് മേല്‍ കൂരിരുള്‍ പരക്കുന്ന കാലത്ത് അതിന്റെ രക്ഷാകര്‍തൃത്വം വഹിക്കുന്ന സുപ്രീം കോടതിയിലെ വലിയ പങ്ക് അഭിഭാഷകരും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുന്നുവെന്നത് ആഹ്ലാദകരമാണ്. കപില്‍ സിബലെന്ന അതികായന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയം കൂടിയാണ് സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ തിരഞ്ഞെടുപ്പിലേതെന്ന കാര്യം നിഷേധിക്കാനാകില്ല. നിയമ പാണ്ഡിത്യവും സൂക്ഷ്മ നിരീക്ഷണ പാടവവും പ്രൊഫഷനല്‍ മികവുമെല്ലാം അഭിഭാഷക സമൂഹത്തിനപ്പുറമുള്ള അദ്ദേഹത്തിന്റെ സ്വീകാര്യതക്കുള്ള കാരണമാണ്. നിയമവാഴ്ചയോടുള്ള പ്രതിബദ്ധതയും സര്‍വോപരി മതനിരപേക്ഷ കാഴ്ചപ്പാടും കപില്‍ സിബലിന് തിളക്കമുള്ള വിജയം നല്‍കുകയായിരുന്നു.
ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ ജുഡീഷ്യറി പരാജയപ്പെടുമ്പോള്‍ ആദ്യം ശബ്ദമുയര്‍ത്തേണ്ടതും തിരുത്തല്‍ ശക്തിയാകേണ്ടതും ബാറാണ്, അതായത് അഭിഭാഷക സമൂഹം. അവിടെ ഇത്തിക്കണ്ണികള്‍ അള്ളിപ്പിടിച്ചിരുന്നാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളാണ് സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ മുന്‍ പ്രസിഡന്റിന്റെ കാലത്ത് നാം കണ്ടത്. അഭിഭാഷക സമൂഹത്തെ പണവും അധികാരവും നല്‍കി വിലക്കെടുക്കാന്‍ ഭരണകൂടം സജീവമായി രംഗത്തുണ്ടായിരുന്നു. ജുഡീഷ്യറിയിലും അപഭ്രംശം പ്രകടമായിരുന്നു.
അങ്ങനെയിരിക്കെ സുപ്രീം കോടതിയില്‍ പ്രതീക്ഷക്ക് വകയില്ലെന്ന് വരെ ഒരുവേള പറഞ്ഞിരുന്നു കപില്‍ സിബല്‍. സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച ശേഷം അദ്ദേഹം പറഞ്ഞതും ബാറിനപ്പുറം രാജ്യത്തിനായി ചില കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നാണ്. ബാറല്ല ബഞ്ചാണ് നീതിപീഠം എന്ന് നമുക്കെല്ലാം അറിയുമെങ്കിലും സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തിനായി പലതും ചെയ്യാനാകും കപില്‍ സിബലിനെന്ന് പ്രതീക്ഷിക്കാം.